ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫൊഗാട്ടിന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും എന്നാൽ രോഗലക്ഷണങ്ങളൊന്നും തനിക്കില്ലെന്നും ഫൊഗാട്ട് അറിയിച്ചു.

ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ് എന്നിവയിൽ സ്വർണ്ണ മെഡൽ നേടിയ ഫൊഗാട്ട് ഈ വർഷത്തെ ഖേൽ രത്‌ന അവാർഡ് ജേതാവ് കൂടിയാണ്. ഹരിയാനയിലെ സോനിപട്ടിലെ സ്വന്തം ഗ്രാമത്തിൽ പരിശീലകനായ ഓം പ്രകാശിനൊപ്പം പരിശീലനം തുടരുകയായിരുന്നു അവർ.

Read More: ഇന്ത്യൻ താരമുൾപ്പടെ ഒന്നിലധികം ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

“ഇന്നലെ നടത്തിയ ഒരു പരിശോധനയിൽ എനിക്ക് കോവിഡ്-19 ന് പോസിറ്റീവ് ഫലം ലഭിച്ചു. ഞാൻ ഇപ്പോൾ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല, പക്ഷേ ഞാൻ സ്വയം ഐസൊലേഷനിലേക്ക് മാറുന്നു,” ഫൊഗാട്ട് ട്വീറ്റ് ചെയ്തു.

“എന്റെ കുടുംബാംഗങ്ങളും ഐസൊലേഷനിലേക്ക് മാറുകയാണ്. അടുത്തിടെ എന്നോട് സമ്പർക്കമുണ്ടായിരുന്ന എല്ലാവരോടും കോവിഡ് പരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും സുരക്ഷിതമായി തുടരുക! നന്ദി,” 26 കാരിയായ താരം പറഞ്ഞു.

ശനിയാഴ്ചയാണ് ഖേൽ രത്നയടക്കമുള്ള ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ഇതിനായുള്ള വിർച്വൽ ചടങ്ങിൽ നിന്ന് ഫോഗട്ട് വിട്ടു നിൽക്കും.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് ഫോഗട്ട്. ഫോഗട്ടിന്റെ വ്യക്തിഗത പരിശീലകനായ വോളർ അക്കോസ് എല്ലാ ആഴ്ചയും പരിശീലന പദ്ധതികളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താറുണ്ട്. മുതിർന്ന പരിശീലകനായ ഓം പ്രകാശിന്റെ സഹായത്തോടെയാണ് ഈ പദ്ധതികൾ പ്രകാരമുള്ള പരിശീലനം.

Read More: ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു

സെപ്റ്റംബർ ഒന്നിന് ലഖ്‌നൗവിൽ ദേശീയ ക്യാമ്പ് പുനരാരംഭിക്കാൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പദ്ധതിയിട്ടപ്പോൾ ആരോഗ്യം സംബന്ധിച്ച സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ച ആദ്യത്തെ ഗുസ്തിക്കാരിൽ ഒരാളാണ് വിനേഷ്.

ക്യാമ്പിൽ നിന്ന് ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ദിവ്യ കക്രാനും റിയോ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) ഡബ്ല്യുഎഫ്ഐയും ക്യാമ്പ് വീണ്ടും മാറ്റിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം പുരുഷ ഗുസ്തിക്കാർക്കായുള്ള ക്യാമ്പ് സെപ്റ്റംബർ 1 മുതൽ സോനെപട്ടിലെ സായ് സെന്ററിൽ ആരംഭിക്കും.

Read More: Vinesh Phogat tests positive for COVID-19, says she’s asymptomatic

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook