ഉദ്വേഗം നിറഞ്ഞ അവസാന ഓവറിൽ ഹാട്രിക് വിക്കറ്റ് നേടിയ ഉനദ്‌കടിന്റെ മികവിൽ സൺറൈസേ‌ഴ്സ് ഹൈദരാബാദിനെതിരെ പൂനെ സൂപ്പർ ജയന്റ്സിന് മിന്നുന്ന വിജയം. ആദ്യ മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങിയ ഉനദ്‌കട് അവസാന ഓവറിൽ ഒറ്റ റൺ  വഴങ്ങാതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.  പൂനെയുടെ 148 റൺസ് പിന്തുടർന്ന ഹൈദരാബാദ് 136 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

നാല് ഓവറിൽ 30 റൺസ് നേടിയ ഉനദ്‌കട് അഞ്ച് വിക്കറ്റുകളാണ് പൂനെയ്ക്ക് വേണ്ടി വീഴ്ത്തിയത്. മത്സരത്തിലെ ഏറ്റവും നിർണായകമായ ഓവറിൽ ഒറ്റ റൺ പോലും വഴങ്ങാതെ വിക്കറ്റുകൾ തുടരെ വീഴ്ത്തിയ ഉനദ്‌കട് തന്നെയാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത പൂനെയ്ക്ക് തുടക്കത്തിൽ തന്നെ രാഹുൽ ത്രിപദിയെ നഷ്ടമായി. അനാവശ്യ റണ്ണിന് ഓടിയ താരം റണ്ണൗട്ട് ആയി. അജിങ്ക്യ രഹാനെയ്ക്ക് കൂട്ടായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വന്നെങ്കിലും ബാറ്റിംഗിന് വേഗത കുറവായിരുന്നു. 22 റൺസ് നേടിയ രഹാനെ ടീം സ്കോർ 39 ൽ നിൽക്കെ മടങ്ങി.

പിന്നീട് വന്ന ബെൻ സ്റ്റോക്സ് ക്യാപ്റ്റന് പിന്തുണ നൽകിയതോടെ 60 റണ്ണിന്റെ കൂട്ടുകെട്ട് പൂനെയ്ക്ക് വേണ്ടി ഇരുവരും ചേർന്ന് ഉണ്ടാക്കി. 99 ൽ ബെൻ സ്റ്റോക്സും(39), 101 ൽ സ്റ്റീവ് സ്മിത്തും(34) വീണു.

ഒരു ഭാഗത്ത് വിക്കറ്റുകൾ തുടരെ വീണപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് പൂനെയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 21 പന്തിൽ 31 റൺ നേടിയ ധോനി രണ്ട് ഫോറും രണ്ട് സിക്സറും പറത്തി.

ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ നാല് ഓവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ 34 പന്തിൽ 40 റൺസ് നേടി. ഒരു സിക്സും നാല് ഫോറും അദ്ദേഹം നേടി. ശിഖർ ധവാൻ (12 പന്തിൽ 19) മടങ്ങിയ ശേഷം ഇറങ്ങിയ കെയ്ൻ വില്യംസൺ വാർണർക്ക് വേണ്ട പിന്തുണ നൽകിയില്ല.

നാലാമനായി ഇറങ്ങിയ യുവരാജ് സിംഗ് (43 പന്തിൽ 47) ഒരറ്റത്ത് റൺ റേറ്റ് താഴാതെ പിടിച്ചുനിർത്തിയെങ്കിലും വിക്കറ്റുകൾ ഒന്നൊന്നായി കൊഴിഞ്ഞു. പിന്നീട് വന്ന ആർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഹൈദരാബാദിന്റെ പോരാട്ടം ഇതോടെ 136 റൺസിൽ അവസാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ