കേരളം ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ദുരിതം വിതച്ച പ്രളയത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. ഈ നിമിഷവും രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമെല്ലാം സജീവമായി തന്നെ നടക്കുന്നുണ്ട്. എല്ലാം മറന്ന ജനങ്ങള്‍ പരസ്പരം കൈകോര്‍ത്ത് നിന്നാണ് പ്രളയത്തെ നേരിടുന്നത്. തങ്ങളെ കൊണ്ടാകുന്ന തരത്തിലെല്ലാം ഓരോ വ്യക്തിയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറുന്നു. എന്നാല്‍ ഇപ്പോഴും കേരളം നേരിടുന്ന പ്രതിസന്ധിയ്ക്ക് വേണ്ട വിധത്തിലുള്ള പ്രധാന്യം കേന്ദ്രം നല്‍കുന്നില്ലെന്ന ആക്ഷേപവും ധാരാളമാണ്.

കേന്ദ്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനും ശക്തമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന് പിന്തുണയും പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകം രംഗത്തെത്തുകയാണ്. പ്രമുഖ ക്ലബ്ബുകളായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ചെല്‍സി, എന്നീ ടീമുകളും സ്പാനിഷ് ലീഗായ ലാ ലീഗയും കേരളത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.


ഏറെ സങ്കീര്‍ണമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിനൊപ്പമുണ്ടെന്നും വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്ന എല്ലാവര്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നുമായിരുന്നു ലാ ലീഗയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ലാ ലീഗ ആഹ്വാനം ചെയ്യുന്നു. കേരളത്തിനൊപ്പമുണ്ടെന്ന് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നു. കേരളത്തിന് ഒപ്പമുണ്ടെന്നു പ്രഖാപിച്ച് കൊണ്ടാണ് മറ്റൊരു പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളും രംഗത്തെത്തിയത്. കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ക്ലബ്ബിന്റെ കേരളത്തിലെ ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേജിന്റെ ലിങ്കും ലിവര്‍പൂള്‍ പങ്കുവെച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പിന്തുണയറിക്കുന്നതായി ബാഴ്‌സലോണയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ മാസം കേരളത്തില്‍ ലാ ലീഗ കളിക്കാന്‍ എത്തിയ ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റിയും പിന്തുണ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ലോകം പ്രാര്‍ത്ഥനയും പിന്തുണയുമായി രംഗത്തെത്തി കൊണ്ടിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook