റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന താരങ്ങളിലൊരാളാണ് എബി ഡിവില്യേഴ്‌സ്. താരത്തിന് ഇന്ത്യയില്‍ ഒരുപാട് ആരാധകരുമുണ്ട്. അതുപോലെ തന്നെയാണ് താരത്തിന് ഇന്ത്യയോടുമുള്ള സ്‌നേഹം. പല അഭിമുഖങ്ങളിലും ഡിവില്യേഴ്‌സ് ഇന്ത്യയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ തനിക്ക് രണ്ടാമത്തെ വീടാണെന്ന് വരെ പോര്‍ട്ടീസ് താരം പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ ബെംഗളൂരുവിന്റെ മത്സരം ശേഷം ഇന്ത്യന്‍ ആരാധകരോടുള്ള തന്റെ സ്‌നേഹം ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കന്‍ താരം തെളിയിച്ചു. സുരക്ഷാ ഭിത്തികള്‍ കടന്ന് ഗ്യാലറിയിലെത്തി ആരാധകനെ കാണാനെത്തിയാണ് താരം കയ്യടി നേടിയത്.

ആരാധകനെ കണ്ടെന്നു മാത്രമല്ല, തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് ട്രോഫി ആരാധകന് കൈമാറുകയും ചെയ്തു എബി ഡിവില്യേഴ്‌സ്. ഹൈദരാബാദിന് എതിരായ മത്സരത്തിന് ശേഷമായിരുന്നു സംഭവം. പ്ലേ ഓഫ് മോഹങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ഏറെ നിര്‍ണ്ണായകമായിരുന്നു ആ വിജയം ബെംഗളൂരുവിന്.

ഡിവില്യേഴ്‌സിന്റെ ബാറ്റിംഗ് കരുത്തില്‍ ആര്‍സിബി നേടിയ സ്‌കോര്‍ 218 റണ്‍സായിരുന്നു. ഡിവില്യേഴ്‌സും മോയിന്‍ അലിയും നേടിയ അര്‍ധ സെഞ്ച്വറികളാണ് ടീമിന് മുതല്‍ക്കൂട്ടായത്. 39 പന്തില്‍ നിന്നും 69 റണ്‍സുമായി കളിയിലെ താരമായി ഡിവില്യേഴ്‌സ് മാറി. തനിക്ക് കിട്ടിയ പുരസ്‌കാരം ഗ്യാലറിയിലെത്തി ആരാധകന് കൈമാറിയാണ് താരം ആഘോഷിച്ചത്.

അതേസമയം, ഇന്ന് രാജസ്ഥാനെ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 164 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ