scorecardresearch
Latest News

സദാനന്ദ വിജയം; റെയില്‍വേയെ പാളം തെറ്റിച്ച കേരള എക്‌സ്‌പ്രസിന്റെ ‘എന്‍ജിന്‍ ഡ്രൈവര്‍’

ദേശീയ ചാമ്പ്യന്‍ഷിപ്പ്, ഫെഡേറഷന്‍ കപ്പ് ഫൈനലുകളില്‍ കേരളത്തിനും കിരീടത്തിനും ഇടയില്‍ മഹാമേരുവായി നിന്ന റെയില്‍വേയെ കേരള വനിതാ ടീം ഇപ്പോള്‍ തുടര്‍ച്ചയായി എതിരാളികളെ തറപറ്റിക്കുന്നു. അതിന്റെ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍ ഡോ സി എസ് സദാനന്ദന്‍ സംസാരിക്കുന്നു

സദാനന്ദ വിജയം; റെയില്‍വേയെ പാളം തെറ്റിച്ച കേരള എക്‌സ്‌പ്രസിന്റെ ‘എന്‍ജിന്‍ ഡ്രൈവര്‍’

പത്തു വര്‍ഷം തുടര്‍ച്ചയായി രാജ്യത്തെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഒരേ ടീമിനോട് ഫൈനലില്‍ തോല്‍ക്കുക. ഒടുവില്‍ ആ ടീമിനെ തറപറ്റിച്ച് കപ്പുയര്‍ത്തുക. പിന്നീട് തുടര്‍ച്ചയായി മൂന്ന് ടൂര്‍ണമെന്റില്‍ അതേ ടീമിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തുക. കേരള വനിതാ വോളിബോള്‍ ടീമിന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തെ ചരിത്രത്തെ ഇങ്ങനെ ചുരുക്കാം.

ഇന്ത്യന്‍ റെയില്‍വേയാണു കപ്പിനും ചുണ്ടിനുമിടയില്‍ കേരളത്തിനു വിഘാതമായി നിന്നിരുന്നത്. കേരളത്തിനുവേണ്ടി കളിച്ചിരുന്നവര്‍ പലരും ജോലി ലഭിച്ച് റെയില്‍വേ ടീമിലെത്തി വിജയത്തിന്റെ ഭാഗമായി. മികച്ച താരങ്ങളുണ്ടായിട്ടും പ്രതീക്ഷകളുയര്‍ത്തിയശേഷമാണു കേരളം റെയില്‍വേക്കു മുന്നില്‍ മുട്ടുകുത്തിക്കൊണ്ടിരുന്നത്.

2019-ല്‍ ചെന്നൈ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് ആ പതിവ് മാറ്റിയെഴുതി കേരളം റെയില്‍വേയുടെ ട്രാക്കില്‍ വിജയത്തിന്റെ സൈറണ്‍ മുഴക്കി കുതിച്ചുപാഞ്ഞത്. തുടര്‍ന്ന് 13 മാസത്തിനിടെ രണ്ട് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും രണ്ട് ഫെഡറേഷന്‍ കപ്പിലും കേരള വനിതകള്‍ കിരീടമുയര്‍ത്തി.

റെയില്‍വേയ്ക്കു മുന്നില്‍ തോറ്റുപോകുമെന്ന മാനസികാവസ്ഥയില്‍നിന്നു കേരള വനിതകളെ മാറ്റിയെടുത്തതു സിഎസ് സദാനന്ദനാണ്. തിരുവനന്തപുരം ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ (എല്‍എന്‍സിപിഇ) അസോസിയേറ്റ് പ്രൊഫസറാണു തൃശൂര്‍ സ്വദേശിയായ സദാനന്ദന്‍. വോളിബോളിലെ സാങ്കേതികവശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഗവേഷണത്തിനു കേരള സര്‍വകലാശാലയില്‍നിന്ന് 1997-ല്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

കോര്‍ട്ടില്‍ സെറ്ററായി തിളങ്ങിയിരുന്ന അദ്ദേഹം ഗ്വാളിയറിലെ ജി വാജി സര്‍വകലാശാലയിലെ പഠനകാലത്ത് സര്‍വകലാശാല ടീമിലിടം നേടി. പിന്നീട് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് റാങ്കോടെ ദേശീയ പരിശീലക കോഴ്‌സ് പാസായി. രണ്ടുവര്‍ഷം പട്യാല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കായികാധ്യാപകരെ പഠിപ്പിച്ചു. രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്റെ ലെവല്‍ വണ്‍, ലെവല്‍ ടു കോഴ്‌സുകളും അദ്ദേഹം പാസായിട്ടുണ്ട്. അധ്യാപനരംഗത്തേക്ക് വരുന്നതിനു മുമ്പ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ പരിശീലകനായിരുന്നതിന്റെ അനുഭവവും അക്കാദമിക തലത്തിലെ അറിവുമാണു കേരള വനിതകളെ വിജയിക്കുന്ന ടീമാക്കി മാറ്റാന്‍ അദ്ദേഹത്തെ സഹായിച്ചത്.

Read Also: ജനങ്ങൾ ‘സിൽവർ സിന്ധു’വെന്ന് വിളിക്കാൻ തുടങ്ങി, വീണ്ടുമത് കേൾക്കാൻ ആഗ്രഹിച്ചില്ല: പി.വി.സിന്ധു

കേരളത്തില്‍ നിലവില്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റ് ടീമുകളാണുള്ളത്. കെഎസ്ഇബിയും കേരള പൊലീസും. കേരള ടീമില്‍ ഭൂരിപക്ഷവും കെഎസ്ഇബിയുടെ താരങ്ങളാണ് ഇടംപിടിക്കാറുള്ളത്. കെഎസ്ഇബി ടീം പരിശീലനം നടത്തുന്നതു തിരുവനന്തപുരം എല്‍എന്‍സിപി ഇയുടെ കാമ്പസിലും. കേരള ടീമുമായുള്ള സദാനന്ദന്റെ ബന്ധം തുടങ്ങുന്നത്് ഇവിടെ നിന്നാണ്.

”സാധാരണ പരിശീലകര്‍ക്കു കേരള ടീമിന്റെ പരിശീലനത്തിനായി ഒന്നോ രണ്ടോ ആഴ്ചത്തെ ക്യാമ്പാണു ലഭിക്കുന്നത്. എനിക്കു ടീമിലെ കളിക്കാരെ വര്‍ഷങ്ങളായി അറിയാം. അവരൊക്കെ കെഎസ്ഇബിയില്‍ ചേര്‍ന്നത് മുതല്‍ അറിയാം. അവരുടെ ശക്തിയും ദൗര്‍ബല്യങ്ങളും ഒരുപക്ഷേ, അവര്‍ക്കറിയാവുന്നതില്‍ കൂടുതല്‍ എനിക്ക് അറിയാമായിരുന്നു,” ടീമിന്റെ തലവര മാറ്റിയെഴുതിയതിനെക്കുറിച്ച് സദാനന്ദന്‍ പറഞ്ഞു തുടങ്ങി.

ഇടയ്ക്കു പരീശീലക വേഷം അഴിച്ചുവച്ച് സദാനന്ദന്‍ അക്കാദമിക വേഷം അണിഞ്ഞു. എങ്കിലും തന്റെ പാഷനായ പരിശീലനത്തെ പൂര്‍ണമായി അദ്ദേഹം കൈയൊഴിഞ്ഞില്ല. എല്‍എന്‍സിപിയുടെ കഴക്കൂട്ടത്തെ ക്യാമ്പസില്‍ ഒതുങ്ങിക്കൂടിയെന്ന് അദ്ദേഹം പറയുമെങ്കിലും കെഎസ്ഇബി ടീമിന്റെ പരിശീലനം നടത്തുന്നയിടത്ത് നിത്യ സന്ദര്‍ശകനായിരുന്നു. ഇതാണ് ടീമിനെയും അംഗങ്ങളെയും കൃത്യമായി അറിഞ്ഞിരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

ചുമതലയേറ്റെടുക്കും മുമ്പുള്ള രണ്ടു വര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ടീമിനൊപ്പമുണ്ടായിരുന്നു അദ്ദേഹം. ”ചെന്നൈയില്‍ 2015-2016 ലും കോഴിക്കോട്ട് 2016-2017 ലും നടന്ന രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ വനിതാ ടീമിനൊപ്പം കോച്ച് സണ്ണി സാറിന്റെ കൂടെ അനൗദ്യോഗികമായി ഞാനുമുണ്ടായിരുന്നു. ഇവ രണ്ടിലും പ്രതീക്ഷയുണര്‍ത്തിയശേഷം കേരളം റെയില്‍വേയോട് നിര്‍ഭാഗ്യവശാല്‍ തോറ്റു പോയതാണ്,” അദ്ദേഹം പറയുന്നു.

kerala women's volleyball coach sadanandan cs interview

”ഗ്യാലറിയില്‍ ഇരുന്നുകൊണ്ട് സണ്ണി സാറിനെ പിന്തുണച്ചു. കോര്‍ട്ടിനടുത്ത് എവിടെയെങ്കിലും ഇരുന്നാല്‍ കളി പൂര്‍ണമായി കാണാന്‍ പറ്റില്ല. കോച്ചെന്ന നിലയില്‍ ഇരുന്ന് മത്സരം കാണുമ്പോള്‍ മാനസിക സമ്മര്‍ദമുള്ളതിനാല്‍ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വിട്ടുപോകും. അതിനാല്‍ ഗാലറിയില്‍ ഇരുന്ന് മത്സരം കണ്ടശേഷം പ്രകടനത്തെക്കുറിച്ചുള്ള ഇന്‍പുട്ട് കോച്ചിനു കൊടുത്തു,” സദാനന്ദന്‍ പറഞ്ഞു.

ചെന്നൈ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പ്രാഥമിക ഘട്ടം അവസാനിച്ചപ്പോള്‍ സദാനന്ദന്‍ തിരുവനന്തപുരത്തുനിന്ന് ക്യാമറയുമായാണു പോയത്. പിന്നീടുള്ള മത്സരങ്ങള്‍ ഷൂട്ട് ചെയ്ത് കണ്ട് ടീമിന് ഇന്‍പുട്സ് കൊടുത്തു. ഈ രണ്ട് അവസരങ്ങളിലുമായി ടീമിന്റെ പരിമിതികള്‍ എന്തൊക്കെയാണെന്നു മനസിലാക്കാന്‍ സാധിച്ചു. ആ വീഡിയോ താന്‍ അനവധി തവണ കണ്ടിട്ടുണ്ടെന്നും അതൊക്കെ ഇപ്പോള്‍ മനപ്പാഠമാണെന്നും സദാനന്ദന്‍ പറഞ്ഞു. കേരള ടീം ഫൈനലില്‍ റെയില്‍വേയോട് ഇടറിവീഴാനുള്ള കാരണങ്ങള്‍ താരങ്ങളുടെ കളിശൈലിയിലെ പ്രശ്‌നങ്ങളും മാനസികമായ തടസങ്ങളും പ്രകടനത്തിലെ അസ്ഥിരതയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

വേഗത വേണം, ആക്രമണത്തിന് ഇടവും ലഭിക്കണം

”കോര്‍ട്ടില്‍ നെറ്റിനു സമീപം പന്ത് ബ്ലോക്ക് ചെയ്യുന്നതില്‍ നമ്മുടെ ടീമംഗങ്ങള്‍ക്കു വീഴ്ച പറ്റിയിരുന്നു. ബ്ലോക്ക് ചെയ്യുമ്പോള്‍ കൈകളുടെ പൊസിഷന്റെ പ്രശ്‌നങ്ങള്‍ മൂലം പന്ത് കൈയില്‍ തട്ടി പുറത്തേക്കു പോകുമായിരുന്നു. അത് എതിരാളികള്‍ക്കു സ്‌കോര്‍ ചെയ്യാന്‍ അവസരം നല്‍കും,” സദാനന്ദന്‍ പറഞ്ഞു.

താന്‍ മനസിലാക്കിയ കാര്യം പരിശീലകനാകും മുമ്പേ അദ്ദേഹം ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷേ, കണ്‍വിന്‍സിങ് ആയി തോന്നാത്തതിനാല്‍ അവരത് തിരുത്താന്‍ തയാറായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീട് താന്‍ പരിശീലകനായപ്പോള്‍ ക്യാമ്പില്‍ വച്ച് ധാരാളം ശ്രമിച്ച് തിരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”കേരളത്തിന്റെ ടീമിന്റെ ശൈലി അതിവേഗ ആക്രമണമായിരുന്നു. ഞാന്‍ ചുതലയേല്‍ക്കുമ്പോള്‍ ലഭിച്ചത് അതിവേഗം കളിക്കുന്ന, എന്നാല്‍ അതിന്റെ ഗുണം പ്രത്യാക്രമണത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലുള്ള ടീമിനെയായിരുന്നു. അതുപയോഗപ്പെടുത്താന്‍ ഞാന്‍ വേഗം കുറച്ചു. അറ്റാക്കേഴ്‌സിനെ സ്വതന്തരാക്കി,” അദ്ദേഹം തന്ത്രം വെളിപ്പെടുത്തി.

Read Also: കാലം മനസിലാക്കി തരുന്ന ചില കാര്യങ്ങള്‍; എസ് ഹരീഷ് അഭിമുഖം

തന്റെ പരിശീലന തത്വശാസ്ത്രം അനുസരിച്ച് റെയില്‍വേയെ തോല്‍പ്പിക്കാന്‍ അതിവേഗ ആക്രമണം മാത്രം പോരെന്നാണു സദാനന്ദന്റെ കണ്ടെത്തല്‍.

”എതിരാളികളുടെ പന്തുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ റെയില്‍വേ താരങ്ങള്‍ മികവുള്ളവരാണ്. ടീമംഗങ്ങള്‍ എല്ലാം 180 സെന്റിമീറ്ററില്‍ അധികം ഉയരമുള്ളവരും. അവര്‍ക്കെതിരെ അതിവേഗ ആക്രമണ തന്ത്രം ശരിയായിരുന്നു. എന്നാലേ അവരുടെ പന്തുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. മുമ്പ് ടീമിനെ പരിശീലിപ്പിച്ചിരുന്നവരുടെ തത്വശാസ്ത്രം ശരിയായിരുന്നു. അതിവേഗം കളിക്കണം. പക്ഷേ, നെറ്റിനോട് എത്രത്തോളം അടുത്ത് കളിക്കുന്നുവോ അത് എതിരാളികള്‍ക്ക് അഡ്വാന്റേജ് ആണ്. അവര്‍ക്ക് പെട്ടെന്ന് ചാടി കൈകള്‍ ഇപ്പുറത്തേക്കിട്ട് പന്തിനെ നമ്മുടെ ഭാഗത്തേക്കു തന്നെ തള്ളാന്‍ പറ്റും. ഞാന്‍ അതില്‍ ചെറിയൊരു മാറ്റം വരുത്തി. അല്‍പ്പം വേഗത കുറച്ച് നമ്മുടെ അറ്റാക്കേഴ്‌സിന്റെ തന്ത്രപരമായ കഴിവിനെ ഉപയോഗിച്ചു. അതുപോലെ നമ്മള്‍ പന്തടിക്കുന്നിടത്തേക്ക് റെയില്‍വേയുടെ കളിക്കാരുടെ കൈകള്‍ എത്താത്ത സാഹചര്യവുമുണ്ടാക്കി,” അദ്ദേഹം വിശദീകരിച്ചു.

തുടക്കത്തില്‍ വിസമ്മതം, ഗുണം മനസിലാക്കിയപ്പോള്‍ അംഗീകാരം

വര്‍ഷങ്ങളായി ഒരുമിച്ചു കളിക്കുന്ന താരങ്ങള്‍ പിന്തുടരുന്ന ശൈലിയില്‍ മാറ്റം കൊണ്ടുവരുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ സ്വാഭാവികമായും കഴിയാതെവരും. അതേക്കുറിച്ച് സദാനന്ദന്‍ പറയുന്നത് ഇങ്ങനെയാണ്:

” തുടക്കത്തില്‍ ഉള്‍ക്കൊള്ളാന്‍ ടീമംഗങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് സെറ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. അവരുടെ പഴയ സിസ്റ്റത്തിലെ കളിയില്‍നിന്നു പെട്ടെന്നൊരു മാറ്റം ഉള്‍ക്കൊള്ളാന്‍ പാടായിരുന്നു. ഒരു ടീമിനെ സംബന്ധിച്ച് അവര്‍ കളിച്ചിരുന്ന രീതിയില്‍ മറ്റൊരു പരിശീലകന്‍ വന്ന് മാറ്റുമ്പോള്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും.”

cs sadanandan, സി എസ് സദാനന്ദന്‍, kerala women's team coach, കേരള വനിതാ വോളിബോള്‍ ടീം, പരിശീലകന്‍, LNCPE, റെയില്‍വേ, ഫെഡറേഷന്‍ കപ്പ്, ദേശീയ ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍മാര്‍, എല്‍എന്‍സിപിഇ, iemalayalam, ഐഇമലയാളം
ഡോ സി എസ് സദാനന്ദന്‍

ഈ ദുര്‍ഘട സന്ധിയെ സന്ദാനന്ദന്‍ കൈകാര്യം ചെയ്തത് തന്ത്രപരമായും മാനസികവുമായ സമീപനത്തിലൂടെയുമാണ്. ”പക്ഷേ, എന്റെ നിരീക്ഷണങ്ങളും അതില്‍ നിന്നുള്ള പാഠങ്ങളും ഞാന്‍ ശക്തിയുക്തം തന്നെ പറഞ്ഞിരുന്നു. നെറ്റിനോട് അടുത്ത് കളിക്കാര്‍ പോകുമ്പോള്‍ അതൊരു മോശം നീക്കമായിരുന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. അവര്‍ക്കു മുറിവേല്‍പ്പിക്കുന്ന രീതിയിലല്ലാതെ പെട്ടെന്ന് ഫലം ലഭിക്കുന്നതിനുള്ള തരത്തിലായിരുന്നു പറയുക. അവര്‍ നല്ലൊരു നീക്കം നടത്തുമ്പോള്‍ അതും പറയുമായിരുന്നു. പുതിയ ശൈലിയിലൂടെ അറ്റാക്കേഴ്‌സിന് കൂടുതല്‍ സ്വതന്ത്രമായി കളിക്കാന്‍ സാധിച്ചു. ഇതെല്ലാം അടുത്ത പ്രധാന ടൂര്‍ണമെന്റുകളില്‍ പ്രയോഗിക്കാന്‍ താരങ്ങള്‍ മാനസികമായി തയാറായി,” അദ്ദേഹം ടീമിന്റെ മാറ്റത്തിനു തുടക്കം കുറിച്ച നാളുകളെ കുറിച്ച് പറഞ്ഞു.

”പരിശീലന സമയത്ത് നമ്മുടെ ടീം കോര്‍ ഡിഫന്‍സ് നന്നായി കളിക്കുന്നവരാണ്. പക്ഷേ, അത് മത്സരങ്ങളില്‍ കണ്ടില്ല. അവരുടെ യഥാര്‍ഥ പ്രതിരോധ ശക്തി മത്സരത്തില്‍ ഒരിക്കലും കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ക്യാമ്പിന്റെ ഒന്നാം ദിവസം മുതല്‍ ഞാന്‍ പ്രതിരോധത്തിനും പ്രാധാന്യം നല്‍കി. 2019-ല്‍ ചെന്നൈയില്‍ നടന്ന സീനിയര്‍ വിമന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ റെയില്‍വേക്കെതിരെ കേരളം നാലാമത്തെ സെറ്റ് വിജയിക്കാന്‍ കാരണം മികച്ച പ്രതിരോധമായിരുന്നു. നിര്‍ണായക സാഹചര്യത്തില്‍ റെയില്‍വേ പിന്നോട്ടടിച്ചതും ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ കേരളത്തെ സഹായിച്ചതും ആ പ്രതിരോധമായിരുന്നു. ആ പോയിന്റ് പരിശീലനത്തില്‍ എപ്പോഴും ഞാന്‍ പറയാറുണ്ടായിരിന്നു. അത് കളിക്കാരുടെ മനസില്‍ രജിസ്റ്റര്‍ ചെയ്യിച്ചു. പിന്നീടുള്ള ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഫെഡറേഷന്‍ കപ്പിലും റെയില്‍വേയുടെ പരിശീലകന്‍ പോലും പ്രശംസിക്കുന്ന തരത്തിലേക്കു നമ്മുടെ പ്രതിരോധം വളര്‍ന്നു,” അദ്ദേഹം പറഞ്ഞു.

റെയില്‍വേയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നൊരു തോന്നല്‍ കളിക്കാര്‍ക്കുണ്ടായിരുന്നോ?

2015-2016-ലും 2016-2017-ലും കേരളം വിജയിക്കുമെന്ന തോന്നല്‍ ഉളവാക്കിയ ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നു. കേരളം നേടിയ മൂന്നാം സെറ്റില്‍ റെയില്‍വേയുടെ ശരീരഭാഷ കണ്ടാല്‍ അറിയാം അവര്‍ മത്സരം തോറ്റുവെന്ന നിലയിലാണു കളിക്കുന്നതെന്ന്. നാലാം സെറ്റില്‍ കേരളം യാതൊരു പ്രയത്‌നവും ഇല്ലാതെ കളിച്ചു. ഒടുവില്‍ നമ്മള്‍ മത്സരം റെയില്‍വേയുടെ കൈയില്‍ കൊണ്ടുചെന്ന് കൊടുക്കുകയായിരുന്നു. നമ്മുടെ ടീമിനൊരു  അസ്ഥിരത ഉണ്ടായിരുന്നു.

റെയില്‍വേക്കെതിരെ കേരളം സെറ്റുകള്‍ വിജയിക്കുന്നുണ്ട്. നമ്മള്‍ നേരിട്ടുള്ള സെറ്റുകള്‍ക്കല്ല തോറ്റിരുന്നത്. മത്സരം ജയിക്കുമെന്നു തോന്നിപ്പിച്ചിട്ട് കൈയില്‍നിന്നു വിട്ടുപോകുകയാണു ചെയ്യുന്നത്. നമ്മള്‍ റെയില്‍വേയ്ക്കു തുല്യ എതിരാളികള്‍ തന്നെയായിരുന്നു. നമ്മള്‍ ഒരു സെറ്റ് പിടിച്ചെടുത്തശേഷം അടുത്തതില്‍ മാനസികമായി തളര്‍ന്നുപോകുമായിരുന്നു. നമുക്ക് ധാരാളം മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഞാന്‍ വനിതാ ടീമിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ മുതല്‍ ശ്രമിച്ചതു നമുക്ക് ജയിക്കാന്‍ പറ്റുമെന്ന ചിന്തയുള്ള ടീമാക്കി കേരളത്തെ മാറ്റാനാണ്. നിങ്ങള്‍ ഒമ്പത് പ്രാവശ്യം ഒരാളോട് തോല്‍ക്കുന്നു. പത്താമത്തെ തവണ വരുമ്പോള്‍ നമ്മള്‍ ഈ മത്സരം ജയിക്കുമെന്നു ഞാന്‍ പറയുകയാണെങ്കില്‍ സാറ് വെറുതേ തമാശ പറയരുതെന്ന് അവര്‍ പറയും. സത്യം പറഞ്ഞാല്‍ ആ അവസ്ഥയായിരുന്നു.

Read Also: ധോണിയും കോഹ്‌ലിയുമല്ല; ഇഷ്ട നായകൻ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

എന്റെ അക്കാദമിക പശ്ചാത്തലം വച്ച് ആ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ വര്‍ക്കൗട്ട് ചെയ്തു. ഞാന്‍ യാതൊരു കാരണവശാലും ടീം മീറ്റിങ് വിളിച്ച് ഇക്കാര്യം പറഞ്ഞില്ല. കാരണം, ടീമെന്നത് ഒരു ഗ്രൂപ്പ് ബിഹേവിയര്‍ ആണ്. ഒരു ടീം എന്ന നിലയില്‍ അവര്‍ കഴിഞ്ഞ തവണ തോറ്റവരാണ്. ടീമില്‍ ആകെ രണ്ടുപേരാണ് പുതുതായി വന്നത്. ബാക്കി പത്ത് പേരും പഴയ ടീമിലുള്ളവരാണ്. ഒരു ഗ്രൂപ്പ് എന്ന നിലയില്‍ തോറ്റോടിയ സൈന്യമാണത്. അപ്പോള്‍ ‘വാ നമുക്ക് പോരാടാമെന്ന്’ ടീം മീറ്റിംഗില്‍ പറഞ്ഞാല്‍ ശരിയാകില്ല.

പകരം, സമയം കിട്ടുമ്പോഴെല്ലാം ഓരോരുത്തരുമായി വ്യക്തിപരമായി സംസാരിക്കുമായിരുന്നു. അവര്‍ക്കറിയാത്ത അവരുടെ പോസിറ്റീവായ കാര്യങ്ങള്‍ പറയും. ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ഞാന്‍ ഏതെങ്കിലുമൊരു താരത്തിന്റെ അടുത്ത് ഇരിക്കും. അവരോട് കാഷ്വലായി സംസാരിക്കും, ഒരു സൈക്കോളജിക്കല്‍ ഇന്റര്‍വെന്‍ഷന്‍ നടത്തുകയാണെന്നു തോന്നാതെ.

രണ്ട് ടീമുകളിലെയും ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ താരങ്ങളെ താരതമ്യപ്പെടുത്തും. നിങ്ങളാണോ മികച്ചത്, അവരാണോ മികച്ചതെന്നു ചോദിക്കും. വളരെ സത്യസന്ധമായ മറുപടി താരത്തില്‍നിന്നു ലഭിക്കും. നിങ്ങളാണ് മികച്ചതെങ്കില്‍ എന്തുകൊണ്ടത് അടുത്ത മത്സരത്തില്‍ തെളിയിച്ചുകൂടായെന്ന് അവരോട് ചോദിക്കും. ഒരു വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച താരം നിങ്ങളാണെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതു ശരിക്കും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ആദ്യ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വെല്ലുവിളി ലെറ്റ് ടീം വിന്‍ ഓര്‍ ലൂസ് എന്നതായിരുന്നു.

ഒരു ടീമെന്ന നിലയില്‍ റെയില്‍വേ മികച്ചതാണ്. അനുഭവ പരിചയമുണ്ടെന്നും വിജയിക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിച്ചിരുന്നു. ഇന്‍ഫീരിയര്‍ ആണെന്ന ബോധം നമ്മുടെ ടീമിനുണ്ടായിരുന്നു. അതു പലവിധത്തിലൂടെ മാറ്റിയെടുത്തു. പക്ഷേ, വ്യക്തിഗതമായെടുത്താല്‍ നമ്മുടെ താരങ്ങള്‍ അവരേക്കാള്‍ മികച്ചതാണെന്ന തോന്നലുണ്ടാക്കിയെടുത്തു. കോര്‍ട്ടിനകത്തും പുറത്തും നമ്മള്‍ സൂപ്പീരിയര്‍ ആണെന്ന തോന്നല്‍ കളിക്കാരിലുണ്ടാക്കുക വളരെ പ്രധാനമായിരുന്നു.

ഫോക്കസില്ലായ്മ അടിസ്ഥാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

കേരള ടീമിന്റെ മറ്റൊരു പ്രധാന പ്രശ്നം ഫോക്കസില്ലായ്മയായിരുന്നുവെന്നാണു സദാനന്ദന്റെ നിരീക്ഷണം. ”ഏറ്റവും അത്യാവശ്യം വേണ്ടത് എന്താണെന്നു തിരിച്ചറിഞ്ഞ് ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഫോക്കസ് മാറിക്കൊണ്ടിരിക്കും. അതുമൂലം, കളിയുടെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ നമ്മള്‍ ദുര്‍ബലരാകും. അത് മനസിലാക്കിയ ഞാന്‍ പരിശീലനത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മത്സരങ്ങളില്‍ അനാവശ്യമായ തെറ്റുകള്‍ വരുന്നത് കുറഞ്ഞു. അതുവഴി എതിരാളികള്‍ക്കു സ്‌കോര്‍ ചെയ്യാനുള്ള സാധ്യത കുറഞ്ഞു. നമ്മുടെ തെറ്റുകളില്‍ നിന്നല്ലേ എതിരാളികള്‍ സ്‌കോര്‍ ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.

Read Also:20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി

പരിശീലകനായി ചുമതലയേറ്റെടുത്തശേഷം 2019 ജനുവരിയില്‍ ചെന്നൈയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാര്‍ തന്റെ പാഠങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്ന സംശയം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

kse”പക്ഷേ, ടൂര്‍ണമെന്റ് പുരോഗമിച്ചതോടെ അവര്‍ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കളിക്കുന്നുവെന്ന് മനസിലായി. പിന്നീട് എനിക്ക് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടില്ല. ആ സ്ട്രഗിള്‍ ഞാന്‍ കൈകാര്യം ചെയ്തത് അവര്‍ക്ക് ബോധ്യപ്പെടുംവിധം കാര്യങ്ങള്‍ പറയുക എന്നതിലൂടെയായിരുന്നു. അല്ലാതെ അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒന്നും ചെയ്തിരുന്നില്ല. പരിശീലനം നടത്തുമ്പോള്‍ വരുന്ന തെറ്റുകളും ശരികളും ചൂണ്ടിക്കാണിച്ച് കൃത്യമായി പറഞ്ഞ് കൊടുക്കുമായിരുന്നു. കാരണം, പൊതുവായി പറഞ്ഞു കൊടുത്താല്‍ മനസിലാകണമെന്നില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവയെ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു നല്‍കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

kerala women's volleyball team coach sadanandan cs

മത്സരങ്ങളുടെ വീഡിയോകള്‍ മനഃപ്പാഠം

കേരളത്തിന്റെയും എതിരാളികളുടെയും മത്സരങ്ങളുടെ വീഡിയോകള്‍ സ്ഥിരമായി സദാനന്ദന്‍ കാണാറുണ്ട്. അസിസ്റ്റന്റ് കോച്ച് അബ്ദുള്‍ മജീദിനൊപ്പമാണു വീഡിയോ വിശകലനം ചെയ്യുന്നത്. വീഡിയോകള്‍ കണ്ട് റെയില്‍വേയുടെ ഒരു താരം തെറ്റ് വരുത്തുന്നത് എവിടെയാണെന്ന് കണ്ടെത്തി അവരെ നമുക്ക് എങ്ങനെ അറ്റാക്ക് ചെയ്യാമെന്നതിനെക്കുറിച്ച് ചിന്തിക്കും. അത് ടീമിന് പറഞ്ഞുകൊടുക്കും.

”റെയില്‍വേയുടെ പ്രധാന കളിക്കാരെ മനസിലാക്കി അവരെ ബ്ലോക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ കൃത്യമായി പഠിക്കാറുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് റെയില്‍വേയുടെ നീക്കങ്ങളെയും പ്രധാന കളിക്കാരെയും ഫൈനലില്‍ ഞങ്ങള്‍ക്ക് തളയ്ക്കാന്‍ പറ്റിയത്. അതായിരുന്നു ഞങ്ങളുടെ വിജയവും. ആ ഒരു തോല്‍വിയോടെ റെയില്‍വേ പാളംതെറ്റി,” അദ്ദേഹം പറഞ്ഞു.

എതിരാളിയുടെ തന്ത്രം എതിരാളിക്കെതിരെ പ്രയോഗിക്കുക

”നമ്മുടെ ദുര്‍ബലരായ കളിക്കാരെ അവര്‍ തുടര്‍ച്ചയായി ആക്രമിക്കുമായിരുന്നു. ആ തന്ത്രം ഞങ്ങള്‍ തിരികെ പയറ്റി. അവരുടെ ദുര്‍ബലരെ ആക്രമിച്ചു. അതോടെ അവര്‍ പ്രതിരോധത്തിലായി. ശക്തി ഉപയോഗിക്കാതിരിക്കാന്‍ ദൗര്‍ബല്യത്തെ ആക്രമിക്കുകയാണ് അവര്‍ ചെയ്തത്. പ്രതിരോധത്തിലാണു ദൗര്‍ബല്യമെങ്കില്‍ തുടര്‍ച്ചയായി അവിടേക്ക് ആക്രമണം വരുമ്പോള്‍ എന്റെ ശക്തിയായ ആക്രമണത്തെ പ്രയോഗിക്കാന്‍ പറ്റാതെ വരും,” അദ്ദേഹം പറഞ്ഞു.

പുതിയ താരങ്ങള്‍ക്ക് ക്ഷാമം

ഒരുകാലത്ത് ധാരാളം നല്ല താരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. ”നമുക്ക് അടുത്തിടെ നല്ല ഒരു കൂട്ടം കളിക്കാരെ ലഭിച്ചിട്ടില്ല. ചെന്നൈ, ഭുവനേശ്വര്‍ നാഷണല്‍സും അമൃത്സര്‍ ഫെഡറേഷന്‍ കപ്പിലും ചിറ്റഗോങ് ഫെഡറേഷന്‍ കപ്പിലും ഒരുപറ്റം കളിക്കാരെ മാറിമാറി പരീക്ഷിക്കുകയായിരുന്നു. പക്ഷേ, ഒന്നോ രണ്ടോ പേരില്‍ ഒഴികെ ഭാവി കാണാന്‍ കഴിയുന്നില്ല. താഴേത്തട്ടില്‍ കളിക്കാരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല. നിലവാരത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ കളിക്കുന്ന പോലെയല്ല ദേശീയ ചാമ്പ്യന്‍ഷിപ്പ് കളിക്കേണ്ടത്. അവിടെ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഒരു താരം യൂണിവേഴ്സ്റ്റിയില്‍നിന്നു സംസ്ഥാന ടീമിലേക്കു വരുമ്പോള്‍ സംസ്ഥാന ടീമുമായി ഒത്തുപോകാനാകുന്നില്ല. അപ്പോള്‍ പരിശീലന രീതിയില്‍ മാറ്റം കൊണ്ടുവരണം. എങ്കില്‍ മാത്രമേ ഭാവി വാഗ്ദാനങ്ങളെ നമുക്ക് ലഭിക്കൂ,” അദ്ദേഹം പറഞ്ഞു.

”കളിക്കാര്‍ക്ക് ജോലി കൊടുക്കാന്‍ പറ്റുന്നില്ലെന്നതാണു മറ്റൊരു കാരണം. ഒരു താരം യൂണിവേഴ്‌സിറ്റി തലത്തില്‍ കളിക്കുന്നു. അത് കഴിഞ്ഞാല്‍ ആ താരം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. നമുക്ക് ജോലി കൊടുക്കാന്‍ ഇപ്പോള്‍ രണ്ട് ടീമുകളേയുള്ളൂ. കെഎസ്ഇബിയും കേരള പൊലീസും. അതൊരു പ്രശ്‌നമാണ്. കെഎസ്ഇബിയിലെ എട്ട്, പത്ത് താരങ്ങളാണ് മിക്കവാറും സംസ്ഥാന ടീമില്‍ ഇടംപിടിക്കുന്നത്. താരങ്ങള്‍ക്ക് എക്‌സല്‍ ചെയ്യാന്‍ പറ്റുന്ന സ്ഥലത്തേക്ക്് എത്താന്‍ പറ്റുന്നില്ല. നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ ടീമിനെ ഉണ്ടാക്കേണ്ടിവരും. കൂടുതല്‍ കളിക്കാര്‍ക്കു കേരളത്തില്‍ ജോലി കൊടുക്കുകയെന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. ചെന്നൈ നാഷണല്‍സില്‍ നമ്മുടെ പ്രധാന താരമായിരുന്നു കേരള പൊലീസിലെ കളിക്കാരി ഇപ്പോള്‍ റെയില്‍വേയില്‍ ചേര്‍ന്നു. നമുക്കെതിരെ കളിക്കുന്നു. കേരളത്തില്‍ നല്ല തസ്തികകളില്‍ ജോലി നല്‍കണം. അല്ലെങ്കില്‍ നല്ല അവസരം കിട്ടുമ്പോള്‍ അവര്‍ പോകും. കാരണം അവരുടെ ജീവിതമാണ്.”

പരിശീലനത്തില്‍ വേറിട്ടു നിര്‍ത്തുന്ന അക്കാദമിക അറിവ്

കായിക പരിശീലനം സയന്‍സാണെന്നും പുറത്തുനിന്ന് കാണുന്നവര്‍ ഇതു കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. ”പരിശീലനത്തില്‍ മറ്റുള്ളവരേക്കാള്‍ എനിക്കൊരു മുന്‍തൂക്കമുണ്ടെങ്കില്‍ അത് അക്കാദമിക രംഗത്തെ അറിവുമുള്ളതു കൊണ്ടാണ്. മറ്റു പരിശീലകരെ പോലെ എനിക്ക് ഫീല്‍ഡ് എക്‌സിപീരിയന്‍സ് ഉണ്ടാകണമെന്നില്ല. കാരണം, ഇവിടത്തെ കളിക്കാരെ മാത്രമാണു ഞാന്‍ പരിശീലിപ്പിക്കുന്നത്,” അദ്ദേഹം പറയുന്നു.

Read Also: എത്രയോ തവണ നമ്മൾ കെട്ടിപ്പിടിച്ചു കരഞ്ഞിരിക്കുന്നു, എന്നും കരുത്താവുന്ന സൗഹൃദത്തെ കുറിച്ച് രേവതിയും സുഹാസിനിയും

”ടീമിനെ വിശകലനം ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും അവരിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും കണ്ടുപിടിക്കുന്നതിനും സഹായിക്കുന്നത് എന്റെ അക്കാദമിക അറിവുകൊണ്ട് കൂടിയാണ്. നമ്മളൊരു ഹ്യൂമന്‍ ഓര്‍ഗാനിസത്തെയാണു കൈകാര്യം ചെയ്യുന്നത്. ഒരു മനുഷ്യന്റെ ശരീരമെന്നു പറഞ്ഞാല്‍ വളരെ ഡെലിക്കേറ്റായ സ്ട്രക്ചറാണ്. ഹൃദയം, ശ്വാസകോശങ്ങള്‍, പേശികള്‍, നെര്‍വ് സിസ്റ്റം അതിനെയൊക്കെ ക്വാഷ്വലായി കൈകാര്യം ചെയ്യാന്‍ പാടില്ല. അതിനൊക്കെ ഒരു ശാസ്ത്രീയ അടിസ്ഥാനമുണ്ട്. ആ അടിസ്ഥാനം അറിയാതെ ചെയ്യുന്നത് മോശമായിട്ടേ ഭവിക്കുകയുള്ളൂ. കാരണം, പ്രായോഗിക അറിവ് ഒരു പരിധി വരെ സഹായിച്ചേക്കാം. പക്ഷേ, അതിനപ്പുറത്തേക്ക് അതിന് ഹാം ചെയ്യാനും സാധിക്കും. സ്‌കൂള്‍ തലത്തിലൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചശേഷം പിന്നീട് കാണാതെ പോകാന്‍ ബേണ്‍ ഔട്ട് കാരണമാകും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൊടുക്കേണ്ട പരിശീലനത്തിന്റെ ലോഡ് അമിതമായി കൊടുത്താല്‍ ബേണ്‍ ഔട്ടിന് കാരണമാകും,” അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഓരോദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ വീഡിയോ ആക്കി വാട്‌സാപ്പിലൂടെ സദാനന്ദന്‍ കളിക്കാര്‍ക്ക് അയച്ചുകൊടുക്കുന്നുണ്ട്. താരങ്ങള്‍ അവ പരിശീലിക്കുന്നതിന്റെ വീഡിയോ തിരികെ അയയ്ക്കും. അതിലെ തെറ്റുകള്‍ തിരുത്തി പറഞ്ഞുകൊടുക്കും. പക്ഷേ, വോളിബോള്‍ വച്ച് ചെയ്യുന്നത്ര ഫലം ലഭിക്കില്ല. എങ്കിലും ലോക്ക് ഡൗണ്‍ കാലയളവില്‍ അവരുടെ ഫിറ്റ്‌നസ് താഴെപ്പോകാതെ നോക്കാനുള്ള പരിശീലനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമിക രംഗത്തേക്കുവന്ന ശേഷം സദാനന്ദന്‍ എല്‍എന്‍സിപിഇയ്ക്കു പുറത്തിറങ്ങിയതു കേരള ടീമിനെ പരിശീലിപ്പിക്കാനാണ്. അതില്‍ അദ്ദേഹം നൂറുമേനി കൊയ്യുകയും ചെയ്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Interivew cs sadanandan keralavolleyball womens team coach