ബാംഗ്ലൂർ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ഒരാഴ്ചയെങ്കിലും വൈകിയേക്കുമെന്ന് വിവരം. ദക്ഷിണാഫ്രിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പര്യടനം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി ചർച്ചകൾ നടത്തുന്നതായും ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി..
നിലവിൽ ഇന്ത്യൻ എ ടീം ദക്ഷിണാഫ്രിക്കയിൽ ആണ്, അവരെ പര്യടനം അവസാനിപ്പിച്ചു തിരിച്ചു വിളിക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടില്ലെങ്കിലും സീനിയർ ടീമിന്റെ പര്യടനം വൈകിപ്പിക്കുന്നത് ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. ഡിസംബർ ഒമ്പതിന് പ്രത്യേക വിമാനത്തിൽ ദക്ഷിണാഫ്രിക്കയിൽ എത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം. അത് തത്കാലം ഒഴിവാക്കിയതായാണ് അറിയുന്നത്.
പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കുന്നതും അതിനനുസരിച്ചു മാറ്റിയിട്ടുണ്ട്. ഇന്ത്യ ന്യൂസീലൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷമായിരുന്നു നേരത്തെ ടീം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയുമായി ചർച്ചകൾ തുടരുന്നതിനാൽ മുന്നോട്ട് എങ്ങനെ എന്നതിൽ വ്യക്തത വരുത്തിയ ശേഷം സെലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
മൂന്ന് വീതം ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളും നാല് ടി20 യുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുക. കഴിഞ്ഞ സെപ്റ്റംബറിൽ ടീം ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് മത്സരം കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു.
Also Read: ഏകദിന നായകനെന്ന നിലയിൽ കോഹ്ലിയുടെ ഭാവി ഉടനറിയാം; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം ഈ ആഴ്ച