/indian-express-malayalam/media/media_files/uploads/2023/10/Thomas-Bach.jpg)
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഇന്ത്യയുടെ താല്‍പര്യം, ഗൗരവമായി പരിഗണിക്കും: ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍|ഫൊട്ടോ;എഎന്‍ഐ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷനു മുന്നോടിയായി ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഇന്ത്യയുടെ 'മഹത്തായ താല്‍പ്പര്യം' താന്‍ ശ്രദ്ധിച്ചതായി ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്. 2028 പതിപ്പില്‍ ടി20 ക്രിക്കറ്റ് ഫോര്‍മാറ്റ് ഉള്‍പ്പെടുത്താനിരിക്കെ കായിക മാമാങ്കത്തിലേക്ക് ക്രിക്കറ്റിനെ വീണ്ടും അവതരിപ്പിക്കാന്‍ പറ്റിയ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
2036-ല്‍ ഇന്ത്യയില്‍ ഒളിമ്പിക്സ് നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഔദ്യോഗിക ലേല നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, സാധ്യതയെക്കുറിച്ച് ഗൗരവമായി പരിഗണിക്കുന്നതായി തോമസ് ബാച്ച് പറഞ്ഞു. ''വലിയ താല്‍പ്പര്യമുണ്ടെന്നും ഇന്ത്യയില്‍ (ലേലം വിളിക്കാന്‍) പ്രത്യക്ഷത്തില്‍ ഗൗരവമായ പരിഗണനകളുണ്ടെന്നും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് എങ്ങനെ ഒരു പ്രോജക്റ്റായി മാറുമെന്നും നമുക്ക് മുന്നില്‍ കൊണ്ടുവരുമെന്നും ഇനി കാത്തിരിക്കണം. അതിനുശേഷം മാത്രമേ ഞങ്ങള്‍ക്ക് ഒരു അഭിപ്രായം രൂപീകരിക്കാന്‍ കഴിയൂ, ''തോമസ് ബാച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''മള്‍ട്ടി-സ്പോര്‍ട്സ് ഇവന്റുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നത് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ട മറ്റൊരു വശമാണ്. 'ഇന്ത്യയില്‍ സമീപ വര്‍ഷങ്ങളില്‍ ഒളിമ്പിക് സ്പോര്‍ട്സ് എങ്ങനെ വളര്‍ന്നുവെന്നതില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ വേട്ട നോക്കുകയാണെങ്കില്‍, അത് ശരിക്കും ശ്രദ്ധേയമാണ്. ഇനി ഷൂട്ടിംഗ് മാത്രമല്ല, വിവിധ ഇനങ്ങളില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, ''അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച അവസാനം മുംബൈയില്‍ നടക്കുന്ന ഐഒസി സെഷന്‍ നേരത്തെ മേയ് മാസത്തിലാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ (ഐഒഎ) ഭരണപ്രശ്നങ്ങള്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഐഒഎക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം ആരോപണങ്ങള്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ തടസ്സപ്പെടുത്തുമോ എന്ന ചോദ്യത്തിന് 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇതിന് കാരണമാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യയെ 2010ലെ ഇന്ത്യയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു. ''എന്നാല്‍ ഐഒഎയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. ഇന്ത്യയിലെ ഞങ്ങളുടെ ഏജന്‍സിയാണ് ഐഒഎ ഒളിമ്പിക് നടത്തിപ്പിന്റെ കാര്യം വരുമ്പോള്‍, ദേശീയ ഒളിമ്പിക് കമ്മിറ്റിക്ക് മാത്രമേ കരാര്‍ ഒപ്പിടാന്‍ കഴിയൂ. എന്‍ഒസിയുടെ ഒപ്പില്ലാതെ സാധുവായ സ്ഥാനാര്‍ത്ഥിത്വമില്ല. അതുകൊണ്ടാണ് ഐഒഎയുടെ ഭരണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കേണ്ടത്'' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''ഞങ്ങള്‍ ചില നീക്കങ്ങള്‍ കണ്ടു. ഈ പുരോഗതി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇവിടെ സന്ദര്‍ശനത്തിന്റെ അവസരം ഞങ്ങള്‍ ഉപയോഗിക്കും. അപ്പോള്‍ നമുക്ക് ഐഒഎയില്‍ വിശ്വാസമുണ്ടാകും,' അദ്ദേഹം പറഞ്ഞു.
40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയത്വം ഇന്ത്യ വഹിക്കുന്നത്. സെഷനു മുന്നോടിയായി ഒക്ടോബര്‍ 12, 13 തീയതികളില്‍ ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരും. ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങ് ഒക്ടോബര്‍ 14 ന് നടക്കും. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് സെഷന്‍ നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us