ക്രൈസ്റ്റ്ചർച്ച്: തുടർച്ചയായ രണ്ടാം മത്സരത്തിലും പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര തകരുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റ്ചർച്ചിൽ കണ്ടത്. ന്യൂസിലൻഡ് ബോളർമാരെ ഫലപ്രദമായി നേരിടുന്നതിൽ ഇന്ത്യൻ താരങ്ങൾക്കായോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് തന്നെ പറയേണ്ടി വരും. 242 റൺസിന് കോഹ്‌ലിയും രഹാനെയുമെല്ലമടങ്ങുന്ന ഇന്ത്യയെ പുറത്താക്കാൻ കിവികൾക്കായി.
ഒരിക്കൽകൂടി ഇന്ത്യൻ ഓപ്പണിങ് നിറംമങ്ങുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റ്ചർച്ചിൽ. മികച്ച ഷോട്ടുകളുമായി തുടങ്ങിയ മായങ്ക് അഗർവാളും പൃഥ്വി ഷായും ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് വിരിച്ചെങ്കിലും ടീം സ്കോർ 30 എത്തിയപ്പോഴേക്കും മായങ്ക് മടങ്ങി. എന്നാൽ അർധസെഞ്ചുറി തികച്ച ഷാ ഒരുഘട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി തന്നെ നിർത്തി.
അതേസമയം ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ താരങ്ങൾ പരാജയപ്പെട്ടതോടെ ഒന്നിന് പുറകെ ഒന്നായി താരങ്ങൾ കൂടാരം കയറി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ കൈൽ ജാമിസന്റെ പന്തിൽ ലഥാമിന്റെ കൈകളിൽ പന്ത് കുടുങ്ങിയതും ടിം സൗത്തിക്ക് അജിങ്ക്യ രഹാനെ വീണതും അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ചപ്പോഴാണ്.
മധ്യനിരയിൽ രക്ഷകനായി എത്തിയ ഹനുമ വിഹാരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചേതേശ്വർ പൂജാരയുമായി ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിഹാരി 55 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററാവുകയും ചെയ്തു. ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ സാധിക്കുമായിരുന്ന സമയത്ത് നെയ്ൻ വാഗ്നറുടെ ബൗൺസറാണ് വിഹാരിയെ പുറത്താക്കിയത്. ബൗൺസർ കളിക്കാൻ ശ്രമിച്ച വിഹാരിയെ വിക്കറ്റ് കീപ്പർ ബി.ജെ. വാറ്റ്‍ലിങ് പിടികൂടുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനാണ് ചേതേശ്വർ പൂജാര. അർധസെഞ്ചുറിയുമായി കിവികൾക്കെതിരെ ഇന്ത്യയെ കരകയറ്റാൻ താരം ശ്രമിച്ചെങ്കിലും അസ്വാഭവിക ഷോട്ടിലൂടെ ന്യൂസിലൻഡിന്റെ ഇരയാകാനായിരുന്നു പൂജാരയുടെയും വിധി. പന്തിന് പതിവ് പോലെ സാങ്കേതിക പോരായ്മകൾ തിരിച്ചടിയായി.
ക്രൈസ്റ്റ്ചർച്ചിലെ പച്ചപിച്ചാണ് ഇന്ത്യൻ തകർച്ചയ്ക്ക് കാരണമെന്ന് പറയാമെങ്കിലും അത്തരത്തിലുള്ള അനവശ്യ ഷോട്ടുകൾ ഒഴിവാക്കിയിരുന്നെങ്കിൽ മികച്ച സ്കോറിലെത്താൻ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. മറുപടി ബാറ്റിങ്ങിൽ ക്രീസിൽ നിലയുറപ്പിച്ച കിവിസ് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് വിക്കറ്റ് നഷ്ടപ്പെടാതെ 63 റൺസെന്ന നിലയിലാണ്.