മുംബൈ: അമ്പയറോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റൻ രോഹിത് ശർമ്മയ്‌ക്ക് പിഴ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയിട്ടത്. കഴിഞ്ഞ ദിവസം റൈസിങ് പുണെ സൂപ്പർജയിന്റ്സെനെതിരെയുളള മത്സരത്തിനിടെയാണ് രോഹിതിന്റെ മോശമായ പെരുമാറ്റം. മാച്ച് റഫറിയായ ജവഗൽ ശ്രീനാഥാണ് ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ 2.1.5ലെ ലെവൽ വൺ കുറ്റം രോഹിതിനെതിരെ ചുമത്തിയത്. ഐപിഎൽ ഈ സീസണിലെ രോഹിതിന്റെ രണ്ടാമത്തെ കുറ്റമാണിത്. ആദ്യ തവണ താക്കീതാണ് അധികൃതർ നൽകിയത്.

മത്സരത്തിൽ പുണെയുടെ 161 റൺസ് പിന്തുടരുന്നതിനിടെ അവസാന ഓവറിലാണ് സംഭവം നടന്നത്. നാല് ബോളിൽ ജയിക്കാൻ മുംബൈയ്‌ക്ക് വേണ്ടിയിരുന്നത് 11 റൺസാണ്. അവസാന ഓവറിൽ എറിഞ്ഞ ഒരു ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയിരുന്നു. ഇത് വൈഡ് വിളിക്കുമെന്ന് രോഹിത് കരുതിയെങ്കിലും ഉണ്ടായില്ല. തുടർന്നാണ് അമ്പയർ എസ്.രവി വൈഡ് വിളിച്ചില്ലെന്ന് ആരോപിച്ച് രോഹിത് മോശമായി പെരുമാറിയത്. മറ്റൊരമ്പയറായ എ.നന്ദ് കിഷോർ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്. തുടർന്നാണ് മത്സരശേഷം രോഹിതിന് പിഴയിട്ടത്.

മത്സരത്തിൽ പുണെ മൂന്ന് റൺസിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പുണെ നിശ്ചിത 20 ഓവറിൽ ആറിന് 160 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ