തങ്ങളുടെ ടീമുകളെ പിന്തുണയ്ക്കാൻ ഏതറ്റം വരെയും പോകുമെന്ന ഖ്യാതി ഫുട്ബോൾ ആരാധകർക്കുണ്ട്. എന്നാൽ ഇത്തവണ ഖത്തർ ലോകകപ്പിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആ യാത്ര അൽപം വെല്ലുവിളിയായേക്കും.
ഖത്തറിലേക്കുള്ള വിമാന യാത്രാനിരക്ക് സാധാരണയേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്, ഹോട്ടൽ റൂമുകൾക്ക് ഡോളറുകൾ വില വരും, മത്സരങ്ങൾക്കായി ഇരു രാജ്യങ്ങളിലേക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യേണ്ടതിനാൽ യുഎഇ പ്രധാനകേന്ദ്രമാക്കാനാണ് സാധ്യത. കാരണം അതാണ് ഏറ്റവും അടുത്ത് ആക്സസ് ചെയ്യാവുന്ന രാജ്യം. എന്നാൽ ഈ ലോകകപ്പ് യാത്ര ആരാധകർക്ക് ഒരു പേടി സ്വപ്‌നമായി മാറുകയാണ്.
ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ഖത്തറിന്റെ പ്രത്യേക ആകർഷണമാകുന്നത്, തലസ്ഥാനമായ ദോഹയിലും പരിസരത്തുമായി സ്ഥിതി ചെയ്യുന്ന എട്ട് സ്റ്റേഡിയങ്ങളിലേക്കും ഒരു മണിക്കൂറിനുള്ളിൽ യാത്ര ചെയ്ത് എത്താനാകുമെന്നതാണ്. ജൂൺ 29 വരെ മത്സരത്തിന്റെ 1.8 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്, ജൂലൈ അഞ്ച് മുതൽ അവസാന ഘട്ട ടിക്കറ്റ് വിൽപനയും നടക്കും. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിലും, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്.
2018ൽ മോസ്കോയിൽ രണ്ട് സ്റ്റേഡിയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ നഗരത്തിലെ മുഴുവൻ ഹോട്ടൽ മുറികളും വിറ്റുപോയ രാത്രികൾ ഉണ്ടായിരുന്നു, റഷ്യയിൽ ലോകകപ്പ് കാണാൻ പോയ ഗുഡ്ഗാവിൽ നിന്നുള്ള ബിസിനസ് എക്സിക്യൂട്ടീവ് ആകർഷ് ശർമ്മ പറയുന്നു. “ഇവിടെ, നമ്മൾ സംസാരിക്കുന്നത് ഡൽഹിയെക്കാൾ ചെറിയ ഒരു രാജ്യത്തെക്കുറിച്ചാണ്, അതാണ് മുഴുവൻ ടൂർണമെന്റിനും ആതിഥേയത്വം വഹിക്കുന്നത്.”
ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ എല്ലാ റൗണ്ടുകളിലുമായി ഏഴ് മത്സരങ്ങക്കുള്ള ടിക്കറ്റിന് ശർമ്മ 1.3 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാൽ താമസസൗകര്യം ഇതുവരെ ലഭിച്ചിട്ടില്ല. അദ്ദേഹം മാത്രമല്ല അങ്ങനെ.
മൊത്തം താമസ സൗകര്യങ്ങളുടെയും 80 ശതമാനവും സംഘാടക സമിതി പ്രവർത്തിക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് നൽകുന്നത്, താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുന്നത് ഒന്നിലെങ്കിൽ എളുപ്പമല്ല അല്ലെങ്കിൽ താങ്ങാവുന്നതോ അല്ല എന്ന അവസ്ഥയാണ്.
ഡിസംബറിൽ, 32 ടീമുകളുടെ കളിക്കാർക്കും ഒഫീഷ്യൽസിനും ഫിഫയുടെ പ്രതിനിധികൾക്കും, ടൂർണമെന്റിന്റെ സ്പോൺസർമാർക്കും അന്താരാഷ്ട്ര മാധ്യമങ്ങൾക്കുമായി സംഘാടകർ ഭൂരിഭാഗം മുറികളും മാറ്റിവെച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് വിദേശ ആരാധകർക്കുള്ള ഓപ്ഷനുകൾ പരിമിതമാക്കി. ലോകകപ്പ് സംഘടിപ്പിക്കുന്നതിന്റെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു, “ഖത്തർ 1,30,000 മുറികൾ വരെ നൽകും, കൂടുതൽ ആരാധകർ ടൂർണമെന്റിനായി യാത്ര ചെയ്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്”, കൂടാതെ “കൂടുതൽ റൂമുകൾ യഥാസമയം ലഭ്യമാക്കും” എന്നും കൂട്ടിച്ചേർത്തു.
ഒരു ഹോട്ടലിന്റെയോ അപ്പാർട്ട്മെന്റിന്റെയോ ഒരു രാത്രിയിലെ നിരക്കുകൾ രണ്ടുപേർക്ക് 80 ഡോളർ മുതൽ ആയിരം വരെയാണ്, എന്നാൽ രാജ്യത്ത് ഹോട്ടൽ മുറികൾ കുറവായതിനാൽ, മറ്റു മാർഗങ്ങൾ കണ്ടെത്താൻ സംഘടകർ നിർബന്ധിതരായി.
അതിന്റെ ഭാഗമായി ലക്ഷ്വറി കപ്പലുകൾ വരെ ഹോട്ടലുകളാക്കി മാറ്റിയിട്ടുണ്ട്, ഒരു രാത്രിക്ക് 800 ഡോളർ വരെ വരും അതിന്റെ ഒരു ക്യാബിൻ. കൂടാതെ, ഒരു രാത്രിക്ക് 200 ഡോളർ വരുന്ന ടെന്റുകളും, മരുഭുമിയിൽ ക്യാബിങ് സജ്ജീകരണങ്ങളും എല്ലാം ഒരുക്കിയിട്ടുണ്ട്.
കുറഞ്ഞത് രണ്ടു ദിവസം താമസിക്കുന്നവർക്കാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാൻ കഴിയുക. ജനപ്രിയ ഹോട്ടകളിലെ റൂമുകൾ പലതും വിറ്റു തീർന്നു. ഹോംസ്റ്റേ ഓപ്ഷനുകൾക്ക് ഒരു രാത്രിക്ക് ശരാശരി 1.73 ലക്ഷം രൂപ വരെ ചിലവാകും.
ഖത്തറിൽ താമസിക്കുന്ന ബന്ധുവിനോടോ സുഹൃത്തിനോടോപ്പം താമസിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. ലോകകപ്പ് സമയത്ത് അതിഥികളെ വീട്ടിൽ നിർത്തുന്നതിന് മുമ്പ് ഖത്തറിൽ താമസിക്കുന്നവർ സംഘാടകരുമായി രജിസ്റ്റർ ചെയ്യുകയും അവരുടെ വസ്തുവിന്റെ വിശദാംശങ്ങൾ പങ്കുവെക്കുകയും വേണം.
അതുകൊണ്ട് തന്നെ ആരാധകരും പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു. ദുബായിൽ താമസിച്ചു അവിടെ നിന്ന് വാഹനത്തിൽ ഖത്തറിൽ എത്തി മത്സരം കാണാമെന്നാണ് പലരും തീരുമാനിച്ചിരിക്കുന്നത്. വിമാനനിരക്കും ഹോട്ടൽ റൂമുകളുടെ നിരക്കും വച്ചു നോക്കുമ്പോൾ അത് നല്ലൊരു ഓപ്‌ഷനാണെന്ന് പറയുന്നു. എന്നാൽ താമസം ദുബായിൽ ആകുമ്പോൾ അതിന് വിസ കൂടി വേണ്ടി വരും.
ലോകകപ്പ് സമയത്തെ വിമാന യാത്ര നിരക്കുകൾ പരിശോധിച്ചാൽ, ഡൽഹിയിൽ നിന്നോ കൊൽക്കത്തയിൽ നിന്നോ ദോഹയിലേക്കുള്ള യാത്ര ചെയ്യുന്നതിന് ഒരു ലക്ഷം രൂപ വരെ ചിലവ് വരുമെന്നാണ് കാണിക്കുന്നത്. സാധാരണ നിരക്കിന്റെ മൂന്നിരട്ടി വരുമിത്.
ഉയർന്ന ഹോട്ടൽ, എയർലൈൻ നിരക്കുകൾ ബജറ്റിന്റെ ഒരു ഭാഗം മാത്രമാണ്. അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കൺസൾട്ടന്റായ അർണാബ് ചാറ്റർജി നാല് വർഷം മുമ്പ് റഷ്യയിൽ അനുഭവിച്ചതുപോലെ, മറ്റു ചെലവുകൾ നമ്മുടെ പോക്കറ്റ് കാലിയാക്കും. ഭക്ഷണം മുതൽ വെള്ളം വരെയുള്ള കാര്യങ്ങൾ അൽപ്പം ചെലവേറിയതാകുമെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 350 ഡോളറിൽ അധികമാണ് അദ്ദേഹത്തിന് റഷ്യയിൽ ചെലവായത്. ഖത്തറിൽ അതിന്റെ ഇരട്ടി പ്രതീക്ഷിക്കാം.