ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും കിടമ്പി ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ജാപ്പനീസ് താരങ്ങളെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളുടെയും മുന്നേറ്റം. സിന്ധു അയ ഒഹോരിയെയും കിടമ്പി ശ്രീകാന്ത് കെന്റാ നിഷിമോട്ടെയെയുമാണ് പരാജയപ്പെടുത്തിയത്.
പുതിയ സീസണിലെ തന്റെ ആദ്യ കിരീടം ലക്ഷ്യം വച്ചിറങ്ങിയ സിന്ധുവിനെതിരെ മികച്ച പ്രകടനമാണ് ജാപ്പനീസ് താരം പുറത്തെടുത്തത്. സ്കോർ : 11-21, 21-15, 21-15. ആദ്യ സെറ്റിൽ ഒഹോരിയോട് അനായാസം കീഴടങ്ങിയ സിന്ധു രണ്ടും മൂന്നും സെറ്റ് നേടിയാണ് മത്സരം സ്വന്തമാക്കിയത്. ടൂർണമെന്റിലെ അഞ്ചാം സീഡാണ് സിന്ധു. തുടർച്ചയായ ഏഴാം തവണയാണ് ഒഹോരിയെ സിന്ധു കീഴ്പ്പെടുത്തുന്നത്.
PV Sindhu, Kidambi Srikanth make impressive star at #IndonesiaOpenSuper1000 https://t.co/eAKi2LFsbJ
— Express Sports (@IExpressSports) July 17, 2019
അതേസമയം, ശ്രീകന്തിന്റെ ജയം നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു. സ്കോർ: 21-14,21-13. 38 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ കഴിഞ്ഞ ഇന്ത്യൻ ഓപ്പണിൽ ഫൈനലിലെത്തിയ താരത്തെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ലോക അഞ്ചാം നമ്പർ താരമായ സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി ഡെൻമാർക്കിന്റെ മിയ ബ്ലിച്ച്ഫെൽറ്റിനെയോ ഹോങ് കോങ്ങിന്റെ യിപ് പിയു ഇന്നിനെയോ നേരിടും.