ബാറ്റ് കൈയ്യിലെടുത്ത് ക്രീസിലിറങ്ങിയാൽ പിന്നെ മുന്നോട്ടും പിന്നോട്ടും നോക്കാതെ അടിച്ചു തകർക്കുകയെന്നതാണ് ട്വന്റി 20 മത്സരങ്ങളുടെ പൊതുവേയുളള ഒരു സ്വഭാവം. അതിനാൽ ബോളർമാരുടെ പേടി സ്വപ്‌നമാണ് മിക്ക ബാറ്റ്സ്‌മാൻമാരും. റൺസുകളുടെ പ്രവാഹമാണ് ഐപിഎല്ലിന്റെ പ്രത്യേകത. ഒരു ഓവറിൽ 25 റൺസ് വരെയൊക്കെ സ്കോർ ചെയ്‌തിട്ടുളള മത്സരങ്ങൾക്ക് കഴിഞ്ഞ ഒമ്പത് സീസണുകൾ സാക്ഷിയായിട്ടുണ്ട്. പലരും ബാറ്റെടുത്താൽ അങ്കക്കലിയിലാണ്, കണ്ണും പൂട്ടിയങ്ങ് റൺസടിച്ചു കളയും.

ഏപ്രിൽ അഞ്ചിന് വീണ്ടും ഒരു ഐപിഎൽ സീസണിന് കൂടി തുടക്കം കുറിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നതും പിറക്കാൻ പോകുന്ന വേഗമേറിയ സെഞ്ചുറികളായിരിക്കും. കഴിഞ്ഞ ഒമ്പത് സീസണുകളിൽ ഏറ്റവും വേഗത്തിൽ 100 തികച്ച ബാറ്റ്സ്‌മാൻൻമാർ ആരെല്ലാമാണെന്നറിയാമോ?ഏറ്റവും കുറവ് ബോളുകളുടെ അകമ്പടിയോടെ 100 തികച്ച കുറച്ച് ബാറ്റ്‌സ്‌മാൻമാർ.

ക്രിസ് ഗെയ്ൽ
വമ്പൻ അടികൾക്ക് പേരുകേട്ട കളിക്കാരനാണ് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ. ഏറ്റവും വേഗത്തിൽ ഐപിഎല്ലിൽ സെഞ്ചുറി നേടിയെന്ന റെക്കോർഡിന്റെ ഉടമയും ഗെയ്‌ലാണ്. 30 പന്തിലാണ് ഗെയ്ൽ 100 തികച്ചത്. 2013 ലെ ഐപിഎല്ലിലെ പുണെ വാരിയേഴ്‌സിനെതിരെയുളള മത്സരമാണ് ഈ പ്രകടനത്തിന് വേദിയായത്. ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്‌സിന്റെ താരമായിരുന്ന ഗെയ്ൽ അന്ന് ആകെ നേടിയത് 66 ബോളിൽ 175 റൺസാണ്. ഗെയ്ൽ കൊടുങ്കാറ്റ് ആഞ്ഞ് വീശിയ മത്സരത്തിനായിരുന്നു അന്ന് കാണികൾ സാക്ഷിയായത്.

chris gayle

യൂസഫ് പഠാൻ
ബാറ്റ് കൊണ്ടും ബോളു കൊണ്ടും മാന്ത്രികം കാട്ടുന്ന കളിക്കാരനാണ് യൂസഫ് പഠാൻ. 2010ലെ ഐപിഎൽ മത്സരത്തിലാണ് യൂസഫ് പഠാനിലെ ആക്രമണകാരിയായ ബാറ്റ്സ്‌മാനെ ക്രിക്കറ്റ് ലോകം കണ്ടത്. രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് മത്സരമാണ് യൂസഫ് പഠാന്റെ മാസ്‌മരിക പ്രകടനത്തിന് വേദിയായത്. വെറും 37 ബോളിലാണ് അന്ന് യൂസഫ് പഠാൻ ശതകം പൂർത്തിയാക്കിയത്. എട്ട് സിക്‌സുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു യൂസഫ് പഠാന്റെ ഇന്നിങ്സ്.

yusuf pathan

ഡേവിഡ് മില്ലർ
അതിവേഗത്തിൽ ശതകം തികച്ച മറ്റൊരു ബാറ്റ്സ്‌മാൻ ഡേവിഡ് മില്ലറായിരുന്നു. 2013ലെ ഐപിഎല്ലാണ് ഈ പ്രകടനത്തിന് വേദിയായത്. കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി 38 പന്തിലാണ് മില്ലർ ഈ നേട്ടം സ്വന്തമാക്കിയത്. ഏഴ് സിക്‌സും എട്ട് ഫോറുമുൾപ്പടെ 101 റൺസാണ് അന്ന് മില്ലർ നേടിയത്. ബാംഗ്ളൂരിനെതിരെ വിക്കറ്റുകൾ നഷ്‌ടപ്പെട്ട് തോൽവിയിലേക്ക് നീങ്ങവെയാണ് പഞ്ചാബിന് വേണ്ടി മില്ലർ അത്യുഗ്രൻ പ്രകടനം കാഴ്‌ച വെച്ചത്.

david miller

ആദം ഗിൽക്രിസ്റ്റ്
ഓസ്ട്രേലിയയുടെ മികച്ച ബാറ്റ്സ്‌മാനും വിക്കറ്റ് കീപ്പറുമായ ആദം ഗിൽക്രിസ്റ്റാണ് അതിവേഗത്തിൽ സെഞ്ചുറി നേടി റെക്കോർഡിട്ട ഒരു താരം. 42 ബോളിലാണ് ഗിൽക്രിസ്റ്റ് സെഞ്ചുറി തികച്ചത്. 2008ലെ ഐപിഎല്ലാണ് ഗില്ലിയുടെ പ്രകടനത്തിന് സാക്ഷിയായത്. ഡെക്കാൺ ചാർജേഴ്‌സിന്റെ താരമായിരുന്നു ഗില്ലി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു ഈ അതിവേഗ സെഞ്ചുറി. പത്ത് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെട്ട ഇന്നിങ്സിൽ 47 പന്തിൽ 109 റൺസാണ് ഗില്ലി നേടിയത്.

adam gilchrist

എ.ബി ഡിവില്ലിയേഴ്‌‌സ്
കഴിഞ്ഞ സീസണാണ് ഡിവില്ലിയേഴ്‌സിന്റെ അതിവേഗ സെഞ്ചുറിക്ക് സാക്ഷിയായത്. 43 പന്തിലാണ് അദ്ദേഹം 100 തികച്ചത്. ഗുജറാത്ത് ലയൺസിനെതിരെയായിരുന്നു ബാംഗ്ളൂർ റോയൽസ് താരമായ ഡിവില്ലിയേ‌ഴ്സിന്റെ ഈ മികച്ച പ്രകടനം.

abdivlilliers

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ