തുടർച്ചയായ 15 ടെസ്റ്റ് വിജയങ്ങൾക്ക് ശേഷമായിരുന്നു ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും കരുത്തന്മാരായ ഓസ്ട്രേലിയ 2001ൽ ഇന്ത്യൻ പര്യടനത്തിനെത്തുന്നത്. സ്റ്റീവ് വോയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിലും കങ്കാരുപ്പട അനായാസ ജയം സ്വന്തമാക്കി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ തുടക്കത്തിലും കാര്യങ്ങൾ ഓസ്ട്രേലിയയ്ക്ക് അനുകൂലമായിരുന്നു. മത്സരത്തിന്റെ ആദ്യ രണ്ട് ദിവസവും മേൽക്കൈ ഓസ്ട്രേലിയയ്ക്ക് തന്നെ. എന്നാൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് രാഹുലിന്റെയും ലക്ഷ്മണിന്റെയും കൂട്ടുകെട്ടിന് മുന്നിൽ.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നായകന്റെ സെഞ്ചുറി കരുത്തിൽ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 445 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് നേടാനായത് 171 റൺസ്. ഇതോടെ 274 റൺസ് ലീഡ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ഫോളോ ഓണിന് അയച്ചു. അത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നിർണായക നിമിഷങ്ങളിലൊന്നായിരുന്നു. തോൽവിയിൽ നിന്ന് ഇന്ത്യ നടത്തിയ കുതിപ്പ് ചരിത്ര വിജയത്തിലേക്ക് ആയിരുന്നു.
Also Read: ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ പിൻഗാമികളാകാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ ഇവർ
ക്രീസിൽ നിലയുറപ്പിച്ച ലക്ഷ്മണും ദ്രാവിഡും ഓസിസ് ബൗളർമാരെ തളർത്തി. 281 റൺസാണ് ലക്ഷ്മൺ മാത്രം അന്ന് അടിച്ചെടുത്തത്. താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയായിരുന്നു. ഒപ്പം രാഹുൽ ദ്രാവിഡിന്റെ വക 180 റൺസും. ഇരുവരുടെയും ബാറ്റിങ് മികവിൽ 657 റൺസാണ് ഇന്ത്യയ അടിച്ചെടുത്തത്. മത്സരത്തിന്റെ അവസാന ദിവസം ഡിക്ലയർ ചെയ്ത് 384 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ ഓസിസിന് മുന്നിലുയർത്തി.
ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിങ് രണ്ടാം ഇന്നിങ്സിൽ കൂടുതൽ അപകടകാരിയായി. ഒരു ഹാട്രിക് ഉൾപ്പടെ ആറ് വിക്കറ്റുമായി ഹർഭജൻ ബോളിങ്ങിലും തിളങ്ങിയതോടെ 171 റൺസിന്റെ ജയം ഇന്ത്യയ്ക്ക്. ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീം ഫോളോ ഓൺ ചെയ്ത് ജയിക്കുന്ന മൂന്നാമത്തെ മാത്രം മത്സരമായി കൊൽക്കത്ത ടെസ്റ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തി.
Dressing room celebration after winning the famous Kolkata Test by team India in 2001.
– @desi_robelinda pic.twitter.com/eWwMTkaL1f
— Cricketopia (@CricketopiaCom) April 13, 2020
അത് ഇന്ത്യൻ ക്രിക്കറ്റിന്റെ മാറ്റത്തിന്റെ കൂടെ തുടക്കമായിരുന്നു. സൗരവ് ഗാംഗുലിയെന്ന യുവ നായകന് പിന്നിൽ ഇന്ത്യ പല നേട്ടങ്ങളും സ്വന്തമാക്കുന്നത് ഇതിന് ശേഷമായിരുന്നു. ആ ഐതിഹാസിക വിജയത്തിന്റെ ആരും കാണാത്ത ഡ്രെസിങ് റൂം ആഘോഷമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സച്ചിനും ദ്രാവിഡും ഗാംഗുലിയും ഷാമ്പെയിൻ പൊട്ടിച്ചാണ് ആഘോഷം കളറാക്കുന്നത്.