ഐപിഎല്ലിൽ കൊൽക്കത്തയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതിനുപിന്നാലെ മറുപടിയുമായി ബാംഗ്ലൂരിന്റെ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി. ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ ഏറ്റവും മോശം പ്രകടനമാണെന്ന് കോഹ്‌ലി പറഞ്ഞു. മത്സരശേഷമാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.

” ഐപിഎല്ലിലെ തന്നെ ഞങ്ങളുടെ ഏറ്റവും മോശം പ്രകടനമാണിത്. കൊൽക്കത്തക്കെതിരെ സ്കോർ പിന്തുടർന്ന് ജയിക്കാമെന്നാണ് കരുതിയിരുന്നത്. പ്രൊഫഷണൽ ക്രിക്കറ്റർമാർ എന്ന നിലയിൽ ഞങ്ങളിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഈ പ്രകടനം അംഗീകരിക്കാൻ കഴിയില്ല “.

കൊൽക്കത്ത ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ളൂർ 9.3 ഓവറിൽ 49 റൺസിന് എല്ലാവരും പുറത്തായിരുന്നു. ബാംഗ്ളൂരിന്റെ ഒരു ബാറ്റ്‌സ്‌മാൻ പോലും മത്സരത്തിൽ രണ്ടക്കം കടന്നില്ലയെന്നതും ശ്രദ്ധേയമാണ്. ഒമ്പത് റൺസ് നേടിയ കേദാർ ജാദവാണ് ബാംഗ്ളൂരിന്റെ ടോപ്‌ സ്കോറർ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ റൺസിനാണ് ബാംഗ്ളൂർ പുറത്തായത്.

റണ്ണൊന്നും എടുക്കാതെയാണ് കോഹ്‌ലി പുറത്തായത്. വളരെ അക്ഷമനും രോഷാകുലനുമായാണ് കോഹ്‌ലി കളിക്കളം വിട്ടത്. ഇതിനെ കുറിച്ചും കോഹ്‌ലി പ്രതികരിച്ചു.

”സൈറ്റ് സ്‌ക്രീൻ വളരെ കുറവായിരുന്നു. ബോളർ ഓടുന്ന സമയത്ത് ഒരാൾ അവിടെ എഴുന്നേറ്റ് നിന്നു, അതെന്റെ ശ്രദ്ധ മാറ്റി. അത് അത്ര വലിയ കാര്യമൊന്നുമല്ലായിരുന്നു. ഒരു വിക്കറ്റ് മാത്രമേ അങ്ങനെ പോയുളളൂ. ബാക്കിയുളള ഒമ്പത് പേർക്കും നന്നായി ജോലി ചെയ്യാമായിരുന്നെന്നും” കോഹ്‌ലി പറഞ്ഞു. രണ്ടാം ഭാഗം വിലയിരുത്തുന്നതിൽ വലിയ കാര്യമില്ലെന്നും ഈ പ്രകടനം മറന്ന് മുന്നോട്ട് പോവണ്ടതുണ്ടെന്നും വളരെ മികച്ച ടീമാണ് ഞങ്ങളുടേതെന്നും കോഹ്‌ലി കൂട്ടിചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ