രാജ്കോട്ട്: ഐപിഎല്ലിന്റെ പത്താം പതിപ്പിലെ ആദ്യ മത്സരത്തിനാണ് ഗുജറാത്ത് ലയൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് ഇറങ്ങുന്നത്. ബാറ്റിങ്ങ് കരുത്തിൽ പ്രതീക്ഷവെച്ചാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങുന്നത്. കന്നി സീസണിൽ തന്നെ ഐപിഎല്ലിന്റെ സെമിഫൈനൽ വരെ എത്തിയ ഗുജറാത്ത് ലയൺസിനെ നയിക്കുന്നത് സുരേഷ് റെയ്നയാണ്. ഗുജറാത്ത് ലയൺസിന്റെ ഹോംഗ്രൗണ്ടായ രാജ്ഘോട്ടിൽവെച്ചാണ് മത്സരം നടക്കുന്നത്.

ട്വന്റി-20 ക്രിക്കറ്റിലെ വെടിക്കെട്ട് താരങ്ങളായ ബ്രൻഡൻ മക്കല്ലം,ഡ്വെയിൻ സ്മിത്ത്,ആരോൺ ഫിഞ്ച് എന്നീവരാണ് ലയൺസിന്റെ കരുത്ത്. ഡിനേഷ് കാർത്തിക്കും സുരേഷ് റെയ്നയും ഇഷാൻ കൃഷ്ണനുമാണ് ബാറ്റിങ്ങ് നിരയിലെ ഇന്ത്യൻ താരങ്ങൾ. ഓസ്ട്രേലിയൻ ഔൾറൗണ്ടർ ജെയിംസ് ഫോക്ക്നറുടെ സാന്നിധ്യവും ടീമിന്റെ കരുത്താണ്. ബൗളിങ്ങ് നിരയിൽ
പ്രവീൺ കുമാറും, ധവൽകുൽക്കർണ്ണിയുമാകും അണിനിരക്കുക. ഇടങ്കയ്യൻ സ്പിന്നർ ഷദാബ് ജക്കാത്തിയും, പുതുമുഖതാരം ഷിവിൽ കൗശിക്കുമായിരിക്കും ലയൺസ് നിരയിലെ സ്പിന്നർമാർ.

ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ നേത്രത്വത്തിൽ ഇറങ്ങുന്ന നൈറ്റ് റേഡേഴ്സ് മികച്ച ടീമിനെയാണ് ഇത്തവണയും അണിനിരത്തിയിരിക്കുന്നത്. റോബിൻ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസഫ് പത്താൻ , സൂര്യകുമാർ യാദവ് എന്നിവരായിരിക്കും ബാറ്റിങ്ങ് നിരയിലെ കരുത്ത്. പൊന്നും വില കൊടുത്ത് ടീമിലെത്തിച്ച ക്രിസ് വോക്ക്സിന്റെ സാന്നിധ്യം നൈറ്റ് റൈഡേഴ്സിനെ കരുത്തരാക്കും. ബിഗ് ബാഷിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ക്രസ് ലിൻ ആയിരിക്കും കൊൽക്കത്തയുടെ മാച്ച് ഫിനിഷർ. ബൗളിങ്ങ് നിരയിൽ ട്രന്റെ ബോൾട്ടും സുനിൽ നരൈനും തന്നെയാണ് ഗൗതം ഗംഭീറിന്റെ പ്രധാന ആയുധങ്ങൾ .

മുൻപ് ഇരുവരും 2 തവണ ഏറ്റുമുട്ടിയപ്പോൾ വിജയം ഗുജറാത്ത് ലയൺസിനൊപ്പമായിരുന്നു. പത്താം പതിപ്പിൽ ജയത്തോടെ തുടക്കം കുറിക്കാമെന്ന പ്രതീക്ഷയാണ് ഇരു ടീമുകൾക്കും ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ