മറ്റേതൊരു കായിക ഇനത്തെ പോലെ ക്രിക്കറ്റിലും വനിതകളേക്കാള്‍ കൂടുതല്‍
വലിയ പിന്തുണയും പ്രാധാന്യവും ലഭിക്കുന്നതു പുരുഷ ടീമുകള്‍ക്കും പുരുഷതാരങ്ങള്‍ക്കുമാണ്. എന്നാല്‍, ഒരു കാലത്ത് ക്രിക്കറ്റില്‍ അസാധ്യമെന്ന് തോന്നിയതുള്‍പ്പടെ പല കാര്യങ്ങളും ആദ്യം സംഭവിച്ചത് വനിതാ ക്രിക്കറ്റിലാണ്. ക്രിക്കറ്റ് ലോകകപ്പും ടി20 മത്സരവുമെല്ലാം ആദ്യം കളിച്ചത് വനിതകളാണെന്ന ചരിത്രവസ്തുകള്‍ക്കൊപ്പം തന്നെ വ്യക്തിപരമായ പല നേട്ടങ്ങളും ആദ്യം സ്വന്തമാക്കിയത് വനിതാ താരങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചില നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ചുറി
ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് ഒരു വനിതാ താരമാണ്. 1997ല്‍ ഓസ്‌ട്രേലിയയുടെ ബെലിണ്ട ക്ലര്‍ക്കാണ് ആദ്യമായി ഏകദിനത്തില്‍ ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്കിനെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. 155 പന്തില്‍ 229 റണ്‍സാണ് ബെലിണ്ട നേടിയത്. അതിനു ശേഷം 13 വര്‍ഷത്തിനുശേഷമാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി തികയ്ക്കുന്നത്. അപ്പോഴും തകര്‍ക്കപ്പെടാതിരുന്ന ബെലിണ്ടയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തിരുത്തിയെഴുതിയത് 2014ല്‍ ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയും.
ഏകദിനത്തിലെയും ടി20യിലെയും ആദ്യ അഞ്ച് വിക്കറ്റ് നേട്ടം
ബാറ്റ്‌സ്മാന്മാര്‍ക്ക് സെഞ്ചുറി പോലെയാണ് ബോളര്‍മാര്‍ക്ക് അഞ്ച് വിക്കറ്റ് നേട്ടം. എതിര്‍നിരയിലെ പകുതിയിലധികം താരങ്ങളെ പുറത്താക്കുകയെന്നത് ബോളറെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. പുരുഷന്മാരുടെ മത്സരത്തില്‍ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിനായി കുറച്ചുനാള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ചരിത്രത്തിലിടംപിടിച്ച താരമാണ് ഓസ്‌ട്രേലിയയുടെ ടിന മാക്‌ഫെഴ്‌സണ്‍. ടി20 ക്രിക്കറ്റിലും ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് ഒരു വനിതാ താരമാണ്. ന്യൂസിലന്‍ഡിന്റെ എമി സറ്റര്‍ത്വെയ്റ്റ്. 2007യില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെയായിരുന്നു എമിയുടെ അഞ്ച് വിക്കറ്റ് പ്രകടനം.
Also Read: എന്തുക്കൊണ്ട് പന്തിന് സഞ്ജുവിനേക്കാൾ അവസരം ലഭിക്കുന്നു; പരിശീലകൻ ബിജു ജോർജ് വ്യക്തമാക്കുന്നു
400 പ്ലസ് ടീം സ്കോർ
പുരുഷ ക്രിക്കറ്റില്‍ രണ്ടായിരത്തി മുന്നൂറിലധികം മത്സരത്തിനുശേഷമാണ് ഒരു ടീം ഒറ്റ മത്സരത്തില്‍ 400നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയയായിരുന്നു ഈ നേട്ടം കരസ്ഥമാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് ഓസ്‌ട്രേലിയയുടെ അയല്‍ക്കാരായ ന്യൂസിലന്‍ഡ് ആയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയുടെ പുരുഷ ടീമിനേക്കാള്‍ ഒമ്പത് വര്‍ഷം മുമ്പ് കിവീസ് വനിതകള്‍ 400 തികച്ചു. പാക്കിസ്ഥാനെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ 455 റണ്‍സാണ് അവര്‍ സ്വന്തമാക്കിയത്. അതും വനിതാ ക്രിക്കറ്റിലെ 220-മത് മാത്രം ഏകദിന മത്സരത്തില്‍.
ഒരു ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ചുറിയും പത്ത് വിക്കറ്റ് നേട്ടവും
കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് തോന്നിയേക്കാവുന്ന ഈ നേട്ടം രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അഞ്ച് താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പരുഷ താരങ്ങളും രണ്ട് വനിതാ താരങ്ങളും. എങ്കിലും ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് ഓസ്‌ട്രേലിയയുടെ ബെറ്റി വില്‍സണാണ്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ബെറ്റി പന്തുകൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങിയത്.
പിന്നെയും ഏറെ…
ഇനിയും അവസാനിക്കുന്നില്ല. ആദ്യമായി 100 ടി20 മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇംഗ്ലണ്ടിന്റെ ജെന്നി ഗണ്ണിന്റെ പേരിലാണെങ്കില്‍ ടി20യില്‍ മൂവായിരത്തിലധികം റണ്‍സ് നേടിയ ആദ്യ താരം ന്യൂസിലന്‍ഡിന്റെ സൂസി ബെറ്റ്‌സാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അക്കൗണ്ടില്‍ 2794 റണ്‍സുള്ളപ്പോഴാണ് മൂവായിരവും കഴിഞ്ഞുള്ള സൂസി ബെറ്റ്‌സിന്റെ കുതിപ്പ്. മലിംഗ ടി20യില്‍ 100 വിക്കറ്റ് തികയ്ക്കുന്നതിനു മുമ്പ് തന്നെ വിന്‍ഡീസന്റെ അനീസ മുഹമ്മദും ഓസ്‌ട്രേലിയയുടെ എലിസി പെരിയും 100 വിക്കറ്റ് പിഴുതവരാണ്.
അങ്ങനെയങ്ങനെ ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചവരാണ് നമ്മുടെ വനിതാ താരങ്ങള്‍, അസാധ്യമെന്ന് തോന്നുന്ന പലതും സാധ്യമാണെന്ന് തെളിയിച്ചവര്‍.