ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഐപിഎല്ലിലെ സെഞ്ചുറി പ്രകടനമെന്ന് മലയാളി താരം സഞ്ജു സാംസൺ. ” ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സാണ്. ഐപിഎല്ലിൽ ഇത് സംഭവിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ ടൂർണമെന്റിൽ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്. എന്റെ ടീമിന്റെ വിജയത്തിനായി ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്‌ചവയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു”- സഞ്ജു ഐപിഎൽ ടി ട്വിന്റി 20.കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്നലെ പുണെയ്ക്കെതിരെ നടന്ന മത്സരത്തിൽ ഡൽഹി താരമായ സഞ്ജു സെഞ്ചുറി നേടിയിരുന്നു. 63 പന്തിൽ 102 റൺസാണ് സഞ്ജു നേടിയത്.

ഐപിഎല്ലിലെ കന്നി സെഞ്ചുറി പ്രകടനത്തിന് സ്വന്തം ടീമംഗങ്ങൾക്കും കോച്ചിനും നന്ദി പറയാനും സഞ്ജു മറന്നില്ല. ”കഴിഞ്ഞ വർഷം മോശം സമയമായിരുന്നു. എന്നാൽ കോച്ച് രാഹുൽ ദ്രാവിഡും മറ്റും പ്രകടനം മികച്ചതാക്കാൻ ഒരുപാട് സഹായിച്ചു. ഇപ്പോൾ നന്നായി കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. പതിനേഴ് വയസ് മുതൽ രാഹുൽ ദ്രാവിഡിന്റെ കീഴിലാണ് കളിക്കാൻ ആരംഭിച്ചത്. അതൊരു ഭാഗ്യമാണ്. നായകനായിരുന്നപ്പോൾ അദ്ദേഹം വളരെ ആക്രമോത്സുകത പ്രകടിപ്പിച്ചിരുന്നു, എന്നാൽ പരിശീലകനായപ്പോൾ കൂടുതൽ ശാന്തനായാണ് തോന്നിയിട്ടുളളതെന്നും” സഞ്ജു പറഞ്ഞു.

എട്ട് ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവിന്റെ കന്നി ഐപിഎൽ സെഞ്ചുറിയാണിത്. പുണെയ്ക്കെതിരെ 97 റൺസിന്റെ തകർപ്പൻ വിജയമാണ് ഡൽഹി നേടിയത്. ഐപിഎൽ പത്താം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു നേടിയത്. ഐപിഎല്ലിൽ സഞ്ജുവിന്റെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.

ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 115 റൺസുമായി സീസണിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ സഞ്ജു രണ്ടാമതെത്തി. കൊൽക്കത്തയുടെ ക്രിസ് ലിനാണ് ഈ പട്ടികയിൽ ഒന്നാമത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ