ഡർബൻ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. കൈവിരലിന് പരുക്കേറ്റ നായകൻ ഫാഫ് ഡുപ്ലിസിസ് ഏകദിന പരമ്പരയിൽ നിന്ന് പിന്മാറി. ആദ്യ ഏകദിന മത്സരത്തിനിടെയാണ് ഡുപ്ലിക്ക് പരുക്കേറ്റത്. ഡുപ്ലിസിസ്ന് പകരം എയ്ഡൻ മർക്രാം ശേഷിക്കുന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിക്കും.
ആദ്യമായാണ് എയ്ഡൻ മർക്രാം ദക്ഷിണാഫ്രിക്കയുടെ സീനിയർ ടീമിനെ നയിക്കുന്നത്. അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ നയിച്ച പരിചയം മർക്രാമിന് തുണയായേക്കും. ഡുപ്ലിസിസ്നും, ഡിവില്ലിയേഴ്സിനും പരുക്കേറ്റതോടെയാണ് മർക്രാമിന് നറുക്ക് വീണത്. ദക്ഷിണാഫ്രിക്കയ്ക്കായി 2 ഏകദിന മത്സരം മാത്രമാണ് മർക്രാം കളിച്ചിട്ടുള്ളത്.
ആദ്യ ഏകദിനത്തിൽ ഇന്ത്യയോടേറ്റ തോൽവി മർക്രാമിന് വെല്ലുവിളിയാകും. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യയെ കീഴ്പ്പെടുത്തുക എന്നത് മർക്രാമിനെ സംബന്ധിച്ച് കടുത്ത പരീക്ഷണമാകും. കൈവിരലിന് പരുക്കേറ്റ ഡുപ്ലിസിസ്ന് ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയും നഷ്ടടമാകും. 6 ഏകദിന മത്സരങ്ങൾ അടുങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.