ഏറ്റവും കുറഞ്ഞ തുകയ്ക്ക് 11 താരങ്ങളെ സ്വന്തമാക്കിയ ഗുജറാത്തിന്റെ മനസ്സിലിരിപ്പ് എന്താകും

എല്ലാ ടീമുകളും പ്രതിരോധ നിരയുടെ മൂർച്ച കൂട്ടാനാണ് ശ്രമിച്ചതെന്ന് താരങ്ങളുടെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യക്തം

ബെംഗലൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി നടന്ന താരലേലത്തിലെ ഗുജറാത്ത് ലയൺസിന്റെ കണക്കുകൂട്ടലുകളിലാണ് ഏറെ വ്യത്യസ്തതയുള്ളത്. മറ്റു ടീമുകൾ താരങ്ങൾക്കായി വൻതുകകൾ വാരിയെറിഞ്ഞപ്പോൾ ഗുജറാത്ത് ലയൺസ് 11 താരങ്ങൾക്കായി ചിലവഴിച്ചത് 3.85 കോടി മാത്രമാണ്. അതേസമയം ഏറ്റവും കൂടുതൽ താരങ്ങളെ ഇവർ സ്വന്തമാക്കുകയും ചെയ്തു.

ബെൻ സ്റ്റോക്സിനെ ഏറ്റവും ഉയർന്ന വിലയ്ക്ക് സ്വന്തമാക്കിയ റൈസിംഗ് പൂനെ സുപ്പർ ജയന്റ്സാണ് ഏറ്റവും കൂടുതൽ തുക ലേലത്തിൽ ചിലവഴിച്ചത്. 17.20 കോടി. മറ്റെല്ലാ ടീമുകളും എട്ട് കോടിയിൽ കൂടുതൽ തുക ചിലവഴിച്ചപ്പോഴാണ് പത്ത് ലക്ഷം രൂപയ്‌ക്ക് ആറ് ഇന്ത്യൻ താരങ്ങളെ ടീമിലുൾപ്പെടുത്തി ഗുജറാത്ത് ലയൺസ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. എന്നാൽ എല്ലാ ടീമുകളും പ്രതിരോധ നിരയുടെ മൂർച്ച കൂട്ടാനാണ് ശ്രമിച്ചതെന്ന് താരങ്ങളുടെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യക്തം.

കഗിസോ റബഡ, പാട്രിക് കുമ്മിൻസ് എന്നീ വിദേശ താരങ്ങൾക്ക് മാത്രം ഡൽഹി ഡയർഡെവിൾസ് ചിലവഴിച്ചത് 9.5 കോടിയാണ്. എയ്ഞ്ചലോ മാത്യൂസും കോറി ആന്റേഴ്സണും അഠക്കം 9 താരങ്ങൾക്കായി ആകെ 14.05 കോടി ടീം ചിലവഴിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പേസ് ബൗളർ ടി.നടരാജനാണ് ഇക്കുറി കിംഗ്സ് ഇലവൻ പഞ്ചാബ് ഏറ്റവും അധികം തുക ചിലവഴിച്ചത്. മൂന്ന് കോടി. പരിക്കിന്റെ പിടിയിലമർന്ന് പുറകിലായിരുന്ന വരുൺ ആരോണിനെ വാങ്ങാൻ ആദ്യാവസാനം ലേലത്തുക ഉയർത്തിയതും കിംഗ്സ് ഇലവനാണ്. 2.8 കോടി. ഇയോൻ മോർഗനും മാർട്ടിൻ ഗുപ്ടിലും ഈ പട്ടികയിൽ കയറിപ്പറ്റി. ആകെ 9.45 കോടിയാണ് താരങ്ങൾക്കായി പഞ്ചാബ് മുടക്കിയത്.

മൂർച്ചയേറിയ ബൗളിംഗ് നിരയ്ക്കാണ് കൊൽക്കത്ത ലേലത്തിൽ പ്രാധാന്യം നൽകിയത്. നാല് ഓൾറൗണ്ടർമാരെയും രണ്ട് വിദേശ താരങ്ങളടക്കം മൂന്ന് ബൗളർമാരെയും ടീം ലേലത്തിൽ നിന്ന് നേടി. ഒൻപത് താരങ്ങൾ ടീമിലിടം നേടിയപ്പോൾ, കൊൽക്കത്തയ്ക്ക് ചിലവായത് 14.35 കോടി.

മിഡിൽ ഓർഡറിൽ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താനും ബൗളിംഗ് നിരയെ ശക്തമായി നിർത്താനുമാണ് മുംബൈ ലേലത്തിൽ ശ്രമിച്ചത്. ഏഴ് താരങ്ങൾക്ക് 8.20 കോടി ചിലവഴിച്ച ടീം ബെൻ സ്റ്റോക്സിന് വേണ്ടിയും ടൈമർ മിൽസിന് വേണ്ടിയും പത്ത് കോടി രൂപ വരെ ലേലം വിളിച്ചിരുന്നു. എന്നാൽ തങ്ങളുടെ കണക്കുകൂട്ടലിനപ്പുറത്തേക്ക് ലേലത്തുക ഉയർന്നപ്പോൾ ഇവർ പിന്മാറി. ബാറ്റിംഗിനും ബൗളിംഗിനും തുല്യപ്രാധാന്യത്തോടെയാണ് ടീം ലേലത്തിൽ താരങ്ങളെ തിരഞ്ഞെടുത്തത്.

കൂട്ടത്തിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് ലേലത്തിൽ ഞെട്ടലുണ്ടാക്കിയ ടീമാണ്. 12.2 കോടി വരെ ബെൻ സ്റ്റോക്സിനായി ലേലത്തിൽ പങ്കെടുക്കാതിരുന്ന ടീം അവസാനം ലേലത്തുക 14.5 കോടിയിലെത്തിച്ച് താരത്തെ സ്വന്തമാക്കി. ബൗളിംഗിനാണ് ടീമും ലേലത്തിൽ പ്രാധാന്യം നൽകിയത്. നാല് ഓൾറൗണ്ടർമാരും നാല് ബൗളർമാരും ടീമിലേക്ക് പുതുതായി എത്തി. മനോജ് തിവാരി മാത്രമാണ് ടീമിലെത്തിയ ഒരേയൊരു ബാറ്റ്സ്‌മാൻ.

ടീമുകളിൽ കൃത്യമായ കണക്കുകൂട്ടലോടെ പങ്കെടുത്തത് റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവാണ്. വെറും അഞ്ച് താരങ്ങളെ മാത്രം തിരഞെടുത്ത ടീം, തങ്ങൾ നോട്ടമിട്ട ടൈമൽ മിൽസിനായി അവസാനം വരെ ലേലത്തിൽ പങ്കെടുത്ത് 12 കോടി രൂപയ്‌ക്ക് ലേലം ഉറപ്പിച്ചു. ശേഷിച്ച നാല് താരങ്ങൾക്കായി 3.4 കോടിയാണ് ടീം ചിലവഴിച്ചത്. ബൗളിംഗ് നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ശ്രമിച്ചത്. മൂന്ന് ബൗളർമാരും രണ്ട് ഓൾ റൗണ്ടർമാർക്കുമാണ് ടീമിൽ ഇടം ലഭിച്ചത്.

നാല് ബൗളർമാരെ തിരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദും കൈവശം ഉണ്ടായിരുന്ന പണം വളരെ ശ്രദ്ധാപൂർവ്വമാണ് ഉപയോഗിച്ചത്. അഫ്ഗാൻ താരം റഷീദ് ഖാൻ അർമനെ ലേലത്തിൽ പിടിച്ച ടീം, ഈ താരത്തിലെ പ്രതിഭ തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ്. നിലവിൽ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് താരം. മറ്റ് മൂന്ന് ബൗളർമാരും രണ്ട് ഓൾറൗണ്ടർമാരും ടീമിന്റെ പ്രതിരോധ നിരയ്‌ക്ക് മൂർച്ചയേകുമോയെന്ന് കളിക്കളത്തിൽ കാണാം.

ഇതിനിടയിൽ ബാറ്റ്സ്‌മാന്മാർക്കും ബൗളർമാർക്കും ഒരേ പ്രാധാന്യം നൽകിയെന്ന് തോന്നുമെങ്കിലും ഗുജറാത്ത് ടീമിന്റെ കണക്കുകൂട്ടലുകൾ ഇപ്പോഴും രഹസ്യമാണ്. ദേശീയ തലത്തിൽ മാത്രം കളിച്ച, ആറ് താരങ്ങളെ പത്ത് ലക്ഷം രൂപ അടിസ്ഥാന വില നൽകിയാണ് ടീം സ്വന്തമാക്കിയത്. പതിനൊന്നിൽ ആറ് പേർ ബൗളർമാർ ആണെന്നിരിക്കെ, മൂന്ന് ഓൾറൗണ്ടർമാരിൽ നിന്ന് ബാറ്റിംഗ് മികവാണ് ടീം പ്രതീക്ഷിക്കുന്നത്. ടീമിന്റെ കളിക്കളത്തിലെ പ്രകടനത്തിലാണ് ഇനി കളിയാരാധകരുടെ ശ്രദ്ധ പതിയുക. ജേസൺ റോയിയും ചിരാഗ് സുരിയുമാണ് ടീം സ്വന്തമാക്കിയ രണ്ട് ബാറ്റ്സ്‌മാന്മാർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2017 player auction gujarath spends least amount to get most number of players

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express