ചാംപ്യൻസ് ട്രോഫി മൽസരത്തിനായുളള ഇന്ത്യൻ ടീമിൽനിന്നും തന്നെ ഒഴിവാക്കിയതിൽ സുരേഷ് റെയ്നയ്ക്ക് കടുത്ത അതൃപ്തി. ”ഞാനെന്താണ് ഇപ്പോൾ പറയുക? ഇതു തീർത്തും നിരാശാജനകവും വേദനിപ്പിക്കുന്നതുമാണ്. ഐപിഎൽ സീസണിൽ മികച്ച പ്രകടനമാണ് ഇത്തവണ ഞാൻ നടത്തിയത്. ഇതിലൂടെ ഇന്ത്യൻ ടീമിലേക്ക് എന്നെ തിരിച്ചുവിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇന്ത്യൻ ടീമിലേക്ക് ഒരു ദിവസം തിരിച്ചു വരാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും” സുരേഷ് റെയ്ന ഹിന്ദുസ്ഥാൻ ടൈംംസിനോട് പറഞ്ഞു.

”ഐപിഎല്ലിൽ ശേഷിക്കുന്ന മാച്ചുകളിലാണ് ഇപ്പോൾ ഞാൻ ശ്രദ്ധ വയ്ക്കുന്നത്. ടീമിന്റെ വിജയത്തിന് എന്നെക്കൊണ്ട് കഴിയാവുന്ന റൺസ് നേടാൻ ശ്രമിക്കുമന്നും” റെയ്ന പറഞ്ഞു. ഗുജറാത്ത് ലയൺസിന്റെ ക്യാപ്റ്റനാണ് റെയ്ന. 12 ഇന്നിങ്സുകളിൽനിന്നായി 434 റൺസ് റെയ്ന നേടിയിരുന്നു.

റിഷഭ് പന്ത്, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം സുരേഷ് റെയ്നയുടെ പേരും ചാംപ്യൻസ് ട്രോഫിക്കായുളള ഇന്ത്യൻ പട്ടികയിൽ ഉയർന്നുകേട്ടിരുന്നു. വിരാട് കോഹ്‌ലിയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

ചാംപ്യൻ ട്രോഫിക്കായുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡ്യേ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ