ക്രിക്കറ്റ് ലോകത്തെ പുതുതലമുറക്കാരായ അഫ്ഗാനിസ്ഥാൻ ടീമിന് ലഭിച്ച വലിയ അംഗീകാരമാണ് ഇത്. കുട്ടിക്രിക്കറ്റിലെ പ്രസിദ്ധ ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിൽ സാന്നിധ്യമറിയിക്കാൻ രണ്ട് അഫ്ഗാൻ താരങ്ങളും ഉണ്ടാകും. 18 വയസ്സുകാരനായ റാഷിദ് ഖാനും, 31 വയസ്സുകാരനായ മുഹമ്മദ് നബിയുമാണ് ഐപിഎല്ലിൽ തങ്ങളുടെ മികവറിയിക്കാൻ എത്തുന്നത്. നിലവിലെ ചാംപ്യന്മാരായ സൺ റൈസേഴ്സ് ഹൈദ്രാബാദാണ് ഇരുവരെയും സ്വന്തമാക്കിയിരിക്കുന്നത്.
ചില്ലറക്കാരല്ല ഈ താരങ്ങൾ. ട്വന്റി-20 യിൽ ബോളർമാരുടെ റാങ്കിങ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരനാണ് റാഷിദ് ഖാൻ. റൺ വഴങ്ങുന്നതിൽ ധാരാളിയായ റാഷിദ് ഖാൻ വിക്കറ്റുകൾ വീഴ്ത്തുന്നതിലും മിടുക്കനാണ്. വാശിയേറിയ ലേലത്തിനൊടുവിൽ നാലു കോടി എന്ന മോഹ വിലയ്ക്കാണ് സൺറൈസേഴ്സ് ഹൈദ്രാബാദ് റാഷിദിനെ സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാനായി 21 ട്വന്റി-20 മത്സരങ്ങളിൽ കളിച്ച റാഷിദ് 31 വിക്കറ്റുകൾ നേടിയിട്ടുണ്ട്. റാഷിദിന്റെ എക്കോണമി റേറ്റാണ് ശ്രദ്ധേയം. ട്വന്റി-20 യിൽ ഓരോവറിൽ 6 റൺസ് ശരാശരിയിലാണ് റാഷിദ് റൺ വിട്ടുകൊടുക്കുന്നത്.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ച താരമാണ് 31വയസ്സുകാരനായ മുഹമ്മദ് നബി. ഔൾറൗണ്ട് മികവാണ് നബിക്ക് തുണയായത്. ലോകോത്തര ബാറ്റ്സ്മാരെപ്പോലും പിടിച്ചുകെട്ടാറുള്ള പതിവ് നബി ഐപിഎല്ലിലും ആവർത്തിക്കുമെന്നാണ് സൺ റൈസേഴ്സ് ഹൈദ്രാബാദ് പ്രതീക്ഷിക്കുന്നത്. 2016 ൽ ഇന്ത്യയിൽ വച്ചു നടന്ന ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് ഈ വലങ്കയ്യൻ ഓഫ് സ്പിന്നറായിരുന്നു.
ഗെയിം പ്ലാനിന് അനുസരിച്ച് ഇരുവർക്കും ഒരുപോലെ അവസരം ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണണം.