കൊറോണ വൈറസിന്റെ വ്യാപനം കായിക മേഖലയിലുണ്ടാക്കിയ ആഘാതം അവസാനിക്കുന്നില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇന്ത്യയുടെ രണ്ട് വിദേശ പര്യടനങ്ങളാണ് ഉപേക്ഷിച്ചത്. ശ്രീലങ്ക, സിംബാബ്വെ പര്യടനങ്ങൾ റദ്ദാക്കുന്നതായി ബിസിസിഐ അറിയിച്ചു. ഓഗസ്റ്റിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ജൂൺ-ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ – ശ്രീലങ്ക മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവക്കുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനമെത്തിയത്.
Also Read: ഐപിഎൽ നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും: സൗരവ് ഗാംഗുലി
മൂന്ന് വീതം ഏകദിന മത്സരങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് നീലപ്പട സിംബാബ്വെയിലും കളിക്കേണ്ടിയിരുന്നത്. ശ്രീലങ്കൻ പര്യടനം ജൂൺ 24നും സിംബാബ്വെ പര്യടനം ഓഗസ്റ്റ് 22നുമാണ് ആരംഭിക്കേണ്ടിയിരുന്നത്.
അതേസമയം ഐപിഎൽ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ബിസിസിഐ അഫിലിയേറ്റഡ് അംഗങ്ങൾക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
” ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ടൂർണമെന്റ് കളിക്കുകയാണെങ്കിലും ഈ വർഷം ഐപിഎൽ നടത്താൻ സാധ്യമായ എല്ലാ വഴികളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. ആരാധകർ, ഫ്രാഞ്ചൈസികൾ, കളിക്കാർ, പ്രക്ഷേപകർ, സ്പോൺസർമാർ തുടങ്ങി എല്ലാ പങ്കാളികളും ഈ വർഷം ഐപിഎൽ നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ്. ഇത് സംബന്ധിച്ച ഭാവി നടപടികളെക്കുറിച്ച് ബിസിസിഐ ഉടൻ തീരുമാനമെടുക്കും” ഗാംഗുലി പറഞ്ഞു.