ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതു തലമുറ സൃഷ്ടിക്കുന്ന ഓളങ്ങള്‍ തുടരുന്നു. ഒരു രാത്രി തന്നെ അണ്ടര്‍ 20യിലും അണ്ടര്‍ 16യിലും വമ്പന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ യുവനിര ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. ഇന്നലെ രാത്രി ആവേശത്തിര വീണ്ടും ഉയര്‍ത്തി ഇന്ത്യ വീണ്ടും കൈയ്യടി നേടുകയാണ്. യെമനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ കൗമാരപ്പട ആവേശമായി മാറിയത്.

ഡ16 വാഫ് ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി ഹര്‍പ്രീത് സിങ്, റിഡ്ജ് ദെമല്ലോ, രോഹിത് ദാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. യെമനെ ഒന്നു പൊരുതാന്‍ പോലും വിടാതെയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തകര്‍ത്തു വിട്ടത്. ടൂര്‍ണമെന്റിലാകെ ഒരു മത്സരം മാത്രമാണ് ഇന്ത്യ തോറ്റതെന്നതും ശ്രദ്ധേയമാണ്. അതും കരുത്തരായ ജപ്പാനെതിരെയായിരുന്നു. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്ന ടീമായിരുന്നു യെമന്‍ എന്നത് ഇന്ത്യയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

മുപ്പത്തിയെട്ടാം മിനിറ്റില്‍ ഗിവ്‌സണ്‍ സിങ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഹര്‍പ്രീത് സിങ് ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ ദെമല്ലോ ഇന്ത്യക്കു വേണ്ടി രണ്ടാമത്തെ ഗോള്‍ നേടി. രണ്ടു മിനിറ്റിനകം തന്നെ ഇന്ത്യയുടെ മൂന്നാം ഗോളും പിറന്നു. പിന്നീട് തിരിച്ചു വരാന്‍ യെമന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ പ്രതിരോധത്തില്‍ തട്ടി വീഴുകയായിരുന്നു. സമ്പൂര്‍ണ്ണ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.

കഴിഞ്ഞ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ ഒരു ഗോളിനു തോല്‍പിച്ചതിനു ശേഷമാണ് യെമനെതിരെയും ഇന്ത്യ വിജയം നേടിയത്. ജയിച്ച മൂന്നു മത്സരങ്ങളിലും ഇന്ത്യ ഗോള്‍ വഴങ്ങിയിട്ടില്ലെന്നതും ടീമിന്റെ ശ്രദ്ധേയമായ നേട്ടമാണ്. കരുത്തരായ അര്‍ജന്റീനയെയാണ് അണ്ടര്‍ 20 ടീം പരാജയപ്പെടുത്തിയത്. കോട്ടിഫ് ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook