തിരുവന്തപുരം: വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിന് മുന്നോടിയായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍. ഇന്നുച്ചയോടെയാണ് ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തിയത്.

സംഘത്തെ നയിച്ച ശാസ്ത്രിയ്‌ക്കൊപ്പം ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ഉമേഷ് യാദവ് തുടങ്ങിയ താരങ്ങളും മറ്റ് സ്റ്റാഫുമുണ്ടായിരുന്നു. താരങ്ങളെ കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനുമായി ആരാധകരുടെ വന്‍ തിരക്കായിരുന്നു ക്ഷേത്രത്തിന് മുന്നില്‍ അനുഭവപ്പെട്ടത്.

കേരളത്തെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച കോഹ്ലി, സമയമനുവദിക്കുമ്പോള്‍ മറ്റുള്ളവരും കേരളത്തിലെത്തണമെന്നും ഈ നാടിന്റെ സൗന്ദര്യവും ഊര്‍ജസ്വലതയും അനുഭവിക്കണമെന്നും പറഞ്ഞു. ഒപ്പം, പ്രളയം വിതച്ച നാശത്തില്‍ നിന്നും കേരളം കരകയറിയെന്നും കോഹ്ലി പറഞ്ഞു.

Read More: കേരളത്തിന്റെ സൗന്ദര്യം അനുഭവിച്ചറിയേണ്ടത്; പ്രശംസയുമായി കോഹ്‌ലി

കോവളത്തെ ‘ലീല രവീസി’ലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ താമസിക്കുന്നത്. ഇവിടെ എഴുതിനല്‍കിയ കുറിപ്പിലാണ് കോഹ്ലി കേരളത്തെ പുകഴ്ത്തിയത്.

‘കേരളത്തിലെത്തുക എന്നാല്‍ ആനന്ദത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. ഇവിടെ വരുന്നതും ഈ സ്ഥലത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജവുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. കേരളത്തിന്റെ സൗന്ദര്യം എന്നത് അനുഭവിച്ചറിയേണ്ടതു തന്നെയാണ്. എല്ലാവരോടും ഇവിടെ വരണമെന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊര്‍ജം എന്തെന്ന് അനുഭവിച്ചറിയണമെന്നുമാണ് എനിക്ക് പറയാനുള്ളത്. പ്രളയത്തിനു ശേഷം കേരളം മുഴുവനായും അതിജീവിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ വരുന്നതില്‍ യാതൊരു സുരക്ഷാ പ്രശ്നവുമില്ല. ഓരോ തവണ ഇവിടെയെത്തുമ്പോളും എന്നെ ഇത്രയധികം സന്തോഷവാനാക്കുന്നതിന് ഈ മനോഹരമായ സ്ഥലത്തോട് നന്ദി പറയുന്നു,’ കോഹ്ലി കുറിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ