ഐപിഎല്ലിൽ എന്നെന്നും ഓർത്തു വയ്ക്കാവുന്ന മത്സരമായിരുന്നു ഡല്‍ഹി ഡയര്‍ ഡെവിള്‍സും ഗുജറാത്ത് ലയൺസും തമ്മിൽ നടന്നത്. മികച്ച പ്രകടനവുമായി ഋഷഭ് പന്തും സഞ്ജു വി.സാംസണും കളം നിറഞ്ഞപ്പോൾ ഡൽഹി വിജയം കണ്ടു. ഇരുവരുടെയും അർധ സെഞ്ചുറികളാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്. ഗുജറാത്ത് ലയണ്‍സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി മുട്ടുകുത്തിച്ചത്. ഇരുവരെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ടീമിന്റെ കോച്ചായ രാഹുൽ ദ്രാവിഡ്.

സഞ്ജുവും ഋഷഭും ഞാൻ ബാറ്റ് ചെയ്യുന്ന വിഡിയോ കാണാതിരുന്നത് എനിക്ക് സന്തോഷം പകരുന്നതാണെന്ന് രാഹുൽ ദ്രാവിഡ്. “ഞാൻ ബാറ്റ് ചെയ്യുന്ന ഒരുപാട് വിഡിയോ നിങ്ങൾ കാണാതിരുന്നത് എനിക്ക് സന്തോഷമായി. പ്രത്യേകിച്ച് 20 ഓവറിൽ 208 റൺസ് വേണ്ട സമയത്ത്. രണ്ട് പേരും നന്നായി ചെയ്‌തു. മികച്ച ഇന്നിങ്ങ്സായിരുന്നു ” രാഹുൽ ദ്രാവിഡ് മത്സര ശേഷം ഐപിഎൽ ടി20 ഡോട് കോമിൽ പറഞ്ഞു.

ഋഷഭിന്റെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ”ഋഷഭിന്റെ ബാറ്റിങ്ങിൽ ഞാൻ സന്തുഷ്‌ടവാനാണ്. സെഞ്ചുറി അടിക്കുന്നതിനെ പറ്റി ആകുലതകളൊന്നുമില്ലാതെയാണ് ഋഷഭ് ബാറ്റ് ചെയ്തത്. ടീമിനെ വിജയിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. എന്നാൽ അടുത്ത മത്സരത്തിൽ പുറത്താവാതെ ഋഷഭ് മികച്ച റൺസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും” അദ്ദേംഹം കൂട്ടിച്ചേർത്തു.

ഋഷഭ് പന്തിന്റെയും സഞ്ജു വി.സാംസണിന്റെയും അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഋഷഭ് 43 പന്തിൽനിന്നായാണ് 97 റണ്‍സ് അടിച്ചുകൂട്ടിയത്. 31 പന്തില്‍ നിന്ന് 61 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ