സ്ത്രീകൾക്കായൊരു ദിനം അതാണ് ലോക വനിതാ ദിനം. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ സ്ത്രീകളെ ഓർത്തും വനിതാ ദിനം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുളളവരും.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഒട്ടും കുറയ്ക്കുന്നില്ല. ലോകമെമ്പാടുമുളള സ്ത്രീകൾക്ക് വനിതാ ദിനമാശംസിക്കുകയാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ. പക്ഷേ കോഹ്‌ലിയുടെ ഈ സന്ദേശം രണ്ട് പേർക്ക് പ്രത്യേകം സമർപ്പിച്ചിരിക്കുകയാണ്. ഒന്ന് തീർച്ചയായും കോഹ്‌ലിയുടെ അമ്മയാണ്. മറ്റേതാരെന്നല്ലേ? കോഹ്‌ലിയുടെ കാമുകി അനുഷ്‌ക ശർമ.

വാലന്റൈൻസ് ദിനത്തിൽ ഞങ്ങൾ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച കോഹ്‌ലി അത് വീണ്ടും വീണ്ടും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

അമ്മയ്ക്കും അനുഷ്‌കയ്‌ക്കുമൊപ്പമുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചു കൊണ്ടാണ് കോഹ്‌ലി വനിതാ ദിനം ആശംസിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുളള സ്ത്രീകൾക്ക് വനിതാ ദിനം ആശംസിക്കുന്നു. പ്രത്യേകിച്ച് എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾക്ക്. ഒന്ന് കഠിനമായ ഘട്ടത്തിലും കുടുംബത്തെ നോക്കിയ അമ്മയ്ക്കും. മറ്റേത് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന അനുഷ്‌കയ്‌ക്കും. എന്നാണ് കോഹ്‌ലി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

ഇതിനോടകം തന്നെ ഇന്ത്യയുടെ മനം കവർന്ന പ്രണയ ജോഡികളാണ് വിരാടും അനുഷ്‌കയും. വിരാടിന് എന്ത് മറുപടിയാണ് അനുഷ്‌ക നൽകുകയെന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ