ആവേശം അതിന്റെ ബൗണ്ടറി കടന്നതായിരുന്നു ഞായറാഴ്ചയിലെ ലോകകപ്പ് ഫൈനല്‍.. ബൗണ്‍സ് ചെയ്ത പ്രതീക്ഷകള്‍ കപ്പിന് തൊട്ടരികില്‍വെച്ച് കൈവിട്ടു പോയപ്പോഴും വരുംകാലത്തിന് കാത്തിരിക്കാന്‍ സ്വപ്‌നങ്ങളുടെ ക്രീസൊരുക്കിയാണ് മിതാലിയും കൂട്ടുകാരികളും ലോഡ്‌സിലെ കളിക്കളത്തില്‍ നിന്ന് പുറത്തിറങ്ങിയത്.

ആദ്യമായല്ല ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. മിതാലിയും ജൂലന്‍ ഗോസാമിയും ഒഴികെ ഇന്നത്തെ ടീമിലെ താരങ്ങളെല്ലാം പുതുമുഖങ്ങള്‍. പരാജയപ്പെട്ടാലും ഈ ലോകകപ്പ് ഇന്ത്യയ്ക്കു സമ്മാനിച്ചത് പ്രഗത്ഭരായ ഒരുകൂട്ടം താരങ്ങളെയാണ്. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയൊരു സ്വീകരണമാണ് പെണ്‍പടയ്ക്ക് ലഭിച്ചത്. ഈ സ്വീകരണത്തെ പലതരത്തിലാണ് പലരും വിലയിരുത്തുന്നത്. സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആഘോഷിക്കപ്പെട്ട ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ കാത്തിരിക്കുന്നത് നല്ല ദിനങ്ങളാകാം.. ഇവരുയര്‍ത്തിയ പ്രതീക്ഷകള്‍ ഗ്യാലറികളെ മറികടന്നപ്പോൾ ഇതിനെ എങ്ങനെയാണ് കാണുന്നതെന്ന് വിവിധ സാമൂഹിക തലങ്ങളില്‍ നിന്ന് സ്ത്രീകള്‍ വിലയിരുത്തുന്നു.

ആതിര

“കളിയിൽ  നേട്ടമുണ്ടാക്കുമ്പോഴും മിതാലിയുടെ മാരിറ്റൽ സ്റ്റാറ്റസും സൗന്ദര്യവുമാണ് നമ്മളുടെ  പ്രിയ വിഷയം” ശ്രീപെരുമ്പത്തൂര്‍, രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റിലെ ജെന്‍ഡര്‍ സ്റ്റഡീസ് വിഭാഗത്തിലെ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആതിര പറയുന്നു. ‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നു പറയുമ്പോള്‍ നമുക്ക് ഒരു ടീമേ ഉള്ളൂ. അത് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ആണ്. ഏതൊരു മേഖലയും സ്ത്രീകളുടേതുകൂടിയാകണമെങ്കില്‍ അതിനൊപ്പം ‘വനിത’ എന്നു ചേര്‍ക്കണം. അതുകൊണ്ടല്ലേ ഇപ്പോളും വനിതാ ക്രിക്കറ്റ് ടീം എന്നു പറയേണ്ട അവസ്ഥ. പിന്നെ മിതാലി രാജ് ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ നേരത്തേയും ഇവിടെയുണ്ടായിരുന്നു. 2005ലും അവര്‍ ലോകകപ്പ് ഫൈനലില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും നമ്മളവരെ ഇത്രത്തോളം ആഘോഷിച്ചിട്ടില്ല. ഇന്നിപ്പോള്‍ അവരുടെ കഴിവു കണ്ടാണോ അതോ അവര്‍ മാധ്യമങ്ങളോട് ഇടപെടുന്ന രീതികൊണ്ടാണോ പോപ്പുലര്‍ ആയതെന്ന് എനിക്ക് സംശയമുണ്ട്.
ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന്, ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യം നിങ്ങള്‍ ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് ചോദിക്കുമോ എന്ന മറുചോദ്യമാണ് അവര്‍ നല്‍കിയത്. ജെന്‍ഡര്‍ എന്നത് മുന്‍പത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു കാലത്ത് അവരുടെ ആ മറുപടിയെ നമ്മള്‍ ചര്‍ച്ച ചെയ്തു, ആഘോഷിച്ചു. അതല്ലേ ശരിക്കും സംഭവിച്ചത്? അതിനപ്പുറത്തേക്ക് ഇപ്പോഴും മിതാലിയുടെ സൗന്ദര്യവും അവരുടെ മാരിറ്റല്‍ സ്റ്റാറ്റസുമൊക്കെ തന്നെയാണ് നമ്മുടെ പ്രിയ വിഷയം. ഒരു മാധ്യമം അവരെ കുറിച്ചെഴുതിയപ്പോള്‍ കൂടെ അവിവാഹിതയാണ് എന്നു കൂടി ചേര്‍ത്തിരുന്നു. എക്കാലത്തും ഒരു സ്ത്രീ എങ്ങനെയാണ് ഒരു പുരുഷനോട് റിലേറ്റഡ് ആകുന്നത് എന്നാണ് നമ്മള്‍ ചികയുന്നത്. ഇനി ഇതിലെ മറ്റൊരു പ്രധാന രാഷ്ട്രീയം എന്നെനിക്കു തോന്നിയത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പാക്കിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ ആ ക്ഷീണം മാറ്റാന്‍ വേണ്ടിയാണ് നമ്മള്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ ആഘോഷിച്ചത്. അതിനപ്പുറത്തേക്ക് ഈ ആഘോഷങ്ങളില്‍ ഞാന്‍ അത്ര വലിയ പ്രതീക്ഷകളൊന്നും കാണുന്നില്ല.’

ദീപ്തി എസ്.പിളള

‘കുറഞ്ഞപക്ഷം, ഇങ്ങനെയൊരു ടീം ഇവിടെയുണ്ടെന്നെങ്കിലും ആളുകള്‍ അറിഞ്ഞു തുടങ്ങിയെന്ന ആശ്വാസം ഉണ്ട്” സംസ്ഥാന വനിതാക്രിക്കറ്റിൽ ടീമിലും, എം.ജി സർവകലാശാലയുടെ ക്രിക്കറ്റ് ടീമിലും അംഗമായിരുന്ന ദീപ്തി എസ് പിളള​ പുതിയ മാറ്റത്തിൽ ആശ്വാസം കൊളളുന്നു.

“ആണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് ക്രിക്കറ്റ് എന്ന തെറ്റിദ്ധാരണമാറാന്‍ ഇതൊരു കാരണമായി എന്നാണ് തോന്നുന്നത്. ഞാനൊക്കെ മുമ്പ് വനിതാ ക്രിക്കറ്റ് ടീം ഉള്ള കോളേജുകള്‍ അന്വേഷിച്ച് നടന്നിട്ടുണ്ട്. അതിലെല്ലാം ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂട്ട്‌ലെവല്‍ കോച്ചിംഗിന്റെ പ്രാധാന്യം മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കണം. ആളുകള്‍ക്ക് അതിനെക്കുറിച്ച് അവബോധമില്ല. അതിനെല്ലാം അപ്പുറം, പെണ്‍കുട്ടികള്‍ക്ക് ബാറ്റും ബോളും എടുത്തു കൊടുത്ത് നീ പോയി കളിച്ചു പഠിക്ക് എന്നു പറയുന്ന മാതാപിതാക്കള്‍ ഉണ്ടാകട്ടെ. ലേഡി തെന്‍ഡുല്‍ക്കര്‍ എന്ന വിളിക്കു പകരം മിതാലി രാജ് എന്നു തന്നെ പറയാന്‍ ഈ മാറ്റം ഒരു തുടക്കമാകട്ടെ. അതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണവേണം. ഞങ്ങള്‍ക്കൊന്നും ഗ്രൗണ്ടില്‍ ഡ്രെസ്സിംഗ് റൂം പോലും ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളിലോ ഹോസ്റ്റല്‍ മുറികളിലോ പോയായിരുന്നു വസ്ത്രം മാറിയിരുന്നത്. ആറു തവണ സ്‌റ്റേറ്റ് ടീമിനുവേണ്ടി കളിച്ച ആളാണ് ഞാന്‍. അതിന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. ഇനി ടീമിലേക്ക് കൂടുതല്‍ മലയാളികള്‍ വരണം എന്നും ആഗ്രഹിക്കുന്നുണ്ട്. ഈ ഒരു മാറ്റത്തില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. നേരത്തേ ഇല്ലാത്ത തരത്തിലുള്ള പ്രോത്സാഹനം മാധ്യമങ്ങളും നവമാധ്യമങ്ങളും വനിതാ ക്രിക്കറ്റ് ടീമിന് നല്‍കിയിട്ടുണ്ട്. ഞാന്‍ വളരെ ശുഭപ്രതീക്ഷയോടെയാണ് ഇതിനെയെല്ലാം നോക്കിക്കാണുന്നത്.’ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ സംസ്ഥാന ടീമിനു വേണ്ടി ആറ് വർഷം കളിച്ച  ദീപ്തി എസ് പിള്ള പറയുന്നു.

ഷീബ ഇ.കെ

‘ചുണ്ടിനും കപ്പിനും ഇടയില്‍ വഴുതിപ്പോയ വിജയമായിരുന്നു നീലയുടുപ്പുകാരികളുടേത്. രാജ്യം അഭിമാനിച്ച, പെണ്‍മയെ അംഗീകരിച്ച നിമിഷം. നാല്‍ക്കാലികളുടെ അവകാശത്തേക്കാള്‍ സ്ത്രീത്വത്തിന് വിലയിടിയുന്നൊരു രാജ്യത്ത്, ആണ്‍കോയ്മയുടെ അടയാളപ്പെടുത്തലുകള്‍ മാത്രമുള്ളൊരു കളിക്ക് ഒരു പെണ്‍പോര്‍മുഖമുണ്ടെന്ന് ലോകത്തോടിനി അഭിമാനത്തോടെ വിളിച്ചു പറയാം.’ എഴുത്തുകാരി ഷീബ ഇ.കെ പ്രതീക്ഷയോടുകൂടിയാണ് ഈ പെണ്‍പടയെ നോക്കിക്കാണുന്നത്.

ചാമി ഹരികൃഷ്ണന്‍

 

‘ചെറുപ്പകാലത്ത് കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടത്തില്‍ തുടങ്ങുന്നു നമ്മുടെ നാട്ടിലെ ലിംഗ വിവേചനമെന്ന് ഇക്കണോമിക് ടൈംസ് സീനിയർഅസിസ്റ്റന്റ് എഡിറ്റർ ചാമി ഹരികൃഷ്ണൻ പറയുന്നു.

ആണ്‍കുട്ടികള്‍ക്ക് ബാറ്റും ബോളും, പെണ്‍കുട്ടികള്‍ക്ക് പാവക്കുട്ടികളോ അല്ലെങ്കില്‍ കിച്ചണ്‍ സെറ്റോ. ഇത്തരമൊരു നാട്ടിലാണ് പെണ്‍കുട്ടികള്‍ ബാറ്റെടുക്കുന്നതും കളിച്ച് ലോകകപ്പ് ഫൈനലില്‍ എത്തുന്നതും. നമ്മുടെ മൈതാനങ്ങളില്‍ തന്നെ നോക്കിയാല്‍ അറിയാം, എത്രയിടങ്ങളില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന കാഴ്ച കാണാന്‍ കഴിയും? ആണ്‍കുട്ടികളുടെ ഗെയിംസ് ആണ് ക്രിക്കറ്റ് എന്നാണ് സമൂഹം പറയാതെ പറഞ്ഞു വച്ചിരിക്കുന്നത്. പിന്നെ ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രശ്‌നങ്ങള്‍ വേറെയും. ഇവര്‍ക്ക് യാത്ര ചെയ്യാന്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ പോലും അനുവദിക്കുന്നില്ല. മറ്റൊരു പ്രധാന പ്രശ്‌നം അവര്‍ക്കു നല്‍കുന്ന ശമ്പളം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐപിഎല്‍ പോലൊരു ഗെയിം സംഘടിപ്പിക്കണം എന്ന് ഈ പെണ്‍കുട്ടികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ഇവരെ ആഘോഷിക്കുന്ന എത്ര പേര്‍ക്ക് അറിയാമായിരുന്നു ഇവിടെ ഇങ്ങനെയൊരു ടീം ഉണ്ടെന്ന്? ആ ടീമിന്റെ ക്യാപ്റ്റന്റെ പേരുപോലും നമുക്കൊന്നും അറിയില്ലായിരുന്നു.’ എക്കണോമിക് ടൈംസിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ചാമി ഹരികൃഷ്ണന്‍ തന്റെ ആശങ്കകള്‍ പങ്കവയ്ക്കുന്നു. ചാമിയുടെ ചോദ്യങ്ങളെ അങ്ങനെ തള്ളിക്കളയാനാകില്ല.

അനശ്വര കൊരട്ടിസ്വരൂപം

പുസ്തകക്കടയുടെ കണ്ടന്റ് എഡിറ്റര്‍ അനശ്വര കൊരട്ടിസ്വരൂപം പക്ഷെ ഈ മാറ്റങ്ങളെ ഒട്ടൊരു പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ‘ഇത്ര കാലവും പുരുഷന്റേതു മാത്രമായ ഒരിടത്തിലേക്ക് സ്ത്രീകള്‍ വരുന്ന എന്ന പ്രത്യേകതയാണ് എനിക്ക് പ്രതീക്ഷ നല്‍കുന്നത്. മുന്‍പൊന്നും കിട്ടാത്ത ഒരു സ്വീകാര്യത വനിതാ ക്രിക്കറ്റ് ടീമിന് ഇത്തവണ കിട്ടിയിട്ടുണ്ട്. കുറഞ്ഞപക്ഷം, നമുക്കിപ്പോള്‍ ആ ടീമിന്റെ ക്യാപ്റ്റന്റെ പേരെങ്കിലും അറിയാമല്ലോ. പക്ഷെ അതേസമയം വനിതാ ക്രിക്കറ്റ് ടീമിനോട് കാണിക്കുന്ന വിവേചനം കണ്ടില്ലെന്നു നടിക്കാനാകില്ല. സാധാരണ ക്രിക്കറ്റ് മാച്ചുകള്‍ നടക്കുമ്പോള്‍ ഓരോ ഓവറിനു ശേഷവും പരസ്യം കാണിക്കും. എന്നാല്‍ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ അതുണ്ടായില്ല. അതൊരു നല്ല പ്രവണതയായി തോന്നുന്നില്ല. ഒരുപാട് ശാരീരിക പരിമിതികളുടെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്ന നാട്ടില്‍, ആര്‍ത്തവത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, മറ്റ് രാജ്യത്തെ സ്ത്രീകളെ അപേക്ഷിച്ച് താരതമ്യേന ശാരീരികക്ഷമത കുറഞ്ഞവരാണ് നമ്മള്‍. ആ അവസ്ഥയില്‍ നിന്നും ഈ ടീം ഇത്രത്തോളം എത്തിയതില്‍ വളരെ അഭിമാനമുണ്ട്. പിന്നെ ഇവരെ ഇത്രയും പോപ്പുലര്‍ ആക്കിയതില്‍ സോഷ്യല്‍ മീഡിയയ്ക്കും ചെറുതല്ലാത്ത പങ്കുണ്ട്. മുന്‍പൊന്നും ഇല്ലാത്ത പിന്തുണയായിരുന്നു ടീമിന് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിക്കൊണ്ടിരുന്നത്. അതിനെ പോസിറ്റീവ് ആയി കാണുന്നു.’ അനശ്വര പറഞ്ഞു.

ഡോ.അശ്വതി സോമൻ

കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറും, കലാകാരിയുമായ ഡോക്ടര്‍ അശ്വതി സോമനും പ്രതീക്ഷയുണ്ട് ഈ ചുണക്കുട്ടികളില്‍. ‘ഇതൊരു ചെറിയ കാര്യമല്ല. കായികരംഗത്ത് പൊതുവെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്. ഇംഗ്ലണ്ടിനെ പോലൊരു ടീമിന് ലഭിക്കുന്ന പ്രതീക്ഷയൊന്നും നമ്മുടെ രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുന്നില്ല എന്നാണ് എന്റെ അറിവ്. മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നു പറയുമ്പോള്‍ പുരുഷ ടീമാണ് നമുക്ക്. ആ ഒരു മനോഭാവവും അവസ്ഥയും മാറേണ്ടിയിരിക്കുന്നു. കളിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നു നോക്കാതെ, ക്രിക്കറ്റ് എന്ന ഗെയിമിനായിരിക്കണം പ്രാധാന്യം. അതുകൊണ്ട് ഒരേ പ്രാധാന്യം നല്‍കണം. അതിന് മിതാലിയും സംഘവും ഒരു തുടക്കമാകട്ടെ’

ചെറുതല്ലാത്ത ആശങ്കകളും ഒപ്പം പ്രതീക്ഷകളും എല്ലാവര്‍ക്കുമുണ്ട്. മിതാലിയും സംഘവും മാറ്റങ്ങള്‍ക്കു തുടക്കമാകട്ടെ എന്ന പ്രത്യാശയിലാണ് കൂടുതല്‍പേരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook