ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പരാജയപ്പെട്ട് പുറത്ത് പോയത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ കലാശ പോരാട്ടം ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലാണെങ്കിലും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ട്. 90,000-ത്തിലധികം കാണികള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ – ഇംഗ്ലണ്ട് മത്സരം നടക്കുന്നതിന് മുമ്പ് ഇന്ത്യന്‍ വംശജയായ 13 വയസ്സുള്ള ജാനകി ഈശ്വര്‍ ഓസ്ട്രേലിയന്‍ റോക്ക് ബാന്‍ഡ് ഐസ്ഹൗസിനൊപ്പം ഗാനം ആലപിക്കുന്നുവെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നിമിഷം.
കോഴിക്കോട് സ്വദേശികളായ അനൂപ് ദിവാകരനും ദിവ്യ രവീന്ദ്രനുമാണ് ജാനകിയുടെ മാതാപിതാക്കൾ. കഴിഞ്ഞ 15 വര്‍ഷമായി ഓസ്ട്രേലിയയിലാണ് കുടുംബം താമസിക്കുന്നത്. പ്രമുഖ സംഗീത റിയാലിറ്റി ഷോയായ ‘ദി വോയ്സ്’ ഓസ്ട്രേലിയയിലെ എക്കാലത്തെയും പ്രായം കുറഞ്ഞ അംഗമാണ് ജാനകി ഈശ്വര്‍. ലോകപ്രശസ്തമായ ഈ റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയിരുന്നു ഈ മലയാളി ഗായിക. മെല്‍ബണില്‍ തന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ജാനകി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
”ഒരു വലിയ എംസിജി ജനക്കൂട്ടത്തിന് മുന്നില്‍ ഗാനം ആലപിക്കാന്‍ കഴിയുന്നതും ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കാണുന്നതുമായ പരിപാടിയില്‍ പങ്കെടുക്കുന്നത് അവിശ്വസനീയമായ അനുഭവമായിരിക്കും. എന്റെ മാതാപിതാക്കള്‍ കടുത്ത ക്രിക്കറ്റ് ആരാധകരാണ്. അവരിലൂടെയാണ് ഈ അവസരത്തെ കുറച്ച് ഞാന്‍ അറിഞ്ഞത്. ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു എന്നാണ് കേട്ടത്. ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നു” ജാനകി പറഞ്ഞു.
തന്റെ ടെലിവിഷന്‍ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍, ഇന്ത്യ ഫാഷന്‍ വീക്ക് ഓസ്ട്രേലിയ തുടങ്ങിയ വിവിധ പരിപാടികളില്‍ ജാനകി പങ്കെടുത്തിട്ടുണ്ട്. ആലാപനത്തിന് പുറമെ ദ വോയ്സ് ഓസ്ട്രേലിയ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് ജാനകിയുടെ പരമ്പരാഗത ദക്ഷിണേന്ത്യന്‍ വസ്ത്രമായിരുന്നു.
‘ദേശീയ ടെലിവിഷനില്‍ ഞാന്‍ എന്റെ സംസ്‌കാരത്തെ പ്രതിനിധീകരിച്ച രീതിയും ലോകകപ്പ് ഫൈനലിലെ പ്രകടനം മള്‍ട്ടി കള്‍ച്ചറല്‍ ഓസ്ട്രേലിയയുടെ മികച്ച പ്രാതിനിധ്യമാകാന്‍ സഹായിച്ചതായി ഞാന്‍ വിശ്വസിക്കുന്നു,” സിംബാബ്‌വെയിൽ ജനിച്ച ഓസ്ട്രേലിയൻ ഗായിക തൻഡോ സിക്‌വിലയ്ക്കൊപ്പം ‘വീ ക്യാന്‍ ഗെറ്റ് ടുഗെദര്‍’ എന്ന ഗാനം അവതരിപ്പിക്കുന്നുണ്ടെന്ന് ജാനകി പറഞ്ഞു. ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്.
സംഗീതജ്ഞരുടെ കുടുംബത്തില്‍ നിന്ന് വന്ന ജാനകി ആറാം വയസ്സില്‍ കര്‍ണാടക സംഗീതത്തിലേക്ക് എത്തിയത്. ”എന്റെ അച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും നന്നായി പാടും. അച്ഛന്റെ ഇളയ സഹോദരന്‍ അരുണ്‍ ഗോപന്‍ ഒരു പ്രൊഫഷണല്‍ ഗായകനാണ്. അച്ഛന്റെ അമ്മാവന്‍ കെ വി ശിവദാസ് ഗായകനും സംഗീതസംവിധായകനും സംഗീത അധ്യാപകനുമാണ്. എന്റെ അമ്മയും ഒരു വലിയ സംഗീത പ്രേമിയാണ്, കുട്ടിക്കാലത്ത് ഞാന്‍ എപ്പോഴും അമ്മയുടെ പാട്ട് കേട്ട് ഉറങ്ങും, അതുകൊണ്ട് എന്റെ ജീവിതത്തിലും സംഗീതം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചത് സ്വാഭാവികമാണ്” ജാനകി പറഞ്ഞു.
പ്രശസ്ത സംഗീതജ്ഞയുമായ ശോഭ ശേഖര്‍ സ്ഥാപിച്ച കലാകൃതി സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നാണ് ജാനകി കര്‍ണാടക സംഗീതം പഠിക്കുന്നത്. ”ക്ലാസിക്കല്‍ സംഗീതം കൂടുതല്‍ സങ്കീര്‍ണ്ണവും മാസ്റ്റര്‍ ചെയ്യാന്‍ വളരെയധികം പരിശീലനം ആവശ്യമുള്ളതുമായ ഒന്നായി ഞാന്‍ കാണുന്നു. ശോഭ ആന്റി ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകളില്‍ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു, ഒരു ക്ലാസിക്കല്‍ കലാരൂപം പഠിപ്പിക്കുമ്പോള്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നും പ്രായ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ എങ്ങനെ സമീപിക്കണമെന്ന് അവര്‍ മനസ്സിലാക്കുന്നു,’ ജാനകി പറഞ്ഞു.
ദി വോയ്സ് എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന്‍ റൗണ്ടിലാണ് അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ ലൗവ്‌ലി എന്ന ഗാനം ആലപിച്ച് ജാനകി സംഗീതപ്രേമികളെ അമ്പരപ്പിച്ചത്. ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി.