ബംഗളുരു: ഐപിഎല്‍ പത്താം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരേ മുംബൈ ഇന്ത്യന്‍സിന് വിജയം. ബംഗളൂരു ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഏഴ് ബോളുകള്‍ ശേഷിക്കേ മുംബൈ മറികടന്നു. ആറുവിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.

താരത്യമേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് തുടക്കത്തിലേ അടിതെറ്റി. സാമുവല്‍ ബദ്രിയുടെ ഹാട്രിക്ക് കഴിഞ്ഞപ്പോള്‍ മുംബൈയുടെ സ്‌കോര്‍ ഏഴ് റണ്‍സിന് നാല് വിക്കറ്റ്. പിന്നീട് അഞ്ച് വിക്കറ്റിന് 33 റണ്‍സെന്ന നിലയിലായിരുന്ന മുംബൈയെ കിറോണ്‍ പൊള്ളാര്‍ഡാണ് കരകയറ്റിയത്. 47 പന്തില്‍ 70 റണ്‍സ് അടിച്ചുകൂട്ടിയ പൊള്ളാര്‍ഡ് വന്‍മതിലായി നിലകൊണ്ടു. ക്രുണാല്‍ പാണ്ഡേ 30 പന്തില്‍ 37 റണ്‍സുമായി ഔട്ടാകാതെ പൊള്ളാര്‍ഡിന് പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. 2017ലെ ആദ്യ ഐപിഎല്ലിന് ഇറങ്ങിയ കോഹ്ലിയുടെ മികവിലാണ് ബാംഗ്ലൂര്‍ 142 റണ്‍സെടുത്തത്. കോഹ്ലി 47 പന്തില്‍ 62 റണ്‍സെടുത്തു. ക്രിസ് ഗെയിലിനെ 22 റണ്‍സില്‍ തളയ്ക്കാനായത് മുംബൈയ്ക്ക് തുണയായി. പിന്നീട് 19 റണ്‍സെടുത്ത് എബി ഡിവില്ലിയേഴ്സും 13 റണ്‍സെടുത്ത പവന്‍ നേഗിയും മാത്രമാണ് രണ്ടക്കം കടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ