റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് എബി ഡിവില്ലിയേഴസ്. ഐപിഎൽ പത്താം സീസണിലെ ആദ്യകളിയിൽതന്നെ ഡിവില്ലിയേഴ്സ് മികച്ച പ്രകടനം നടത്തിയിരുന്നു. ക്രിക്കറ്റിലെ ‘സൂപ്പർമാൻ’ എന്ന പേരിലാണ് ഡിവില്ലിയേഴ്സ് അറിയപ്പെടുന്നത്. ഇപ്പോഴിതാ അച്ഛന്റെ അതേ പാത പിന്തുടരാനുളള നീക്കത്തിലാണ് മകൻ അബ്രഹാമും. അച്ഛനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുന്ന കുഞ്ഞു അബ്രഹാമിന്റെ വിഡിയോ ഇതിനോടകം തന്നെ യൂട്യൂബിൽ വൈറലായിക്കഴിഞ്ഞു.

കൈയ്യിൽ കുഞ്ഞു ബാറ്റും പിടിച്ച് അച്ഛനോടൊപ്പം നെറ്റ്സിൽ ക്രിക്കറ്റ് പരിശീലിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. ‘go rcb’ എന്നുറക്കെ വിളിച്ചു പറഞ്ഞാണ് അബ്രഹാമിന്റെ ക്രിക്കറ്റ് കളി. നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കാണുന്ന അബ്രഹാമിന് ക്രിക്കറ്റിലെ എല്ലാ വാക്കുകളും പഠിപ്പിച്ചുകൊടുക്കാനും ഡിവില്ലിയേഴ്സ് ശ്രമിക്കുന്നുണ്ട്. കോഹ്‌ലി കളിക്കുന്നത് ചൂണ്ടിക്കാട്ടി ‘ഷോട്ട്’ എന്ന് മകനെ പറഞ്ഞ് പഠിപ്പിക്കുന്നു. ഒപ്പം ‘go rcb’ എന്ന് വിളിച്ച് പറഞ്ഞ് അബ്രഹാം ഓടിക്കളിക്കുന്നതും വിഡിയോയിലുണ്ട്.

അച്ഛനെപ്പോലെ തന്നെ അബ്രഹാമും മികച്ച കളിക്കാരനാകുമെന്നതിൽ വിഡിയോ കണ്ടാൽ പിന്നെ സംശയം ഉണ്ടാകില്ല. എന്തായാലും വിഡിയോ ഡിവില്ലിയേഴ്സിന്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ആരാധകരെ സന്തോഷരാക്കിയിട്ടുണ്ട്. പത്തു ലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ