ധോണിയുടെ ട്വിന്റി 20 മത്സരങ്ങളിലെ നിലനിൽപ്പിനെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ സൗരവ് ഗംഗുലി. ധോണി മികച്ച ഏകദിന താരമാണെങ്കിലും കുട്ടി ക്രിക്കറ്റിൽ അത്ര മികച്ച താരമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നായിരുന്നു ഗാംഗുലിയുടെ വാക്കുകൾ. ഇന്ത്യാ ടുഡേയോടാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

ധോണി ഒരു നല്ല ട്വി ട്വിന്റി കളിക്കാരനാണോയെന്നതിൽ എനിക്ക് സംശയമുണ്ട്. ഏകദിന മത്സരങ്ങളിലെ ചാമ്പ്യനാണദ്ദേഹം. എന്നാൽ ട്വിന്റി 20യുടെ കാര്യമെടുക്കുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു അർദ്ധ സെഞ്ചുറിയാണ് നേടിയത്. അതൊരിക്കലും മികച്ചൊരു റെക്കോർഡല്ല- ഗാംഗുലി പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയ്‌ക്കുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് താനാണെങ്കിൽ തീർച്ചയായും ധോണിയെ ഉൾപ്പെടുത്തുമെന്നും ഗാംഗുലി പറഞ്ഞു. പക്ഷേ ധോണി റൺസ് സ്‌കോർ ചെയ്യണമെന്നും ഗാംഗുലി വ്യക്തമാക്കി.

ഐപിഎൽ പത്താം സീസണിൽ നിറം മങ്ങിയ പ്രകടനമാണ് ധോണി ഇതുവരെ കാഴ്‌ച വെച്ചിരിക്കുന്നത്. പുണെ റൈസിങ് സൂപ്പർജയിന്റ്സിന്റെ താരമാണ് ഐപിഎല്ലിൽ ധോണി. മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് ധോണിയെ പുണെയുടെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത് വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. തുടർന്ന് മത്സരങ്ങൾ തുടങ്ങിയപ്പോഴും വിമർശനങ്ങൾ നീങ്ങുന്നില്ല. ഈ സീസണിലെ മൂന്ന് മത്സരങ്ങളിലും ധോണിക്ക് തിളങ്ങാനായിട്ടില്ല. ആദ്യ മത്സരത്തിൽ ധോണി പുറത്താകാതെ 12 റൺസാണ് നേടിയത്. പിന്നീടുളള രണ്ട് മത്സരങ്ങളിൽ നേടിയത് യഥാക്രമം 5, 11 റൺസുകളാണ്. ധോണിക്കെതിരെ വിമർശനങ്ങളുമായി പുണെ ടീം ഉടമയുടെ സഹോദരൻ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ