കൊൽക്കത്ത: വലിയ നാണക്കേടില്‍ നിന്ന് കരകയറി ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 241 റൺസിൽ നിന്ന് 89 റൺസ് അകലെയാണ് ഇപ്പോഴും ബംഗ്ലാദേശ്.
ഇന്ത്യൻ പേസർമാർ ഒരിക്കൽ കൂടി കളം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശ് മുൻനിര ബാറ്റ്സ്മാന്മാർക്ക് ക്രീസിൽ നിലയുറപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഇഷാന്ത് ശർമയാണ് നാല് വിക്കറ്റുകളുമായി ഇന്ത്യൻ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വെറും 13 റൺസ് എടുക്കുന്നതിനിടെ ആദ്യ നാല് വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി. മുഷ്‌ഫിഖർ റഹീം നടത്തിയ ചെറുത്ത് നിൽപ്പ് (പുറത്താകാതെ 59 റൺസ്) ബംഗ്ലാദേശിനെ വൻ നാണക്കേടിൽ നിന്ന് കരകയറ്റിയിരിക്കുകയാണ്. 39 റൺസ് നേടിയ മഹമ്മദുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് റിട്ടേർട്ട് ഹർട്ട് എടുത്തു. ഇന്നിങ്സ് തോൽവി ഒഴിവാക്കുകയാണ് ഇപ്പോൾ ബംഗ്ലാദേശിന് മുന്നിലുള്ള ലക്ഷ്യം.
Also Read: ‘മത്സരത്തിനിടെ വാക്ക് തർക്കം, രോഹിത്തിന്റെ കാല് വാരി നിലത്തിട്ട് അടിക്കുന്ന കോഹ്‌ലി’
നേരത്തെ 241 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന നിൽക്കെ ഇന്ത്യൻ നായകൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
മൂന്ന് വിക്കറ്റിന് 174 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അതിവേഗം തന്നെ സ്കോറിങ്ങിൽ താളം കണ്ടെത്തി. 69 പന്തിൽ 51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. തയ്ജുൽ ഇസ്‌ലാമാണ് താരത്തെ പുറത്താക്കിയത്. രഹാനെ പുറത്തായതിന് പിന്നാലെ തകർപ്പൻ അടികൾക്ക് ക്രീസിലെത്തിയ ജഡേജയ്ക്ക് കാര്യമായി തിളങ്ങാൻ സാധിച്ചില്ല. 12 റൺസുമായി ജഡേജയും കളം വിട്ടു.
എന്നാൽ ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലി തകർത്തടിച്ച് സെഞ്ചുറിയും തികച്ചു. ടെസ്റ്റിലെ തന്റെ 27-ാം സെഞ്ചുറി തികച്ച താരം ഡേ-നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാവുകയും ചെയ്തു. 194 പന്തിൽ 18 ബൗണ്ടറികളടക്കം 136 റൺസാണ് കോഹ്‌ലി നേടിയത്. കോഹ്‌ലി പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ വാലറ്റം കൊഴിഞ്ഞുവീണു.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
ഒരു വശത്ത് വൃദ്ധിമാൻ സാഹ നിലയുറപ്പിച്ചപ്പോൾ അശ്വിൻ 9 റൺസിനും ഉമേഷ് യാദവും ഇഷാന്ത് ശർമയും രൺസൊന്നുമെടുക്കാതെയും പുറത്തായി. എന്നാൽ മുഹമ്മദ് ഷമി ഒരു സിക്സൊക്കെയടിച്ച് ഇന്ത്യയെ വീണ്ടും മുന്നോട്ട് നയിക്കുന്നതിനിടയിൽ കോഹ്‌ലി താരങ്ങളോട് മടങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. സാഹ 17ഉം ഷമി 10ഉം റൺസും നേടി.
ബംഗ്ലാദേശിന് വേണ്ടി അൽ അമീനും എബദത്ത് ഹൊസൈനും മൂന്ന് വിക്കറ്റ് വീതം നേടി. അബു ജെയ്ദ് രണ്ടു വിക്കറ്റും തയ്ജുൽ ഒരു വിക്കറ്റും നേടി.