രോഹിത് ശര്‍മയെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കുന്നതുകൊണ്ട് കുഴപ്പങ്ങളില്ല എന്ന് ഇതിഹാസ താരം മുഹമ്മദ് അസറുദീന്‍. നിലവില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരന് രോഹിത്താണെന്നും അസറൂദീന് പറഞ്ഞു.
വിരാട് കോഹ്ലി അപ്രതീക്ഷിതമായി ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം. ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്തിനെ ട്വന്റി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചിരുന്നു.
അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി രോഹിതിനെ നിയമിക്കണമെന്നാണ് അസറുദീന്‍ പറയുന്നത്. ഇന്ത്യ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. “അയാളാണ് നിങ്ങളുടെ നമ്പര്‍ വണ്‍ താരമെങ്കില്‍ പിന്നെ എന്താണ് കുഴപ്പം,” അസറുദീന്‍ ചോദിച്ചു.
“രോഹിത് ശര്‍മ ഒരു നല്ല താരമാണ്, അദ്ദേഹത്തിന് മികച്ച ക്യാപ്റ്റനാകാനും കഴിയും. അടുത്ത രണ്ട്, മൂന്ന് വര്‍ഷത്തേക്ക് അയാള്‍ക്ക് കളിക്കാന്‍ കഴിയും. ചിലപ്പോള്‍ അതില്‍ കൂടുതല്‍ കളിക്കാനായേക്കും. പക്ഷെ അദ്ദേഹത്തിന് ആവര്‍ത്തിച്ച് വരുന്ന പരിക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്,” അസറുദീന്‍ കൂട്ടിച്ചേര്‍ത്തു.
“ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രോഹിതിന്റെ അഭാവം തിരിച്ചടിയാകും. രോഹിത് ഒരു ആക്രമണ ശൈലിയുള്ള ബാറ്ററാണ്. താരമില്ലാത്തത് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്കുന്നു. എന്റെ പരിചയസമ്പത്ത് വച്ച് പറയുകയാണെങ്കില്‍ അടുത്ത നായകനായി എത്തേണ്ടത് രോഹിത് തന്നെയാണ്,” മുന്‍താരം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെയാണ് തുടക്കമാകുന്നുത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ. എല്‍. രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക.
Also Read: എന്റെ സൂപ്പർ ഹീറോ, നിങ്ങളെന്നും എന്റെ ക്യാപ്റ്റനായിരിക്കും; കോഹ്ലിയോട് സിറാജ്