വ്യാഴാഴ്ച ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ നീരജ് ചോപ്ര പിന്മാറി. പരുക്കിനെ തുടർന്നാണ് പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നിന്ന് നീരജ് പിന്മാറിയത്. ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയിരുന്നു നീരജ്.
ശനിയാഴ്ച യുഎസിലെ യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ നിലവിലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ചോപ്രയുടെ അരക്കെട്ടിന് പരുക്കേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന് ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു.
“നീരജ് 100 ശതമാനം ഫിറ്റല്ലെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇന്ന് രാവിലെ അറിയിച്ചു. ഞരമ്പിന് പരുക്കേറ്റതിനാൽ സ്‌കാനിംഗിന് ശേഷം ഒരു അദ്ദേഹത്തിന് മാസത്തെ വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതിനാൽ, അദ്ദേഹം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല,” മേത്ത ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയെന്തേണ്ടിയിരുന്നത് 24 കാരനായ നീരജായിരുന്നു. നീരജിന്റെ അഭാവത്തിൽ പുതിയ പതാകവാഹകനെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മേത്ത പറഞ്ഞു.
ഞായറാഴ്ച നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് വെള്ളിമെഡൽ നേടിയിരുന്നു. നാലാം ശ്രമത്തിൽ 88.13 മീറ്റർ എറിഞ്ഞാണ് മെഡൽ ഉറപ്പിച്ചത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടമായിരുന്നു ഇത്. 2003-ൽ പാരീസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ അഞ്ജു ബോബി ജോർജ്ജ് വെങ്കലം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നതും.