ന്യൂഡൽഹി: ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തിനൊടുവിൽ ഡൽഹി ഡയർ ഡവിൾസിൽ നിന്ന് വിജയം പിടിച്ചുവാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. നാല് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം. പരാജയം മുന്നിൽ കണ്ട അവസാന ഓവറിൽ മൂന്ന് പന്തിൽ നിന്ന് എട്ട് റൺസാണ് കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. സുനിൽ നരെയ്നെ സാക്ഷിയാക്കി മിഡ് ഓണിൽ അമിത് മിശ്രയെ സിക്സറിന് പറത്തി മനീഷ് പാണ്ഡെയാണ് ഡൽഹിക്ക് വിജയം ഒരുക്കിയത്.

മനീഷ് പാണ്ഡെ 47 പന്തിൽ 70 റൺസ് നേടി. ഒരു ഘട്ടത്തിൽ മത്സരം കൈവിട്ട ഡൽഹി അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തുകയും മികച്ച ഫീൽഡിങ്ങിലൂടെ റണ്ണൊഴുക്ക് തടയുകയും ചെയ്തു. 19 ഓവറിൽ മനീഷ് പാണ്ഡെ മിഡ് ഓണിലേക്ക് ഉയർത്തിയടിച്ച പന്ത് പറന്നുപിടിച്ച സഞ്ജു സിക്സ് തടഞ്ഞത് ഗാലറിയെ നിമിഷ നേരം സ്‌തബ്‌ധരാക്കി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 168 റൺസാണ് നേടിയത്. 25 പന്തിൽ 39 റൺസ് നേടിയ സഞ്ജു വി സാംസണിന്റെയും 16 പന്തിൽ 38 റൺസ് അടിച്ചുകൂട്ടിയ ഋഷഭ് പന്തിന്റെയും മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോർ കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ മൂന്ന് വിക്കറ്റുകൾ ആദ്യ നാല് ഓവറിൽ വീഴ്‌ത്തിയ ഡൽഹി വിജയം നേടുമെന്ന് ആദ്യഘട്ടിൽ തോന്നിയിരുന്നെങ്കിലും നാലാം വിക്കറ്റിൽ മനീഷ് പാണ്ഡെയും യൂസഫ് പത്താനും ഒത്തുചേർന്നതാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. യൂസഫ് പത്താൻ 59 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് തുടക്കത്തിൽ ലഭിച്ച മേൽക്കൈ നിലനിർത്താനായില്ല. ആദ്യ വിക്കറ്റിൽ സഞ്ജുവും ബില്ലിംഗ്സും ചേർന്ന് 53 റൺസ് അടിച്ചുകൂട്ടിയിരുന്നു. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായത് ഡൽഹിയെ പ്രതിരോധത്തിലാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ