സണ്‍റൈസസ് ഹൈദരാബാദിനെതിരായ ഐപിഎല്ലിലെ എലിമിനേറ്റർ കളിക്കുന്പോൾ താൻ 70 വയസ്സുകാരനായതായി തോന്നിയെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഗൗതം ഗംഭീര്‍. സൺറൈസേഴ്സിനെതിരായ പോരാട്ടത്തിൽ താൻ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം സൂചിപ്പിക്കാനാണ് കൊൽക്കത്ത താരം ഇക്കാര്യം പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘1981ഒക്ടോബറിലാണ് എന്റെ ജനനം, അതായത് എനിക്കിപ്പോള്‍ 35 വയസ്സാണ് ഉളളത്. പക്ഷേ, ഹൈദരാബാദിനെതിരായ മത്സരത്തില്‍ എനിക്ക് അനുഭവപ്പെട്ട കടുത്ത സമ്മര്‍ദ്ദം കാരണം ഞാൻ 70 വയസ്സുകാരനായതായി തോന്നി’ ഗംഭീർ എഴുതുന്നു. എലിമിനേറ്റർ മത്സരത്തിന്റെ ദിവസം രാത്രി 9.30 ആകുന്പോഴേക്കും ഈ മൊത്തം ഭൂമിയുടെ പാതി ഉടമസ്ഥാവകാശം തനിക്ക് ലഭിച്ചതായും മറ്റ് പകുതിക്കുളള ഉടസ്ഥാവകാശത്തിന്റെ രേഖകൾ റെഡിയായി കൊണ്ടിരിക്കുകയാണെന്നും എനിക്ക് തോന്നി. എന്നാല്‍ കളി മഴ തടസ്സപ്പെടുത്തിയതോടെ എന്റെ സ്വപ്‌നങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്നും ഗംഭീർ എഴുതുന്നു.
അത്യന്തം നാടകീയമായ മത്സരത്തിൽ 7 വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്രെ വിജയം. അർദ്ധരാത്രി 1.30 നായിരുന്നു മത്സരത്തിന്റെ ഫലം വന്നത്. ഹൈദരാബാദ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം മഴയെത്തുടര്‍ന്ന് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 6 ഓവറില്‍ 48 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു. എന്നാൽ തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. 11 റൺസ് എടുക്കുന്നതിനിടെ ക്രിസ് ലിനും, യൂസഫ് പത്താനും, റോബിൻ ഉത്തപ്പയും കൂടാരം കയറിയതോടെ കൊൽക്കത്ത വിറച്ചു. എന്നാൽ ഗൗതം ഗംഭീർ തന്റെ വിശ്വരൂപം പുറത്തെടുത്തതോടെ ഹൈദരാബാദ് മുട്ടുകുത്തി. 19 പന്തിൽ നിന്ന് 35 റൺസാണ് ഗംഭീർ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറായിരുന്നു ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 3 വിക്കറ്റ് എടുത്ത കോർട്ടർ നൈലും, 2 വിക്കറ്റ് നേടിയ ഉമേഷ് യാദവുമാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.
മത്സര ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രൈനേജ് സിസ്റ്റത്തിന് ഗംഭീര്‍ നന്ദി പറഞ്ഞിരുന്നു.