ഇൻഡോർ: നായകൻ ഗ്ലെൻ മാക്സ്‌വെല്ലിന്റെ തകർപ്പൻ ഇന്നിങ്ങ്സിന്റെ മികവിൽ പൂണെ സൂപ്പർ ജയന്റ്സിനെ തകർത്ത് കിങ്ങ്സ് ഇലവൻ പഞ്ചാബ്.
പൂണെയുടെ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 6 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. 20പന്തിൽ 44 റൺസ് എടുത്ത ഗ്ലെൻ മാക്സ്‌വെല്ലാണ് കളിയിലെ താരം. അഞ്ചാം വിക്കറ്റിൽ മാക്സ്‌വെല്ലും , ഡേവിഡ് മില്ലറും നേടിയ 79 റൺസാണ് പഞ്ചാബിന് വിജയമൊരുക്കിയത്.

പൂണെയുടെ തട്ടകത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ പൂണെയ്ക്ക് പക്ഷെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ​തന്നെ റൺസ് ഒന്നും എടുക്കാതെ മാൻയാക്ക് അഗർവാൾ പുറത്തായി. മോഹിത് ശർമ്മയാണ് അഗർവാളിനെ പുറത്താക്കിയത്. പിന്നീടെത്തിയ നായകൻ സ്റ്റീഫൻ സ്മിത്ത് പതിവ് ശൈലിയിൽ ബാറ്റ് വീശിയതോടെ പൂണെയുടെ സ്കോർ ഉയർന്നു. എന്നാൽ രഹാനയെ നടരാജനും സ്മിത്തിനെ മാർക്കസ് സ്റ്റോണിസും വീഴ്ത്തിയതോടെ പൂണെ പ്രതിസന്ധിയിലായി. 5 റൺസ് എടുത്ത ധോണിയെ സ്വപ്നിൽ സിങ്ങും മടക്കിയതോടെ പൂണെ തകർന്നു.

പൊന്നും വില മുടക്കി ടീമിലെത്തിച്ച ബെൻ സ്റ്റോക്ക്സാണ് പൂണെക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 32 പന്തിൽ 3 ഫോറും 2 സിക്സറുകളും പറത്തിയ സ്മിത്ത് 50 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ മനോജ് തിവാരി തകർപ്പൻ ബാറ്റിങ്ങ് പുറത്തെടുത്ത മനോജ് തിവാാരിയുടെ പ്രകടനമാണ് പൂണെ സ്കോർ 150 കടത്തിയത്. 23 പന്തുകളിൽ നിന്ന് 3 ഫോറുകളും 2 സിക്സറുകളും പറത്തിയ തിവാരി 40 റൺസാണ് നേടിയത്.


164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന്റെ തുടക്കവും മോശമായിരുന്നു. സ്കോർ ഉയർത്താനുള്ള ശ്രമം നടത്തിയപ്പോൾ കൃത്യയമായ ഇടവേളകളിൽ പഞ്ചാബിന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 14 റൺസ് എടുത്ത മനൻ വോറയെ അശോക് ഡിൻഡയും വൃദ്ധിമാൻ സാഹയെ ഇമ്രാൻ താഹിറും മടക്കി. 85 റൺസിന് 4 വിക്കറ്റുകൾ നഷ്ടപ്പെട്ട പഞ്ചാബിനെ മാക്സ്‌വെല്ലാണ് കരകയറ്റിയത്. ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് മാക്സ്‌വെല്ല് ബാറ്റിങ്ങ് വെടിക്കെട്ട് നടത്തി. 20 പന്തിൽ മാക്സ്‌വെല്ല് 44 റൺസും 27 പന്തിൽ 30 റൺസ് നേടി മില്ലറും പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ