മൊഹാലി: പത്താം സീസണിൽ മുന്നോടിയായി നടന്ന താരലേലത്തിൽ ടീമുകൾ ഏറ്റെടുക്കാതിരുന്ന ഇശാന്ത് ശർമ്മ ഐപിഎല്ലിൽ കളിക്കാൻ എത്തുന്നു. കിങ്ങ്സ് ഇലവൻ പഞ്ചാബിനായി ആയിരിക്കും ഇശാന്ത് ശർമ്മ കളിക്കുക. പരിക്കിനേ തുടർന്ന് ഐപിഎല്ലിൽ നിന്ന് പിന്മാറിയ മുരളി വിജയ്ക്ക് പകരക്കാരനായാണ് ഇശാന്ത് ശർമ്മയെ ടീമിലെത്തിച്ചത്. നേരത്തെ 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിരുന്ന ഇശാന്ത് ശർമ്മയെ വാങ്ങാൻ ടീമുകൾ തയ്യാറായിരുന്നില്ല.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടിയാണ് ഇശാന്ത് ശർമ്മ കളിച്ചത്. ട്വന്റി-20 മത്സരങ്ങളിൽ അമിതമായി റൺ വഴങ്ങുന്ന ബൗളറാണ് ഇശാന്ത് ശർമ്മ എന്ന വിലയിരുത്തലാണ് ലേലത്തിൽ താരത്തിന് വിനയായത്. ഐപിഎല്ലിൽ 70 മത്സരങ്ങളിൽ നിന്നായി 58 വിക്കറ്റുകളാണ് ഇശാന്ത് ശർമ്മ സ്വന്തമാക്കിയത്. എന്നാൽ നാട്ടിൽ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് ഇശാന്ത് പുറത്തെടുത്തത്.

ഇശാന്ത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയ വാർത്ത കിങ്സ് ഇലവന്റെ പരിശീലകനായ വീരേന്ദർ സെവാഗാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇശാന്ത് ശർമ്മയെക്കൂടി ടീമിൽ ഉൾപ്പെടുത്തിയതോട് കൂടി ബോളിങ്ങ് ഡിപ്പാർട്ട്മെന്റ് കൂടുതൽ ശക്തമാകുമെന്ന് സെവാഗ് പറഞ്ഞു. മോഹിത് ശർമ്മ, സന്ദീപ് ശർമ്മ, വരുൺ ആരോൺ, ടി. നടരാജൻ എന്നിവരാണ് പഞ്ചാബ് ടീമിന്രെ ഫാസ്റ്റ് ബൗളർമാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ