ഇൻഡോർ: ഐപിഎല്ലിൽ കിങ്ങ്സ് ഇലവൻ പഞ്ചാബിന് എതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 199 റൺസെന്ന വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ പട്ടികയിൽ ഒന്നാമതെത്തി.

ഇൻഡോറിൽ ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ ഹഷീം അംലയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 198റൺസാണ് പഞ്ചാബ് നേടിയത്. 60 പന്ത് നേരിട്ട അംല 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പടെ 104 റൺസാണ് നേടിയത്. 18 പന്തിൽ 40 റൺസ് എടുത്ത നായകൻ ഗ്ലെൻമാക്സ്‌വെല്ലും അംലയ്ക്ക് മികച്ച പിന്തുണ നൽകി.


പഞ്ചാബിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് തകർപ്പൻ തുടക്കമാണ് നേടിയത്. ആദ്യ ആറ് ഓവറുകളിൽ ടീം സ്കോർ 80 കടന്നു. 18 പന്തിൽ 37 റൺസ് എടുത്ത പാർഥിവ് പട്ടേലും ജോസ് ബട്‌ലറുമാണ് മുംബൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പാർഥിവ് പുറത്തായതിന് ശേഷം പിന്നീടെത്തിയ യുവതാരം നിതീഷ് റാണയും ആക്രമിച്ചു കളിച്ചതോടെ മുംബൈ വിജയത്തിലേക്ക് കുതിച്ചു. 37 പന്തിൽ 5 സിക്സറുകളും 7 ഫോറുകളുമുൾപ്പടെ 77 റൺസാണ് ബട്‌ലർ നേടിയത്. 34 പന്തിൽ 7 സിക്സറുകളുടെ അകമ്പടിയോടെ നിധീഷ് റാണ 62 റൺസാണ് നേടിയത്. ഇരുവരെടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ 27 പന്ത് ബാക്കി നിൽക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ