ഇന്ത്യയ്ക്കെതിരെ ടി20 ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ചരിത്രം കുറിച്ചത്. മികച്ച നിരയുണ്ടായിരുന്നിട്ടും സന്ദർശകർക്ക് മുന്നിൽ ഇന്ത്യ അനായാസം മത്സരം നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ തോൽവിക്ക് കാരണം അനുഭവ സമ്പത്തിന്റെ കുറവാണെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞു. ഫീൾഡിങ്ങിലും ഇന്ത്യയ്ക്ക് ഒരുപാട് പിഴവുകൾ സംഭവിച്ചു. ഡിആർഎസിലും ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് രോഹിത് പറഞ്ഞു.

ബംഗ്ലാദേശ് ടീമിനെ വിജയത്തിലേക്കു നയിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു മുഷ്‌ഫിഖർ റഹീമിന്റെ ബാറ്റിങ്. മുഷ്‌ഫിഖർ റഹീം 43 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി ടോപ് സ്‌കോററായി. ഇന്ത്യയുടെ ഡിആർഎസ് തീരുമാനങ്ങളെല്ലാം പാളിയതും മുഷ്‌ഫിഖർ റഹീം ബാറ്റ് ചെയ്യുമ്പോൾ തന്നെ. രണ്ടുതവണ റഹീം പുറത്താകേണ്ട സാഹചര്യം വന്നെങ്കിലും ഇന്ത്യയുടെ ഡിആർഎസ് പിഴവ് ബംഗ്ലാദേശ് താരത്തിനു ജീവൻ നൽകുകയായിരുന്നു.

“പ്രതിരോധിക്കാവുന്ന സ്കോറായിരുന്നു അത്. പക്ഷേ ഫീൾഡിൽ ഒരുപാട് തെറ്റുകൾ വരുത്തി. കളിക്കാരുടെ പരിചയ സമ്പന്നക്കുറവായിരുന്നു കാരണം. എന്നാൽ അവർക്ക് ഇതിൽ നിന്നും പഠിക്കാൻ സാധിക്കും. റിവ്യൂസിലും തെറ്റുപറ്റി” മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

എന്നാൽ ബംഗ്ലാദേശിന്റെ പ്രകടനത്തെ കുറച്ച് കാണുന്നില്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യ ബാറ്റിങ് ആരംഭിച്ചതു മുതൽ സമ്മർദത്തിലാക്കാൻ ബംഗ്ലാദേശിനായെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.

മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു ഡിആര്‍എസ് പിഴവുകളുടെ ഘോഷയാത്ര. ചാഹല്‍ എറിഞ്ഞ ഓവറില്‍ മുഷ്‌ഫിഖർ റഹീം രണ്ടുതവണ എല്‍ബിഡബ്ല്യൂവിനു മുന്നില്‍ കുടുങ്ങിയതാണ്. ആദ്യ പന്തില്‍ റഹീമിന്റെ പാഡിലാണ് പന്തു തട്ടിയത്. ഇതു എല്‍ബിഡബ്ല്യൂ ആണെന്ന സംശയമുണ്ടായി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമായും ബോളര്‍ യുസ്‌വേന്ദ്ര ചാഹലുമായും നായകന്‍ രോഹിത് ശര്‍മ സംസാരിച്ചു. എന്നാല്‍, എല്‍ബിഡബ്ല്യൂ അല്ലെന്ന് താരങ്ങള്‍ വിചാരിച്ചു. അതുകൊണ്ട് തന്നെ ഡിആര്‍എസ് ഉപയോഗിച്ചില്ല. രണ്ടാം പന്തും ഇതുപോലെ മുഷ്‌ഫിഖറിന്റെ കാലിലാണ് തട്ടിയത്. ഇത്തവണ രോഹിത് ശർമ്മ പന്തുമായും ചഹലുമായും സംസാരിക്കുക പോലും ചെയ്തില്ല. ഡിആര്‍എസും ഉപയോഗിച്ചില്ല. ഇതു രണ്ടും വിക്കറ്റായിരുന്നു. ഡിആര്‍എസ് കൃത്യമായി ഉപയോഗിക്കാത്തതു ഇന്ത്യയ്ക്കു തിരിച്ചടിയായി.

കരുത്തരായ ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച് ബംഗ്ലാദേശ് 1-0 ത്തിനു മുന്നിലെത്തി. ഇന്ത്യ വച്ചുനീട്ടിയ 149 റൺസ് വിജയലക്ഷ്യം അനായാസമായി വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. മൂന്നു പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലാദേശിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ ആത്മവിശ്വാസത്തോടെ കളിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീമിന്റെ ഇന്നിങ്സ് കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. മുഷ്ഫിഖർ റഹീം 43 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി ടോപ് സ്‌കോററായി. സൗമ്യ സര്‍ക്കാര്‍ 39 റണ്‍സും മുഹമ്മദ് നയീം 26 റണ്‍സും നേടി.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ നിറംമങ്ങിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 42 പന്തില്‍ നിന്നു 41 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്‍പതു റണ്‍സ് മാത്രം നേടിയ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഋഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22) ലോകേഷ് രാഹുല്‍ (15), ശിവം ദൂബെ (1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും (എട്ട് പന്തില്‍ 15) വാഷിങ്ടണ്‍ സുന്ദറും (അഞ്ച് പന്തില്‍ 14) പുറത്താകാതെ നടത്തിയ പ്രകടനമാണ് ഇന്ത്യയെ 148 റണ്‍സില്‍ എത്തിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook