മുംബൈ: ഐപിഎല്ലിന്റെ പത്താം സീസണിൽ പൂണെ സൂപ്പർ ജയന്റ്സിന്റെ അമരക്കാരനാകാൻ മഹേന്ദ്രസിങ്ങ് ധോണി ഉണ്ടാകില്ല. ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ പ്രകടനത്തിൽ​ അതൃപ്തി പ്രകടിപ്പിച്ച ടീമിന്റെ ഉടമകളാണ് ക്യാപ്റ്റൻ കൂളിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഓസ്ട്രേലിയൻ നായകൻ സ്റ്റീഫൻ സ്മിത്താണ് പൂണെ സൂപ്പർ ജയന്റ്സിന്റെ പുതിയ നായകൻ.

ഐപിഎല്ലിൽ​ 2016ൽ​ അരങ്ങേറ്റം കുറിച്ച പൂണെ സൂപ്പർ ജയന്റ്സിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. മഹേന്ദ്ര സിങ്ങ് ധോണിയുടെ നേത്രത്വത്തിൽ കളിച്ച ടീമിന് എഴാം സ്ഥാനത്ത് മാത്രമാണ് എത്താൻ കഴിഞ്ഞത്. 15 മത്സരങ്ങളിൽ നിന്ന് 5 ജയവും 9 തോൽവിയുമായിരുന്നു പൂണെയ്ക്ക് നേടാനായത്. താരലേലത്തിൽ കോടികൾ​ ഒഴുക്കിയിട്ടും ടീം പിന്നിൽ പോയതാണ് ഉടകളെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.

മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും ആശവഹമായ പ്രകടനമല്ല ടീം കാഴ്ചവെച്ചതെന്നും ,അതിനാലാണ് ടീമിൽ​ അഴിച്ചുപണികൾ വരുത്തിയതെന്നും ടീം ഉടമ സഞ്ജീവ് ഗോയങ്ക പ്രതികരിച്ചു. ധോണിയെ ഈ തീരുമാനം നേരിട്ട് അറിയിച്ചെന്നും സ്റ്റീഫൻ സ്മിത്തിന് എല്ലാവിധ പിന്തുണകളും ധോണി അറിയിച്ചെന്നും സഞ്ജീവ് ഗോയങ്ക വിശദീകരിച്ചു. വരാൻ പോകുന്ന സീസണിൽ മഹേന്ദ്ര സിങ്ങ് ധോണിയുടെ ബാറ്റിങ്ങ് ക്രമത്തിൽ മാറ്റമുണ്ടാകുമെന്നും ഉടമകൾ സൂചന നൽകിയിട്ടുണ്ട്.

ഐപിഎല്ലിന്റെ 9 ആം സീസണിൽ പൂണെയ്ക്കായി 8 മത്സരങ്ങൾ കളിച്ച സ്റ്റീഫൻ സ്മിത്ത് 280​​ റൺസ് നേടിയിരുന്നു. ആസ്ട്രേലിയൻ നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം മികച്ച പ്രകടനമാണ് സ്റ്റീഫൻ സ്മിത്ത് കാഴ്ചവെച്ചത്. ഈ പ്രകടനത്തിൽ തന്നെയാണ് ടീമുടമകളുടെ പ്രതീക്ഷയും.

എന്നാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച നായകൻ എന്ന ഖ്യാതിയുളള ധോണിയെ പുറത്താക്കിയത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കാണുന്നത്. ധോണിയുടെ നായകത്വതത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സ് 2010ലും 2011ലും ഐപിഎൽ കിരീടം ഉയർത്തിയിരുന്നു. 2010ലും 2014ലും ധോണിയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്ങ്സ് ചാമ്പ്യൻസ് ലീഗ് ട്വന്റി-20 കിരീടം ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ