ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തന്റേതാക്കി മാറ്റിയിരിക്കുകയാണ് മായങ്ക് അഗര്‍വാള്‍. ഓപ്പണറായി വളരെ ചുരുക്കം കളികളില്‍ നിന്നു തന്നെ കഴിവു കളിയിച്ച മായങ്ക് സെഞ്ചുറി കടന്നപ്പോള്‍ വരാനിരിക്കുന്നത് എന്താണെന്ന് ബംഗ്ലാദേശുകാര്‍ക്ക് പിടിയുണ്ടായിരുന്നില്ല. എന്നാല്‍ ബംഗ്ലാ ബോളര്‍മാരെ തരിപ്പണമാക്കി കൊണ്ട് മായങ്ക് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മാറ്റുകയായിരുന്നു. നാല് മത്സരങ്ങള്‍ക്കിടെ രണ്ടാം തവണയാണ് മായങ്ക് 200 കടക്കുന്നത്. മൂന്നാമത്തെ സെഞ്ചുറിയും. ഇന്ത്യയ്ക്കായി എട്ടാമത്തെ മാത്രം ടെസ്റ്റാണ് മായങ്ക് കളിക്കുന്നത് എന്നത് കൂടി ഓര്‍ക്കണം.

അജിന്‍ക്യ രാഹനെയുമൊത്ത് 190 റണ്‍സാണ് മായങ്ക് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ 86 റണ്‍സെടുത്ത് രഹാനെ പുറത്തായി. എന്നാല്‍ മായങ്ക് പിന്നോട്ട് പോയില്ല. ചായയ്ക്ക് ശേഷം മടങ്ങിയെത്തിയ മായങ്ക് അതിവേഗം 200 ലേക്ക് കുതിച്ചു. 303 പന്തുകളില്‍ നിന്നും 25 ഫോറും അഞ്ച് സിക്‌സുമടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ചുറി. 329 പന്തില്‍ 243 റണ്‍സുമായാണ് ഓപ്പണര്‍ പുറത്താകുന്നത്.

150 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. ദക്ഷിണാഫ്രിക്കയെ പോലെ തന്നെ മായങ്കിനെ ചെറുതായി കണ്ടതിന് ബംഗ്ലാദേശിന് കിട്ടിയ ശിക്ഷയാണ് ഈ ഇരട്ട സെഞ്ചുറി. നേരത്തെ 32 ലെത്തി നില്‍ക്കെ മായങ്കിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതോര്‍ത്ത് ബംഗ്ലാദേശ് ഖേദിക്കുന്നുണ്ടാകും.

ഓപ്പണര്‍ രോഹിത് ശര്‍മ്മ ആറ് റണ്‍സിനു പുറത്തായ ഇന്നിങ്‌സ് ചേതേശ്വര്‍ പൂജാരയുമൊത്താണ് മായങ്ക് പടുത്തുയര്‍ത്തിയത്. പൂജാര 54 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ് ലി പൂജ്യത്തിന് പുറത്തായി. നാലാം വിക്കറ്റില്‍ മായങ്കും രഹാനെയും ഒത്തുചേര്‍ന്നതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലേക്ക് മാറുകയായിരുന്നു. 172 പന്തുകളിലാണ് രഹാനെ 86 റണ്‍സെടുത്തത്. രാഹനെയ്ക്ക് ശേഷം വന്ന രവീന്ദ്ര ജഡേജ ആക്രമിച്ചാണ് കളിക്കുന്നത്.

ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത് അബു ജയേദാണ്. നേരത്തെ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു. 43 റണ്‍സെടുത്ത മുഷ്ഫിഖൂര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൊമിനുല്‍ ഹഖ് 37 റണ്‍സ് നേടി. മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യയുടെ ബോളിങ് നയിച്ചത്. ഇശാന്ത് ശര്‍മ്മയും ഉമേഷ് യാദവും ആര്‍.അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook