ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം ഏറെ നിർണായകമായതാണ്. ടെസ്റ്റ് പരമ്പരയിൽ ഓരോ ജയവുമായി സമനില പാലിക്കുന്ന ആതിഥേയർക്കും സന്ദർശകർക്കും ജയം അനിവാര്യം. എന്നാൽ തുടക്കം മുതൽ ഇന്ത്യൻ ടീമിനെ വേട്ടയാടുന്ന പരുക്ക് നാലാം മത്സരത്തിലും ടീമിന് തിരിച്ചടിയാകും. മൂന്നാം മത്സരത്തിനിടെ പരുക്കേറ്റ ഹനുമ വിഹാരിക്ക് നാലാം മത്സരം നഷ്ടമാകും. ജഡേജയ്ക്കും ബ്രിസ്ബെയ്ൻ ടെസ്റ്റ് നഷടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സിഡ്നിയിൽ ക്രീസിൽ നിലയുറപ്പിച്ച് കൈവിട്ടു പോയ മത്സരം സമനിലയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹനുമ വിഹാരി. മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടയിലാണ് താരത്തിന് പരുക്കേൽക്കുന്നത്. എങ്കിലും ക്രീസിൽ നിലയുറപ്പിച്ച താരം അവസാന നിമിഷം വരെ പോരാടി.

Read more: ആരും കാണാത്തതുപോലെ വന്ന് ഗാർഡ് മാർക്ക് മായ്ച്ചു; ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യൻ ആരാധകർ

വിദഗ്ധ വൈദ്യ പരിശോധനകൾക്ക് ശേഷമാണ് വിഹാരിക്ക് കൂടുതൽ വിശ്രമം ആവശ്യമാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. ബിസിസിഐ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 161 പന്തിൽ 23 റൺസാണ് രണ്ടാം ഇന്നിങ്സിൽ താരം നേടിയത്. അതേസമയം വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും.

പരുക്കുകാരണം ജഡേജയ്ക്കും നാലാം മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കും. അങ്ങനെയെങ്കിൽ ജഡേജയ്ക്ക് പകരം ഷാർദുൽ ഠാക്കൂർ പ്ലെയിങ് ഇലവനിലെത്തും. ആഭ്യന്തര ക്രിക്കറ്റിലെ വലിയ അനുഭവ സമ്പത്ത് താരത്തിന് അവസരം നൽകുമെന്നാണ് കരുതുന്നത്. വിഹാരിക്ക് പകരം വൃദ്ധിമാൻ സാഹ ടീമിലെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ പന്ത് മുഴുനീള ബാറ്റ്സ്മാനാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook