/indian-express-malayalam/media/media_files/2024/12/27/ZgwTPylMQkih8OXfXvwx.jpg)
ഐസിസി ടൂർണമെന്റുകളിൽ കാലിടറി വീണ് പോകുന്ന പതിവ് ഇന്ത്യ അവസാനിപ്പിച്ച വർഷമാണ് 2024. 17 വർഷത്തിന് ശേഷം ഐസിസി ട്വന്റി20 കിരീടം ഇന്ത്യയിലേക്ക് എത്തി. ദക്ഷിണാഫ്രിക്കയെ കലാശപ്പോരിൽ തോൽപ്പിച്ച ആ കിരീട നേട്ടവും ഇന്ത്യ ആഘോഷമാക്കിയപ്പോൾ സൂര്യകുമാർ യാദവിന്റെ ആ തകർപ്പൻ ക്യാച്ച് ആരാധകരുടെ മനസിൽ തറച്ചു. മനു ഭാക്കറിന്റെ ഇരട്ട മെഡൽ നേട്ടവും നീരജിന്റെ വെള്ളിയും ഹോക്കി ടീമിന്റെ വെങ്കലവും ഒടുവിൽ ഗൂകേഷിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയതും തുടങ്ങി ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഒരുപിടിയുണ്ടായ വർഷമാണ് കടന്നു പോകുന്നത്. ചുരുക്കി പറഞ്ഞാൽ സംഭവ ബഹുലമായിരുന്നു ഇന്ത്യൻ കായിക ലോകത്തിന് 2024.
ലോകത്തിന്റെ നെറുകയിൽ ഇന്ത്യ
മൈതാനത്തെ കുതിപ്പും കിതപ്പും ആശ്വാസങ്ങളും നിശ്വാസങ്ങളുമെല്ലാം എവിടെ നിന്നെല്ലാമോ വന്ന ഹൃദയം തൊട്ടാണ് 2024 കടന്ന് പോകുന്നത്. അതിൽ ഇന്ത്യൻ ആരാധകരുടെ മനസിൽ വർൽങ്ങളോളം മായാതെ നിൽക്കുന്നൊരു നിമിഷമുണ്ട്. രോഹിത് ശർമ കരീബിയൻ മണ്ണിൽ വെച്ച് ട്വന്റി20 ലോക കിരീടം കയ്യിൽ വാങ്ങിയത്.കലാശപ്പോരിൽ കോഹ്ലിയുടെ അർധശതകം ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. എന്നാൽ ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ ക്ലാസൻ തകർക്കുമെന്ന് തോന്നിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ താളം തെറ്റിക്കാൻ ഋഷഭ് പന്തിന്റെ വക പരുക്ക് നാടകവും. 27 പന്തിൽ നിന്ന് 52 റൺസ് ആണ് ക്ലാസൻ അടിച്ചെടുത്തത്. എന്നാൽ ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയെ 169 എന്ന സ്കോറിൽ ഒതുക്കി.
കിരീടവുമായി ഇന്ത്യയിലേക്ക് എത്തിയ താരങ്ങളെ വരവേൽക്കാൻ ലക്ഷങ്ങളാണ് നിറഞ്ഞെത്തിയത്. ക്രിക്കറ്റ് എത്രമാത്രം ശക്തമായി ഇന്ത്യയുടെ സിരകളിൽ ഒഴുകുന്നു എന്നത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ലോക കിരീട നേട്ടത്തോടെ രോഹിത്തും കോഹ്ലിയും കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വരും തലമുറയ്ക്കായി വഴിയൊഴിഞ്ഞു കൊടുക്കുന്നതും 2024 കണ്ടു.
പാരിസിലെ മെഡൽ വേട്ട
ആറ് മെഡലുകളുമായാണ് പാരിസിൽ നിന്ന് ഇന്ത്യൻ സംഘം ഒളിംപിക്സ് കഴിഞ്ഞ് തിരിച്ചെത്തിയത്. നീരജ് ചോപ്രയുടേയും മനു ഭാക്കറിന്റേയും കയ്യിൽ നിന്ന് സ്വർണം അകന്ന് പോയതിന്റെ നിരാശ ഇന്ത്യക്ക് മറച്ചുവെക്കാനാവില്ല. ഒരു ഒളിംപിക്സ് എഡിഷനിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം സ്വന്തമാക്കിയാണ് മനു പാരിസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്. വനിതകളുടെ 10 മീ എയർ പിസ്റ്റളിൽ വെള്ളി മെഡൽ മനുവിന്റെ കയ്യിൽ നിന്ന് അകന്ന് പോയത് 0.1 പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ. സരബ്ജോദ് സിങ്ങിനൊപ്പം ചേർന്ന് മിക്സഡ് ഡബിൾസിലായിരുന്നു മനുവിന്റെ രണ്ടാമത്തെ മെഡൽ.
90 മീറ്റർ എന്ന ദൂരം എന്നതിന് മുൻപിൽ ഒരിക്കൽ കൂടി നീരജ് ചോപ്ര വീഴുന്നത് ലോകം കണ്ടു. 89.45 മീറ്റർ താണ്ടിയാണ് പാരിസിൽ നീരജ് വെള്ളി സ്വന്തമാക്കിയത്. വ്യക്തിഗത ഇനത്തിൽ തുടരെ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി നീരജ്. ഇന്ത്യൻ ഹോക്കി ടീമും സ്വപ്നിലും അമനും ഇന്ത്യയിലേക്ക് വെങ്കല മെഡലുമായി എത്തി രാജ്യത്തിന്റെ അഭിമാനമായി മാറി.
പ്രായം സംഖ്യ മാത്രമെന്ന് ബൊപ്പണ്ണ
ഇന്ത്യൻ ടെന്നീസ് ലോകത്തിന് കഠിനമായൊരു വർഷമായിരുന്നു 2024. എന്നാൽ അഭിമാനിക്കാവുന്ന നേട്ടങ്ങൾ ടെന്നീസ് കോർട്ടിൽ നിന്ന് രോഹൻ ബൊപ്പണ്ണയിലൂടെ ഇന്ത്യയെ തേടിയെത്തി. പ്രായത്തെ പിന്നിലേക്ക് മാറ്റി നിർത്തിയായിരുന്നു ബൊപ്പണ്ണയുടെ നേട്ടം. ഓസ്ട്രേലിയൻ ഓപ്പണിലെ ജയത്തോടെ പുരുഷ ഡബിൾസിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ബൊപ്പണ്ണ മാറി.ഈ ജയത്തിനായി ബൊപ്പണ്ണ കാത്തിരുന്നത് 22 വർഷം. സുമിത് നഗലിന്റെ എടിപി റാങ്കിങ്ങിലെ 100നുള്ളിൽ വന്നതും മറന്ന് കളയാനാവില്ല.
ഇതിഹാസമായി ഗുകേഷ്
ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയിൽ നിന്നൊരു 18കാരൻ നടന്നു കയറുന്നതും 2024ൽ കണ്ടു.ലോക ചെസ് ചാംപ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്. ലോക ചാംപ്യനാവുന്നതിന് മുൻപ് തന്നെ ഗുകേഷ് തന്റെ വിജയ തേരോട്ടം തുടങ്ങിയിരുന്നു. ഫിഡേ കാൻഡിഡേറ്റ് ടൂർണമെന്റിൽ ജയം. ഈ നേട്ടം തൊടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ചെസ് ഒളിംപ്യാഡിലും ഇന്ത്യ മോശമാക്കിയില്ല പ്രകടനം. ചരിത്ര നേട്ടം പിന്നിട്ടാണ് ബുദ്ധാപെസ്റ്റിൽ നിന്ന് ഇന്ത്യൻ സംഘം നാട്ടിലേക്ക് തിരിച്ചെത്തിയത്.
കൊടുങ്കാറ്റായി പൂജ
ഇന്ത്യൻ മിക്സഡ് മാർഷ്യൽ ആർടിസ്റ്റിൽ ചരിത്രമെഴുതുകയായിരുന്നു പൂജ തോമർ. യുഎഫ്സിയിൽ ജയം തൊട്ട് പൂജ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. ചുഴലിക്കാറ്റ് എന്നാണ് പൂജയുടെ വിളിപ്പേര്. അത് വെറുതെ വിളിക്കുന്നതല്ലെന്ന് പൂജ ലോകത്തിന് മുൻപിൽ കാണിച്ച് കൊടുത്തു. പൊരുതുന്ന എല്ലാ ഇന്ത്യക്കാർക്കുമായി ഞാൻ ഈ ജയം സമർപ്പിക്കുന്നു എന്നാണ് പൂജ പ്രതികരിച്ചത്.
ഇവിടേയും ഞങ്ങൾ പിന്നിലല്ല
ടേബിൾ ടെന്നീസിലും ഇന്ത്യൻ താരങ്ങൾ മോശമാക്കിയില്ല. ഏഷ്യൻ ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പിഷ ആദ്യമായി ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കി. മനിക ബത്ര, ശ്രീജ അകുല, അയ്ഹിക മുഖർജി, സുതിർഥ മുഖർജി, ദിയ ചിറ്റാലെ എന്നിവരുൾപ്പെട്ട ടീമിന്റേതായിരുന്നു നേട്ടം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us