കൊച്ചി: അവസാന ഓവറുകളിൽ, ടീമിനെ വിജയത്തിലെത്തിക്കാൻ കഴിവുള്ള മൂർച്ചയേറിയ ആയുധമാണ്, ക്രിക്കറ്റ് ലോകത്ത് തങ്കരശു നടരാജൻ എന്ന ടി.നടരാജൻ. കിംഗ്സ് ഇലവൻ പഞ്ചാബ്, മൂന്ന് കോടി രൂപകയ്‌ക്കാണ് ഈ യോർക്കർ രാജകുമാരനെ സ്വന്തമാക്കിയത്.

ഒരു ചായക്കട ഉടമയുടെ മകൻ, ഇന്ത്യൻ ക്ലബ് ക്രിക്കറ്റിന്റെ മുഖ്യ ആകർഷണമാകുന്നത് 2017ലെ ഐ.പി.എൽ താരലേലത്തിലാണ്. ഏറ്റവും ഉയർന്ന തുക പ്രതിഫലം ലഭിച്ച ഇത്തവണത്തെ രണ്ടാമത്തെ ഇന്ത്യക്കാരനായ താരമെന്ന ഖ്യാതിയാണ് താരത്തിനുള്ളത്. “ഇതൊരു സ്വപ്നനിമിഷമാണ്. ക്രിക്കറ്റിൽ നിന്ന് യാതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോയെന്ന് ഞാൻ സംശയിക്കുന്നു” ഇന്ത്യൻ എക്സ്‌പ്രസിനോട് താരം പ്രതികരിച്ചതിങ്ങനെ.

ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് പരിചയിച്ച് മുൻനിര പേസർമാരെ അടക്കം ടീമുകൾ വേണ്ടെന്ന് വച്ചപ്പോഴാണ്, 25 കാരനായ ഈ ദക്ഷിണേന്ത്യൻ പേസറെ ഭാഗ്യം തുണച്ചത്. മരണ ഓവറുകളിൽ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ കൃത്യതയോടെ പന്തെറിയാനുള്ള ശേഷി ഈ താരത്തെ വ്യത്യസ്തനാക്കുന്നു. എന്നാൽ കളിക്കളത്തിന് പുറത്ത്, ഈ താരത്തിന്റെ കുടുംബ കാഴ്ചകൾ താരത്തിന്റെ നേട്ടത്തിന്റെ പകിട്ട് വർദ്ധിപ്പിക്കുന്നു. സേലത്ത് നിന്നും 40 കിലോമീറ്റർ മാറി ചിന്നപ്പംപട്ടി ഗ്രാമത്തിൽ ഒരു കുഞ്ഞ് ചായക്കട നടത്തുകയാണ് നടരാജന്റെ അമ്മ. അച്ഛൻ ഒരു നെയ്‌ത്തുശാലയിലെ ദിവസ വേതന തൊഴിലാളിയും. നടരാജൻ മൈതാനത്ത് പ്രമുഖ താരങ്ങളുടെ അടക്കം വിക്കറ്റുകൾ വീഴ്ത്തുന്പോഴും ഈ മാതാപിതാക്കൾ തങ്ങളുടെ ദിനചര്യയിൽ നിന്ന് തെല്ലും അകന്നുമാറിയില്ല.

എന്നാൽ ഇതിനും അപ്പുറമാണ് നടരാജൻ. രഞ്ജി കളിയില്ലാത്ത സമയത്തും, സ്വന്തം ക്ലബിന് മത്സരങ്ങളില്ലാത്ത സമയത്തും അയാൾ ആ ചായക്കടയിലെ തൊഴിലാളിയാണ്. അതിരാവിലെ ഉറക്കമുണർന്ന് പത്രവിതരണത്തിനും പാൽ വിതരണത്തിനും പോകാറുണ്ടയാൾ. കളി അയാളുടെ പ്രഥമ പരിഗണനാ വിഷയമല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നാട്ടിൻപുറത്തെ തിയേറ്ററിൽ വിജയ് സിനിമ ആദ്യ ദിവസം ആദ്യത്തെ ഷോ കാണുകയെന്നതാണ് നടരാജനെന്ന ഇന്ത്യ ഉറ്റുനോക്കുന്ന താരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദം.

പ്രാദേശിക ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ നിന്നുള്ള അവിസ്മരണീയ വളർച്ചയാണ് നടരാജന്റേത്. അവിടെ എല്ലാവരും ബാറ്റ് ചെയ്യാൻ താത്പര്യപ്പെട്ടപ്പോൾ അധികം മത്സരമില്ലാത്ത ബൗളിംഗിലേക്കാണ് അയാൾ പോയത്. പരമാവധി വേഗത്തിൽ പന്തെറിയുന്നതിനൊപ്പം യോർക്കറുകളിലൂടെ വിക്കറ്റുകൾ വീഴ്‌ത്താനായിരുന്നു ശ്രമം.

തമിഴ്നാട്ടിലെ മുൻ നാലാം ഡിവിഷൻ ക്രിക്കറ്റ് കളിക്കാരനായ എ.ജയപ്രകാശാണ് ഈ താരത്തെ വളർത്തിക്കൊണ്ടുവന്നത്. ലെതർ പന്ത് സമ്മാനിച്ച്, അതുകൊണ്ട് പന്തെറിയാൻ നടരാജനെ നിർദ്ദേശിച്ചത് ജയപ്രകാശാണ്. “ക്രിക്കറ്റ് എന്റെ സ്വപ്നമല്ല, എനിക്ക് ഇതുകൊണ്ട് ഒരുപകാരവുമില്ലെ”ന്ന് നടരാജൻ പറഞ്ഞപ്പോൾ, “ഭാവിയിലെ താരമാണ് നീയെ”ന്ന് ജയപ്രകാശ് ഉറപ്പിച്ച് പറഞ്ഞു.

അന്ന് 19 വയസ്സായിരുന്നു നടരാജന്റെ പ്രായം. ഒരു വർഷം പിന്നിട്ടപ്പോൾ ഒരു ജോഡി ഷൂസും, ചെന്നൈയിലേക്ക് ഒരു ട്രെയിൻ ടിക്കറ്റും, അവിടെ ബന്ധപ്പെടാൻ ഒരു സുഹൃത്തിന്റെ മൊബൈൽ നന്പറും നൽകി ജയപ്രകാശ് തന്നെ നടരാജന്റെ ജീവിത ദിശ തിരിച്ചുവിട്ടു.

രണ്ട് വർഷം പിന്നിട്ടപ്പോൾ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ലീഗിലെ പ്രധാന ടീമായ ജോളി റോവേഴ്സിലായിരുന്നു അയാളുടെ സ്ഥാനം. മുരളി വിജയ്, രവിചന്ദ്ര അശ്വിൻ എന്നീ താരങ്ങളെ ടീം ഇന്ത്യയിലേക്ക് വളർത്തി വിട്ട, അതേ ജോളി റോവേഴ്സ്. മൂർച്ചയേറിയ ആ പന്തുകൾ വിക്കറ്റുകൾ കൊയ്‌തപ്പോൾ തമിഴ്നാട് രഞ്ജി ടീമിലും ഇടം.

2015 ലായിരുന്നു നടരാജൻ സംസ്ഥാന ടീമിനായി അരങ്ങേറിയത്. ജനവരി അഞ്ചിന് ഈഡൻ ഗാർഡനിൽ വെസ്റ്റ് ബെംഗാളിനെതിരെ അരങ്ങേറ്റം. മൂന്ന് വിക്കറ്റ് നേട്ടവുമായി ആദ്യ മത്സരത്തിൽ തന്നെ തിളങ്ങിയ താരത്തെ ദൗർഭാഗ്യം പിടികൂടിയത് സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരിലാണ്.

ക്രിക്കറ്റ് ജീവിതത്തിന് അവസാനം കുറിച്ച് മടങ്ങാനുള്ള തീരുമാനത്തെ എതിർത്തത് ജോളി റോവേഴ്സ് താരങ്ങളും കോച്ച് ഭരത് റെഡ്ഡിയുമാണ്. ഒരു വർഷം സൈഡ് ബെഞ്ചിലിരുന്ന നടരാജന്റെ മടങ്ങിവരവ്, തമിഴ്നാട് പ്രീമിയർ ലീഗിൽ ദിണ്ടിഗൽ ഡ്രാഗൺസിന്റെ ജേഴ്സിയിലായിരുന്നു. പേസിന്റെ വേഗത കുറച്ച്, ബൗളിംഗ് ആക്ഷനിൽ ഇതിനോടകം തന്നെ മാറ്റം വരുത്തിയ താരം യോർക്കറുകളിൽ കളിയുടെ ദിശ മാറ്റി. മരണ ഓവറുകളിൽ ടീമിനെ വിജയ തീരത്ത് എത്തിച്ചു. 2016-17 സീസണിൽ തമിഴ്നാട് രഞ്ജി ടീമിൽ മടങ്ങിയെത്തിയപ്പോൾ ഈ പേരും പെരുമയും വളരുകയായിരുന്നു. വെറും ഒൻപത് കളികളിൽ നിന്ന് 27 വിക്കറ്റുകളാണ് തമിഴ്നാട് ടീമിന് വേണ്ടി അയാൾ നേടിയത്.

ഒരിക്കലും ക്രിക്കറ്റ് ലോകത്ത് വളർച്ചയാഗ്രഹിക്കാതിരുന്ന താരം. അയാളുടെ വേഗതയും കൃത്യതയും വിശ്വസിച്ചവരുടെ നിർബന്ധത്തിന് വഴങ്ങി പന്തെറിഞ്ഞ താരം. അർഹതയുടെ അംഗീകാരം മൂന്ന് കോടിയുടെ വലിപ്പത്തിൽ അയാളെ തേടിയെത്തുന്പോൾ ചിന്നപ്പംപട്ടിയിലെ നാട്ടുമൈതാനത്ത് തന്നെയായിരുന്നു അയാൾ. ജയപ്രകാശിനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച്, കുടുംബത്തെ കുറിച്ച് പുതിയ സ്വപ്‌നങ്ങൾ അയാൾ പങ്കുവച്ചു. “ഇനി എന്റെ അച്ഛൻ നെയ്‌ത്തുശാലയിൽ പോകണ്ട. അമ്മയ്‌ക്ക് ചായക്കട നടത്തണ്ട. എന്റെ നാല് അനുജന്മാർക്കും മികച്ച സ്കൂളുകളിൽ പഠിക്കാം.” ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാനാണ് ചിന്നപ്പംപട്ടിയുടെ കാത്തിരിപ്പ്. നടരാജൻ നീല ജേഴ്സിയിൽ ടീം ഇന്ത്യയ്‌ക്കായി കളിക്കുമെന്ന വിശ്വാസമാണ് ഈ നാട്ടുകാർക്ക് ഇപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ