ന്യൂഡല്‍ഹി: ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ബംഗ്ലാദേശ്. കരുത്തരായ ഇന്ത്യയെ ഏഴ് വിക്കറ്റിനു പരാജയപ്പെടുത്തി ബംഗ്ലാ വീര്യം. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച് ബംഗ്ലാദേശ് 1-0 ത്തിനു മുന്നിലെത്തി.
ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ട്വന്റി 20 വിജയമാണിത്. ട്വന്റി 20 യിൽ ഇരു ടീമുകളും തമ്മിൽ ഒൻപത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എട്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ബംഗ്ലാദേശിന്റെ കന്നി വിജയമാണിത്.
ഇന്ത്യ വച്ചുനീട്ടിയ 149 റൺസ് വിജയലക്ഷ്യം അനായാസമായി വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. മൂന്നു പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലാദേശിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ ആത്മവിശ്വാസത്തോടെ കളിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീമിന്റെ ഇന്നിങ്സ് കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. മുഷ്ഫിഖർ റഹീം 43 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി ടോപ് സ്‌കോററായി. സൗമ്യ സര്‍ക്കാര്‍ 39 റണ്‍സും മുഹമ്മദ് നയീം 26 റണ്‍സും നേടി.
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ നിറംമങ്ങിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 42 പന്തില്‍ നിന്നു 41 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്‍പതു റണ്‍സ് മാത്രം നേടിയ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഋഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22) ലോകേഷ് രാഹുല്‍ (15), ശിവം ദൂബെ (1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും (എട്ട് പന്തില്‍ 15) വാഷിങ്ടണ്‍ സുന്ദറും (അഞ്ച് പന്തില്‍ 14) പുറത്താകാതെ നടത്തിയ പ്രകടനമാണ് ഇന്ത്യയെ 148 റണ്‍സില്‍ എത്തിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ശിവം ദൂബെ അരങ്ങേറ്റ മത്സരം കളിച്ചു. നേരത്തെ താരത്തിന്റെ പരിശീലന വീഡിയോ ബിസിസിഐ പങ്കുവച്ചിരുന്നു. എന്നാൽ, അരങ്ങേറ്റ മത്സരത്തിൽ ദൂബെ നിരാശപ്പെടുത്തി. ഒരു റൺസ് മാത്രമാണ് താരത്തിന്റെ സംഭാവന. ഇതിഹാസ താരം യുവരാജ് സിങ്ങുമായാണ് ദൂബെയുടെ ബാറ്റിങ് ശൈലിയെ ഇപ്പോള്‍ തന്നെ ആരാധകര്‍ താരതമ്യം ചെയ്‌തത്.
A look at the Playing XI for #INDvBAN pic.twitter.com/Ln61FCuhyE
— BCCI (@BCCI) November 3, 2019
Read More: ഒരു മത്സരം, മൂന്ന് റെക്കോര്‍ഡുകള്‍; രോഹിത്തിന് ഇന്ന് പിന്നിലാക്കേണ്ടത് ധോണിയേയും കോഹ്‌ലിയേയും
വിൻഡീസിനെതിരെ അവരുടെ നാട്ടിൽ ടി20 പരമ്പര നേടിയ ഇന്ത്യ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെ ആധികാരിക ജയമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. നായകൻ വിരാട് കോഹ്‌ലി ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 2018 ഒക്ടോബർ മുതൽ ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലുമായി 48 മത്സരങ്ങളാണ് കോഹ്‌ലി കളിച്ചത്. ഇതോടെയാണ് താരത്തിന് വിശ്രമം അനുവദിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
വിലക്ക് നേരിടുന്ന ഷാക്കിബ് അൽ ഹസന് പകരം ബംഗ്ലാദേശിനും പുതിയ നായകനാണ്. ബംഗ്ലാദേശിനെ മഹ്മദുള്ളയുമാണ് നയിക്കുന്നത്. ഷാക്കിബിന്റെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയാണ്. അഴിമതി വിരുദ്ധ നിയമത്തിലെ മൂന്ന് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഷാക്കിബിനെതിരെയുള്ള നടപടി. രണ്ടു വര്‍ഷത്തേക്കു വിലക്കാനാണ് ഐസിസി തീരുമാനിച്ചതെങ്കിലും താരം കുറ്റസമ്മതം നടത്തിയതിനാല്‍ നടപടി ഒരു വര്‍ഷത്തേക്ക് ചുരുക്കി.