വെടിക്കെട്ട് ബാറ്റിങ്ങിനും കിടിലൻ ബോളിങ്ങിനും ഒപ്പം വിചിത്രമായ ചില പുറത്താകലുകളും ഐപിഎല്ലിൽ കാണാറുണ്ട്. രാജസ്ഥാൻ റോയൽസ് താരമായ ഇഷ് സോദിയും ഇത്തരത്തിൽ വിചിത്രമായൊരു വിക്കറ്റിലൂടെയാണ് കളിക്കളം വിട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മൽസരത്തിലായിരുന്നു ഐപിഎൽ ചരിത്രത്തിലെ തന്നെ വിചിത്ര വിക്കറ്റ് വീണത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്‌ലറും തൃപാതിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. തൃപാതി പുറത്തായതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. 100 റൺസ് തികയും മുൻപ് രാജസ്ഥാന് അഞ്ചു താരങ്ങളെ നഷ്ടമായി. 18 പന്തിൽനിന്ന് 26 റൺസെടുത്ത ജയദേവ് ഉനട്ഘട്ടാണ് രാജസ്ഥാനെ കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

വിക്കറ്റുകൾ വീണ് രാജസ്ഥാൻ തകർന്നടിയുന്ന സമയത്താണ് സോധി ബാറ്റിങ്ങിനെത്തിയത്. സോധി പതുക്കെ സ്കോർനില ഉയർത്തിക്കൊണ്ട് വരുമ്പോഴായിരുന്നു കാണികളെ ആശ്ചര്യപ്പെടുത്തികൊണ്ട് വിക്കറ്റ് വീണത്. 17-ാം ഓവറിലായിരുന്നു ഏവരെയും ആശങ്കപ്പെടുത്തിയ ആ വിക്കറ്റ്.

പ്രസീദ് കൃഷ്ണയെയാണ് സോധി നേരിട്ടത്. ബോൾ സോധിയുടെ ബാറ്റിൽ തട്ടിയശേഷം പാഡിൽ കൊണ്ട് ഉയർന്നുപൊങ്ങി. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ബോൾ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല. ഫീൽഡ് അംപയർമാർ തീരുമാനം തേർഡ് അംപയറിന് വിട്ടു. പക്ഷേ തേർഡ് അംപയർ ഔട്ടാണ് വിധിച്ചത്. അംപയറുടെ തീരുമാനത്തിന് പിന്നാലെ വിചിത്രമായ വിക്കറ്റെന്നാണ് രാജസ്ഥാൻ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

മൽസരത്തിൽ ആറു വിക്കറ്റിന് രാജസ്ഥാനെ കൊൽക്കത്ത പരാജയപ്പെടുത്തിയിരുന്നു. ജയത്തോടെ കൊൽക്കത്ത പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 18-ാം ഓവറിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ