scorecardresearch
Latest News

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുക

ഫയൽ ചിത്രം
ഫയൽ ചിത്രം

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങൾ ജൂലൈ 13 മുതൽ 25 വരെ. മത്സരത്തിന്റെ തീയതികൾ മത്സരത്തിന്റെ സംപ്രേക്ഷണ അവകാശമുള്ള സോണി തിങ്കളാഴ്ച പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സോണി മത്സര തീയതികൾ പുറത്തുവിട്ടത്ത്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുക. ജൂലൈ 13,16,18 ദിവസങ്ങളിലായി ഏകദിന മത്സരങ്ങളും. ജൂലൈ 21,23,25 എന്നീ ദിവസങ്ങളിലായി ട്വന്റി 20 മത്സരങ്ങളും നടക്കും. എന്നാൽ മത്സരത്തിന്റെ വേദികൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ശിഖർ ധവാൻ ഹർദിക് പാണ്ഡ്യ തുടങ്ങിയ മുൻ നിര താരങ്ങൾക്കൊപ്പം ഒരു കൂട്ടം യുവ താരങ്ങളെ കൂടി പരിമിത ഓവർ പരമ്പരയിൽ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് കരുതുന്നത്. പരുക്കിൽ നിന്നും മുക്തനായി എത്തുന്ന ശ്രേയസ് അയ്യരും, ധവാനും ഹർദിക്കും ആണ് ടീമിന്റെ ക്യാപ്റ്റനായി പരിഗണിക്കാൻ കൂടുതൽ സാധ്യതയുള്ള താരങ്ങൾ.

ഒരേ സമയം രണ്ടു രാജ്യങ്ങളിൽ ഒരേ ടീം അന്താരഷ്ട്ര മത്സരം കളിക്കുന്ന അപൂർവ സന്ദർഭം കൂടിയാണിത്. ശ്രീലങ്കൻ പരമ്പര നടക്കുമ്പോൾ തന്നെയാണ് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്ക് തയ്യറെടുക്കുക.

Read Also: ഐപിഎൽ ഫൈനൽ ഒക്ടോബർ 15ന്; ഇരട്ട മത്സരങ്ങൾ കുറയ്ക്കാൻ ബിസിസിഐ

ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് മത്സരങ്ങൾക്കായി ജൂൺ 3ന് ഇന്ത്യയിൽ നിന്നും പുറപ്പെട്ടു. ജൂൺ 18ന് ന്യൂസിലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുക.

ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി ഇംഗ്ലണ്ടിൽ ആയതിനാൽ ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയുടെ പരിശീലകനാകുന്നത് രാഹുൽ ദ്രാവിഡാണ്. ദേശിയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുൽ ദ്രാവിഡിന് യുവ താരങ്ങളുമായുള്ള ബന്ധമാണ് പരിശീലകനായി രാഹുലിനെ തീരുമാനിക്കാൻ കാരണമായത്. രാഹുൽ ഇതിനു മുൻപ് ഇന്ത്യൻ എ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indias limited overs tour of sri lanka to be played between july 13 and 25