റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ. ഐപിഎല്ലിലെ കോഹ്‌ലിയുടെ മോശം പ്രകടനത്തിൽ നിരാശനാണ് ഗവാസ്കർ. ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ്.

”കോഹ്‌ലി ആദ്യം ചെയ്യേണ്ടത് കണ്ണാടിക്കു മുന്നിൽ പോയി നിന്ന് സ്വയം ഒന്നു നോക്കുകയാണ്. ഈഡൻ ഗാർഡൻസിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മൽസരത്തിലെ കോഹ്‌ലിയുടേത് മോശം പ്രകടനമായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയ്ക്ക് കോഹ്‌ലി ഫീൽഡിൽ പിടിച്ചുനിൽക്കണമായിരുന്നു. കോഹ്‌ലി അത്ര നല്ല ഫോമിലായിരുന്നില്ല. കോഹ്‌ലിയുടെ ഷോട്ടുകളൊന്നും ശരിയായ രീതിയിലായിരുന്നില്ല” ഗവാസ്കർ പറഞ്ഞു.

വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും മണ്ടീപ് സിങ്ങും ഉൾപ്പെടെയുളള വ സിക്സറുകൾക്കായാണ് ശ്രമിച്ചത്. ശരിയായ രീതിയിൽ കളിക്കാതെ ഗ്ലാമ ഷോട്ടുകൾ പായിക്കാനാണ് കോഹ്‌ലിയുടെ ടീമംഗങ്ങൾ നോക്കിയത്. സിക്സറിനു പകരം ബൗണ്ടറി നേടുകയാണ് വേണ്ടത്. ഫോറും സിക്സും തമ്മിൽ രണ്ടു റൺസിന്റെ വ്യത്യാസമേ ഉളളൂ. കോഹ്‌ലി സിക്സ് നേടാനാണ് ശ്രമിച്ചത്. പക്ഷേ അതിന്റെ റിസ്ക് 100 ശതമാനമായിരുന്നുവെന്നും ഗവാസ്കർ പറഞ്ഞു.

ഇന്നലെ നടന്ന കിങ്സ് ഇലവൻ പഞ്ചാബുമായുളള മൽസരത്തിൽ ബാംഗ്ലൂർ തോറ്റിരുന്നു. 138 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 119 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ക്രിസ് ‌‌ഗെയ്ൽ പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്‌ലി ആറും എ.ബി ഡിവില്ലിയേഴ്സ് 10 റൺസുമാണ് എടുത്തത്. മൽസരശേഷം നടന്ന അഭിമുഖത്തിലാണ് ഗവാസ്കർ കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ