ഭൂട്ടാനിൽ നടക്കുന്ന അണ്ടർ 18 വനിത സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സെമിയിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യൻ പെൺകുട്ടികൾ സെമി യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാലിദ്വീപിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

കളിയുടെ പതിനാറാം മിനിറ്റിൽ അശേം റോജാ ദേവിയാണ് ഇന്ത്യൻ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. തുടർന്ന് 19, 22, 27, 34, 46 മിനിറ്റുകളിൽ ഇന്ത്യൻ പെൺകുട്ടികൾ തുടർച്ചയായി മലിദ്വീപിന്റെ വല ചലിപ്പിച്ചു. ആദ്യ പകുതിയിൽ ഇന്ത്യ 6-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ 56, 62 മിനിറ്റുകളിലാണ് ഗോളുകൾ പിറന്നത്. ഇവയിലൊന്ന് സെൽഫ് ഗോളായിരുന്നു.

ഇന്ത്യക്കായി സോണി ബെഹ്‍റ ഇരട്ട ഗോൾ നേടി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഭൂട്ടാനെയും ഇന്ത്യ വൻമാർജിനിൽ വിജയം നേടിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു വിജയം. ഒക്ടോബർ അഞ്ചിന് നടക്കുന്ന സെമിയിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ. ഒക്ടോബർ ഏഴിനാണ് ഫൈനൽ.

Read also : ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാലിദ്വീപിനെ എതിരില്ലിത്ത എട്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്

ഇന്നലെ അണ്ടർ 16 എഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ കരുത്തരായ ദക്ഷിണ കൊറിയയോട് ഒരു ഗോളിന് പരാജയപ്പെട്ട് പുറത്തുപോയിരുന്നു. ഇന്ത്യക്ക് അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടാനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഫുട്ബോളിൽ ഇന്ത്യൻ പ്രതീക്ഷകൾ നിലനിർത്തി പെൺപട സാഫ് കപ്പ് സെമിബെർത്തുറപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook